പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതില്‍ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോള്‍ സ്വയം പാചകംചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു. മാസത്തില്‍ പലതവണ മള്‍ട്ടിപ്ലക്‌സ് സന്ദര്‍ശിച്ചിരുന്ന മേഘനയാകട്ടെ വെബ്‌സീരീസില്‍ മുഖംപൂഴ്ത്തിയിരിക്കുന്നു. 

ഡിജിറ്റല്‍ പണമിടപാടിനെ പരിഹസിച്ചിരുന്ന മുതിര്‍ന്ന പൗരന്മാര്‍ പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് കാഷ് ബാക്കുകളും വിലക്കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളുടെ ചെലവിടല്‍ ശീലത്തില്‍ കോവിഡ് കൊണ്ടുവന്നത് ചെറിയ മാറ്റമല്ല. 

ജീവിതരീതിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനും കോവിഡ് പ്രേരിപ്പിച്ചു. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലുള്ള ഉപഭോക്താക്കളുടെ ചെലവിടല്‍ ശീലങ്ങളിലെമാറ്റം അതിന്റെ പ്രതിഫലനമാണ്. 2019ലെ ഇതേ കാലയളവിലെ ചെലവിടല്‍ ശീലങ്ങളുമായി താരതമ്യംചെയ്താല്‍ അത് വ്യക്തമാകും.

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലിന്റെ ബാക്കിപത്രമെന്നോണം ഏപ്രില്‍-മെയ് മാസങ്ങളില്‍ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം കുറച്ചു. പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. അസംഘടിതമേഖലയിലും തൊഴില്‍ കാര്യമായി ഇല്ലാതായി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 23.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

ടിസിഎസ് പോലുള്ള കമ്പനികള്‍ ഒക്ടോബറില്‍ ശമ്പളവര്‍ധന നല്‍കാന്‍ മുന്നോട്ടുവന്നെങ്കിലും പകര്‍ച്ചവ്യാധി രൂക്ഷമായി തുടരുകയും സമ്പദ് വ്യവസ്ഥ 10ശതമാനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരുമാനത്തിന്റെകാര്യത്തില്‍ ഇപ്പോഴും സ്ഥിരതയുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2019ല്‍ ഇന്ത്യക്കാരന്‍ ശരാശരി 85,199 രൂപയാണ് ചെലവഴിച്ചത്. 2015 മുതല്‍ 10.3ശതമാനവും 2005 മുതല്‍ 12.1ശതമാനവും ഉപഭോഗത്തില്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോഗത്തെക്കുറിച്ചുള്ള പട്ടികയില്‍ പറയുന്നു. 

വരുമാനത്തിലെ ഇടിവ് കുടുംബങ്ങളെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു. അവശ്യവസ്തുക്കള്‍ക്കുമാത്രമായി ചെലവിടല്‍ശീലം പരിമിതപ്പെടുത്തി. 2019നെ അപേക്ഷിച്ച് ഉപഭോഗത്തില്‍ 40ശതമാനമാണ് കുറവുണ്ടായത്. 

എസ്ബിഐയുടെ 2020 ഡാറ്റബുക്ക് എഡിഷനില്‍ ഇന്ത്യാഡാറ്റഹബ്‌ഡോട്ട്‌കോമിന്റെ സഹസ്ഥാപകനായ അശുതോഷ് ഡാറ്റാറാണ് ഈവിവരങ്ങള്‍ എടുത്തുകാണിച്ചിട്ടുള്ളത്. 

graph
Consumer spending pattern of Indians as of March 2019

ഗാര്‍ഹിക ചെലവുകള്‍
അടച്ചിടല്‍ ദീര്‍ഘകാലം നീണ്ടുനിന്നതിനാല്‍ കുടുംബങ്ങള്‍ ചെലവുചുരുക്കലിലേയ്ക്ക് കടന്നു. വീട്ടുപകരണങ്ങള്‍ക്കായി ചെലവഴിച്ചതുകയില്‍ 2019നെ അപേക്ഷിച്ച് 31ശതമാനമാണ് കുറവുണ്ടായത്. ലോക് ഡൗണിനെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുണ്ടായതും അവശ്യവസ്തുക്കള്‍മാത്രം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. 

