ന്ത്യയിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾ, മാന്ദ്യത്തിന്റെ പിടിയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. ഇതിനിടെ, ഉപഭോക്താക്കളെ പിടിക്കാൻ ബിൽഡർമാർ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ്. ആഗോള കായിക താരങ്ങളെ ബ്രാൻഡ് അംബാസഡർമാർ ആക്കിക്കൊണ്ടുള്ള പ്രചാരണ രീതിയാണ് അത്. 

മുംബൈയിലെ കനാകിയ ഗ്രൂപ്പ്, ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാനെ കൊണ്ടുവന്നിരിക്കുകയാണ്. മുംബൈയിൽ 'പാരീസ്' എന്ന പേരിൽ കമ്പനി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ പ്രചാരണത്തിനാണ് ഈ അന്താരാഷ്ട്ര താരത്തെ അവരോധിക്കുന്നത്. ഫ്രഞ്ച് ആർക്കിടെക്ട് ഒലീവിയർ വെച്ചീരിനിയാണ് 'പാരീസി'ന്റെ ലാൻഡ്‌ സ്കേപ്പിങ്, ഇന്റീരിയർ വർക്കുകൾ നിർവഹിക്കുന്നത്. ഇങ്ങനെ എല്ലാ അർത്ഥത്തിലും ആഗോള നിലവാരം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു. 

റിയൽ എസ്റ്റേറ്റ് രംഗത്തെ മറ്റൊരു പ്രമുഖരായ ബ്രിഗേഡ് ഗ്രൂപ്പ് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് വോയെയാണ് ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്. വിദേശ ഇന്ത്യക്കാരുടെ ഇടയിൽ എളുപ്പത്തിലെത്തിച്ചേരാനാണ് അദ്ദേഹത്തെ ബ്രാൻഡ് പ്രചാരകനാക്കുന്നതെന്നാണ് ബ്രിഗേഡ് ഗ്രൂപ്പിന്റെ സാക്ഷ്യം. 

ബിൽഡർമാരുടെ ബ്രാൻഡ് മൂല്യം പെട്ടെന്ന് ഉയർത്താൻ ഇത്തരം താരസാന്നിധ്യം സഹായിക്കും. ഭവനങ്ങൾ ഉയർന്ന വിലയ്ക്ക് വില്ക്കാനും അതുപകരിക്കും. എങ്കിലും നിർമാണത്തിലെ ഗുണമേന്മ, പ്രോജക്ടുകളുടെ ലൊക്കേഷൻ എന്നിവയും പ്രധാനമാണ്. 

കൊച്ചിയിലെ 'പ്രൈം മെറിഡിയൻ' എന്ന ബിൽഡർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ബ്രാൻഡ് അംബാസഡറാക്കി കൊണ്ടുവന്നിട്ടുണ്ട്. കൊച്ചിയിൽ അദ്ദേഹത്തിന് വില്ലയും നൽകി.