ഗൂഗിളില്‍ ഈയിടെയായി ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന വാക്കാണ് എസ്‌ഐപി. എസ്‌ഐപിയെക്കുറിച്ച് അത്രയധികം അറിയില്ലെങ്കിലും നിക്ഷേപം നടത്തുന്നവരാകാം നിങ്ങള്‍. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമ്പത്ത് സ്വരുക്കൂട്ടാന്‍ യോജിച്ച മാര്‍ഗ്ഗമാണ് എസ്‌ഐപി എന്നകാര്യത്തില്‍ സംശയമില്ല. എസ്‌ഐപിയെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാം.

എന്താണ് എസ്‌ഐപി?
മ്യൂച്വല്‍ ഫണ്ട് പദ്ധതിയില്‍ നിശ്ചിത കാലയളവില്‍ ചിട്ടയായി നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് എസ്‌ഐപി എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. 

എന്തുകൊണ്ട് എസ്‌ഐപി?
ഒന്ന്; നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം അതുകൊണ്ടുവരും. രണ്ട്; ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് ആകുലരാകാതെ നിക്ഷേപിക്കാം. ഉദാഹരണത്തിന്, മാസംതോറും നിശ്ചിത തുക നിങ്ങള്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നിക്ഷേപിക്കുന്നത് നിങ്ങള്‍ നീട്ടിവെച്ചേക്കാം. വിപണി താഴുമെന്ന് കരുതിയാണിത് ചെയ്യുന്നത്. എന്നാല്‍ എസ്‌ഐപി ഇതിന് വിരമാമിടുന്നു. നിങ്ങളുടെ ഭാഗത്തുനിന്ന് എഫര്‍ട്ട് ഇല്ലാതെതന്നെ നിശ്ചിതകാലയളവില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിച്ചുകൊണ്ടേയിരിക്കും.

എസ്‌ഐപികൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാം?
വിവിധ വിപണി സൈക്കിളുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് റുപ്പി കോസ്റ്റ് ആവറേജിങ് നടക്കുന്നു. ഫണ്ട് വില ഓരോദിവസവും ചാഞ്ചാടിക്കൊണ്ടിരിക്കും. എല്ലാ മാസവും നിശ്ചിത തുകയാണ് നിക്ഷേപിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോല്‍ കൂടുതല്‍ യൂണിറ്റും കൂടുതലായിരിക്കുമ്പോള്‍ കുറവ് യൂണിറ്റുമാണ് ലഭിക്കുക. അതുകൊണ്ട് ശരാശരി വാങ്ങിയ വില കുറയുകയും അതോടൊപ്പം നേട്ടം കൂടുകയും ചെയ്യു. 

ദീര്‍ഘകാലംകൊണ്ട് കൂട്ടുപലിശ സൃഷ്ടിക്കുന്ന മാജിക്കാണ് മറ്റൊരുനേട്ടം. ചെറിയതുക ദീര്‍ഘകാലം നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ച് പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുശേഷമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇത് ഉപകരിക്കും. 

എസ്‌ഐപി തുടങ്ങാന്‍ എത രൂപവേണം?
ഏറ്റവും കുറഞ്ഞത് 500 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ്‌ഐപി തുടങ്ങാം.

എസ്‌ഐപിയില്‍ മാറ്റംവരുത്താന്‍ കഴിയുമോ?
കഴിയും. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും പോപ്പുലറായ രീതി. എന്നാല്‍, രണ്ടാഴ്ച കൂടുമ്പോഴോ, രണ്ട് മാസംകൂടുമ്പോഴോ നിക്ഷേപം നടത്താന്‍ എസ്‌ഐപി വഴി കഴിയും.

നിശ്ചിത ഇടവേളകളില്‍ എസ്‌ഐപി നിക്ഷേപ തുകയില്‍ മാറ്റംവരുത്താനും കഴിയും. വിപണി താഴ്ന്ന നിലവാരത്തിലാണെങ്കില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് 'അലര്‍ട്ട് എസ്‌ഐപി'യുമുണ്ട്. എസ്എംഎസ് വഴിയാണ് നിക്ഷേപകനെ ഇക്കാര്യം അറിയിക്കുക.

പെര്‍പെച്വല്‍ എസ്‌ഐപിയിലാണെങ്കില്‍ നിക്ഷേപം നിര്‍ത്തേണ്ട തിയതി നല്‍കുകയില്ല. നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാകുമ്പോഴോ അല്ലെങ്കില്‍ മറ്റുകാരണങ്ങളാലോ എസ്‌ഐപി നിര്‍ത്തണമെങ്കില്‍ ഫണ്ട് ഹൗസിന് അപേക്ഷ കൊടുത്താല്‍ മതിയാകും.

feedbacks to: antonycdavis@gmail.com