അതേസമയം, മെയ്, ജൂണ്‍ മാസങ്ങളില്‍ ഗാര്‍ഹിക ചെലവുകളില്‍ വര്‍ധന പ്രകടമായി. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതകുറയുമെന്ന ഭീതിയില്‍ കൂടുതലായി വാങ്ങിശേഖരിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണമായത്. 

അത്യാവശ്യമില്ലാത്ത ചെലവുകള്‍
വിനോദം, യാത്ര, ഷോപ്പിങ് എന്നിവയ്ക്കായി ചെലവുചെയ്യുന്നതില്‍ കാര്യമായി കുറവുണ്ടായി. ഭക്ഷണ പ്രിയരാണ് വന്‍തോതില്‍ കളംവിട്ടത്. 2019 മാര്‍ച്ചിനെ അപേക്ഷിച്ച് 2020 മാര്‍ച്ചില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ 47ശതമാനമാണ് ഇടിവുണ്ടായത്. ഏപ്രിലില്‍ 89ശതമാനവും മെയില്‍ 81ശതമാനവും ജൂണില്‍ 83ശതമാനവും കുറവുണ്ടായി. 

വിനോദമേഖല പാടെ തകര്‍ന്നു. തിയേറ്ററുകള്‍ അടച്ചത് ഈ മേഖലയിലെ വ്യവസായത്തെ കാര്യമായി ബാധിച്ചു. മാര്‍ച്ചില്‍ 46ശതമാനമാണ് കുറവുണ്ടായത്. ഏപ്രിലില്‍ 70ശതമാനവും മെയില്‍ 66ശതമാനവും ജൂണില്‍ 61ശതമാനവും ഇടിവുണ്ടായി. വിനോദം വീടുകളിലേയ്ക്കു ചുരുങ്ങി. ഏറെപേര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഓണ്‍ലൈന്‍ ഗെയിമുകളിലും ആനന്ദംകണ്ടെത്തി.

ഷോപ്പിങ് 
മാര്‍ച്ചില്‍ കനത്ത ഇടിവുണ്ടായ ഷോപ്പിങ് മേഖലയില്‍ ജൂണായപ്പോഴേയ്ക്കും നേരിയ ഉണര്‍വ് പ്രകടമായി. ഏപ്രിലില്‍ 87ശതമാനത്തോളമുണ്ടായ കുറവ് ജൂണായപ്പോഴേയ്ക്കും 37 ശതമാനത്തിലെത്തി. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പടെയുള്ളവയുടെ മുന്നേറ്റമാണ് ഇതിനുകാരണമായത്. എന്നിരുന്നാലും അത്യാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതില്‍നിന്ന് പൊതുജനം പിന്‍വാങ്ങി. 

വാടക, പ്രതിമാസ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിങ്ങനെയുള്ള സ്ഥിര ചെലവുകളിലും ഇടിവുണ്ടായി.  സ്ഥിര ചെലവുകളില്‍ മാര്‍ച്ചില്‍ ആറുശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്ത് ജൂണായപ്പോള്‍ 11ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ഉപഭോക്താക്കളുടെ ശീലത്തില്‍ കോവിഡ് ഇതിനുമുമ്പൊന്നുമില്ലാത്തരത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടാക്കിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സമ്പാദ്യശീലത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ പലരും തയ്യാറായി. കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുരക്ഷിതത്ത്വത്തിന് ഭൂരിഭാഗംപേരും മുന്‍ഗണന നല്‍കി. കയ്യില്‍ സൂക്ഷിക്കുന്ന പണത്തിന്റെ അളവുകൂടി. ഓരോരൂപ ചെലവഴിക്കുമ്പോഴും രണ്ടാമതൊന്നാലോചിക്കാനുള്ള പ്രേരണ പലര്‍ക്കുമുണ്ടായി. 

feedbacks to:
antonycdavis@gmail.com

ഈ കോളത്തില്‍ പലപ്പോഴും പരാമര്‍ശിക്കാറുള്ള എമര്‍ജന്‍സി ഫണ്ടിന്റെ അനിവാര്യത പ്രായോഗിക ജീവിതത്തില്‍ ബോധ്യപ്പെട്ടകാലംകൂടിയാണിത്. യഥാസമയം എമര്‍ജന്‍സി ഫണ്ട് കരുതയിവര്‍ ഈ സാഹചര്യം സുഗമമായി തരണംചെയ്തു.