പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ഒരു വര്‍ഷത്തോളമായി തുടരുന്ന നിരക്ക് വര്‍ധന തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നിക്ഷേപ പലിശ കുറയുമോ? ബാങ്ക് നിക്ഷേപകരില്‍ ഏറെപ്പേരും പ്രകടിപ്പിച്ച ആശങ്കയാണിത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ജൂണിലെ പണ വായ്പാ നയ യോഗത്തിലും നിരക്ക് വര്‍ധനവില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നേക്കാം.
നിക്ഷേപ പലിശ കുറയുമോ?
നിരക്ക് വര്‍ധനവില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നാലും പലിശ നിരക്ക് കൂടാനാണ് സാധ്യതയെന്ന് ബാങ്കിങ് വിഗദ്ധര്‍ പറയുന്നു. എസ്ബിഐ ഉള്‍പ്പടെയുളള ബാങ്കുകളുടെ മേധാവികള്‍ ഇതേക്കുറിച്ച് സൂചന നല്‍കിക്കഴിഞ്ഞു.
ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞിരിക്കുന്നതിനാല്‍ വായ്പാ ആവശ്യം നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തുകയെന്നതാണ് ഒരുമാര്‍ഗം. നിലവിലെ റിപ്പോ ഉയര്‍ന്ന നിരക്കിലായതിനാല്‍ പലിശ വര്‍ധനവ് നേരിയതോതിലെ പ്രതീക്ഷിക്കാന്‍ കഴിയു എന്നും വിലയിരുത്തലുണ്ട്.
ബാങ്കിങ് സംവിധാനത്തില്‍നിന്ന് അധിക പണം നീക്കംചെയ്യാന്‍ ആര്‍ബിഐ നടപടികളെടുത്തപ്പോഴാണ് ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. വായ്പാ ആവശ്യത്തിന് അനുസരിച്ച് നിക്ഷേപ വരവ് ഉണ്ടാകാതിരുന്നതും പലിശ വര്‍ധനവിന് കാരണമായി.
വായ്പാ-നിക്ഷേപ അനുപാതം
വായ്പാ ഡിമാന്റ് 16 ശതമാനം കൂടിയപ്പോള്‍ നിക്ഷേപ വളര്‍ച്ച 10.2ശതമാനത്തിലൊതുങ്ങുകയും ചെയ്തു. വായ്പാ-നിക്ഷേപ അനുപാതം(ഏപ്രില്‍ 21ന്)രണ്ടാഴ്ചയ്ക്ക് മുമ്പുള്ള 75ശതമാനത്തില്‍നിന്ന് 75.7ശതമാനമായി. 15 ശതമാനം വായ്പാ വളര്‍ച്ചയ്ക്ക് 12 ശതമാനമെങ്കിലും നിക്ഷേപ വര്‍ധന ആവശ്യമാണെന്നാണ് വിലയിരുത്തല്‍.
പണം കൂടുതല്‍ ആവശ്യമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇനിയും പലിശ വര്‍ധന പ്രഖ്യാപിച്ചേക്കാം. കറന്റ്, സേവിങ്‌സ് അക്കൗണ്ടുകളാണ് ധനസ്ഥിതി വര്‍ധിപ്പിക്കുകയെങ്കിലും നിക്ഷേപ പലിശയുമായുള്ള ഇവയുടെ ആദായത്തിലെ അന്തരം സ്ഥിര നിക്ഷേപത്തിന് മുന്‍ഗണന നല്‍കാന്‍ ഇടയാക്കേയിക്കും.
വായ്പാ ഡിമാന്‍ഡ് സ്ഥിരതയാര്‍ജിച്ചതോടെ വന്‍കിട നിക്ഷേപത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഓപ് ഡെപ്പോസിറ്റുകളിലൂടെയും പണം സ്വരൂപിക്കാന്‍ ബാങ്കുകള്‍ തയ്യാറായേക്കും. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് റിപ്പോ നിരക്ക് എത്തിയെങ്കിലും നിക്ഷേപ പലിശ അതിന് സമാനമായിട്ടില്ലെന്നതാണ് വാസ്തവം. നിലവില്‍ 20 ബേസിസ് പോയന്റിന്റെ കുറവാണുള്ളത്.
Content Highlights: Repo may not increase further: Will deposit interest come down?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..