Photo: Gettyimages
തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നു. 93 ദിവസത്തിനുള്ളില്‍ 1.40 ശതമാനം വര്‍ധന. ഇതോടെ കോവിഡിനുമുമ്പുള്ള 5.40ശതമാനത്തിലേയ്ക്ക് നിരക്ക് എത്തി.
ബാങ്കുകളാകട്ടെ നിരവധി തവണ ഇതിനകം വായ്പാ പലിശയും കൂട്ടി. എന്നാല്‍ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശയില്‍ ആനുപാതികമായി വര്‍ധനവരുത്താന്‍ തയ്യാറായിട്ടില്ല.
പണപ്പെരുപ്പം ഉയര്‍ന്നുതന്നെ തുടര്‍ന്നാല്‍ വരുംപാദങ്ങളിലും നിരക്ക് വര്‍ധനയുമായി ആര്‍ബിഐയ്ക്ക് മുന്നോട്ടുപോകേണ്ടിവരും. അരശതമാനം മുതല്‍ ഒരുശതമാനം വരെ ഇനിയും വര്‍ധന പ്രതീക്ഷിക്കാമെന്നു ചുരുക്കം.
റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നപ്പോള് നല്‍കിയിരുന്ന നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധനവൊന്നും ഇനിയും ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൈമാറിയിട്ടില്ല. റിപ്പോ നാല് ശതമാനമായിരുന്നപ്പോള് അഞ്ചുവര്‍ഷക്കാലയളവിലെ എസ്ബിഐയുടെ പലിശ 5.5ശതമാനമായിരുന്നു.
ബാങ്കിങ് സംവിധാനത്തില്‍ ആവശ്യത്തില്‍കൂടുതല്‍ പണമുള്ളതിനാലാണ് നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ താല്പര്യം പ്രകടിപ്പിക്കാത്തത്. നിക്ഷേപ പലിശ അതേപടി നിലനിര്‍ത്തുകയോ നാമമാത്ര വര്ധനവരുത്തുകയോ ചെയ്യുന്നത് അതുകൊണ്ടാണ്.
സ്ഥിര നിക്ഷേപ പലിശ 6.5ശതമാനത്തില്‍നിന്ന് എട്ട് ആയാല്‍ ഒരു ലക്ഷം രൂപയുടെ അഞ്ചു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തില്‍നിന്ന് പലിശയിനത്തില്‍ 10,553 രൂപ അധികം ലഭിക്കും.
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നിന്നിട്ടും നിക്ഷേപകന് ലഭിക്കുന്ന യഥാര്‍ഥ ആദായം നെഗറ്റീവ് നിരക്കില്‍തന്നെ തുടരുകയാണ്. നിലവിലെ ശരാശരി പലിശയായ 5.5ശതമാനവും ഏഴുശതമാനം വിലക്കയറ്റവും താരതമ്യംചെയ്യുമ്പോള്‍ ബാങ്ക് നിക്ഷേപം അനാകര്‍ഷകമാകുന്നു.
എട്ടു ശതമാനംവരെ പലിശ കൂടാം
റിപ്പോ നിരക്കും അതിനെതുടര്‍ന്ന് വായ്പാ പലിശയും ഘട്ടംഘട്ടമായി 1.40ശതമാനം ഉയര്‍ത്തിയിട്ടും നിക്ഷേപ പലിശ വര്‍ധിപ്പിക്കാതെ അധികകാലം മുന്നോട്ടുപോകാന്‍ ബാങ്കുകള്‍ക്കാവില്ല. വരുംമാസങ്ങളിലെ വര്‍ധനവോടെ റിപ്പോ നിരക്ക് ആറുശതമാനത്തിന് മുകളില്‍പോയാല്‍ സാധാരണ പൗരന്മാര്ക്കുള്ള ബാങ്ക് എഫ്ഡി നിരക്ക് 7.50 ശതമാനത്തിലെത്തിയേക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ എട്ടുശതമാനവും.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളായിരിക്കും പലിശ ഉയര്‍ത്തുന്നതില്‍ മുന്നില്‍. ഈ ബാങ്കുകളില്‍ പലതും നിലവില്‍തന്നെ 6.50-7ശതമാനം നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ സാധാരണ പൗരന്മാര്ക്ക് നല്കുന്ന ഉയര്‍ന്ന പലിശ 6.5ശതമാനമാണ്. മുതിര്‍ന്നവര്‍ക്ക് ഏഴ് ശതമാനവും. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പലിശ നിരക്ക് എട്ടുശതമാനത്തിലെത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
antony@mpp.co.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..