• ലിക്വിഡിറ്റി കുറഞ്ഞതോടെ റിയല്‍എസ്‌റ്റേറ്റ് നിക്ഷേപം ആകര്‍ഷകമല്ലാതായി.
  • ഭൂമിയുടെ വില വന്‍തോതില്‍ കൂട്ടിയതും ഇടപാടുകള്‍ സുതാര്യമാക്കിയതും മേഖലയെ കാര്യമായി ബാധിച്ചു.
കണ്ണൂര്‍: കാര്‍ഷിക പ്രതിസന്ധി ഉള്‍പ്പെടെ സാമ്പത്തിക മേഖലയിലെ തളര്‍ച്ചമൂലം കേരളത്തില്‍ ഭൂമിവില്പന വന്‍തോതില്‍ കുറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ ഭൂമിവില്പനയില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഭൂമിവില്പന തുടര്‍ച്ചയായി കുറയുന്നുവെന്നാണ് കണക്ക്.
 
റബ്ബര്‍ വിലയിടിവും പശ്ചിമഘട്ടമേഖലയിലെ പ്രശ്‌നങ്ങളും ഗള്‍ഫ്‌നാടുകളിലെ തൊഴില്‍പ്രതിസന്ധിയുമാണ് സ്ഥലവില്പന കുറയാന്‍ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. കെട്ടിടനിര്‍മാണവ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതും സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ധിപ്പിച്ചതും പൊതുവിലക്കയറ്റവും ഭൂമിയിലെ നിക്ഷേപം അനാകര്‍ഷകമാക്കി.
 
മൂന്നുവര്‍ഷത്തിനിടയില്‍ സ്ഥലവില്പനയുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളം കുറഞ്ഞെന്നാണ് സംസ്ഥാന രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസ് നല്‍കുന്ന വിവരം. 2011-12 കാലയളവില്‍ ഏഴര ലക്ഷത്തോളം (7,47,913) ഭൂമിവില്പനയാണ് നടന്നതെങ്കില്‍ 2014-15-ല്‍ ഇത് അഞ്ചേകാല്‍ ലക്ഷത്തോളമായി (5,24,700). 2014-15-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരുലക്ഷത്തോളം കുറവാണുണ്ടായത്.

land for not sale

റബ്ബറിന്റെയും തേങ്ങയുടെയും വിലയിടിവ് ഭൂമിവില്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. 2013-ല്‍ കിലോയ്ക്ക് 248 രൂപയുണ്ടായിരുന്ന റബ്ബര്‍വില ഇപ്പോള്‍ 100 രൂപയില്‍ താഴെയായി. ജീവിതം വഴിമുട്ടിനില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിവാങ്ങലിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. മറുവശത്ത്, തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമി വാങ്ങാനോ അവയില്‍ നിക്ഷേപം നടത്താനോ ആളുകള്‍ മടിക്കുകയുമാണ്. കാര്‍ഷികപ്രതിസന്ധി മറ്റു മേഖലയെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പശ്ചിമമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും ഭൂമിവില്പന കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കുറവ് ഭൂമിവില്പന രജിസ്റ്റര്‍ ചെയ്തത് വയനാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലും. വയനാടും ഇടുക്കിയും ഉള്‍പ്പെടെ മലയോരമേഖലയില്‍ ഭൂമിവില്പന പാടേ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
നിതാഖാത്ത് ഉള്‍പ്പെടെ ഗള്‍ഫിലെ തൊഴില്‍പ്രതിസന്ധിയും ആയിരക്കണക്കിന് പ്രവാസികള്‍ മടങ്ങിവന്നതും ഭൂമിയിലെ നിക്ഷേപം വലിയതോതില്‍ കുറച്ചിട്ടുണ്ട്.
 
അഞ്ചോ പത്തോ സെന്റ് ഉള്‍പ്പെടെ ചെറുകിട ഭൂമിവില്പനയാണ് മുഖ്യമായും നടക്കുന്നതെന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ നല്‍കുന്ന വിവരം. വലിയ വിസ്തൃതിയിലുള്ള സ്ഥലവില്പന 60 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. കെട്ടിടനിര്‍മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയത്
 
ഭൂമിവില്പന കുറയാന്‍ കാരണമായെന്ന് നിര്‍മാതാക്കള്‍ പറയുന്നു. കെട്ടിടാനുമതി കിട്ടാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതിനാല്‍ ഭൂമിയിലെ നിക്ഷേപം നിശ്ചലമായിക്കിടക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.