മുംബൈ: ഗോവയിലെ പ്രമുഖ പഞ്ചനക്ഷത്രഹോട്ടലായ ലീല ഹോട്ടല്‍ മലേഷ്യന്‍ ഗ്രൂപ്പായ മെറ്റ് ട്യൂബ് സ്വന്തമാക്കുന്നു. 725 കോടി രൂപയ്ക്കാണ് ലീല വെഞ്ച്വര്‍ ഗ്രൂപ്പില്‍നിന്ന് ഈ ഹോട്ടല്‍സമുച്ചയം കമ്പനി ഏറ്റെടുക്കുന്നത്. മെറ്റ് ട്യൂബിന്റെ ഇന്ത്യന്‍വിഭാഗമായ സെറിസ് ഹോട്ടല്‍സ് ലിമിറ്റഡാണ് ഗോവയിലെ പഞ്ചനക്ഷത്രമന്ദിരം സ്വന്തമാക്കുന്നത്. രാജ്യത്തെ ഹോട്ടല്‍ വ്യവസായമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്പനകളിലൊന്നാണിത്. ഇതിന് ലീല വെഞ്ച്വര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി കമ്പനി ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.
 

ഇന്ത്യന്‍ വംശജനും ലണ്ടനിലെ വ്യവസായിയുമായ രാജ് ബാഗ്രിയുടെ മെറ്റ് ഡിസ്റ്റ് ഗ്രൂപ്പിനു കീഴിലാണ് മലേഷ്യയിലെ മെറ്റ് ട്യൂബ് പ്രവര്‍ത്തിക്കുന്നത്. ലോഹവ്യവസായരംഗത്താണ് ഈ ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം പ്രമുഖ ഡെനിം ബ്രാന്‍ഡായ സ്‌പൈകാര്‍ ഏറ്റെടുത്ത് മെറ്റ് ഡിസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


 
206 മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലാണ് ഗോവ ലീല. ഇതിന്റെ ഉടമസ്ഥാവകാശം മെറ്റ്ഡിസ്റ്റിന് കൈമാറുമെങ്കിലും പ്രവര്‍ത്തന, നിയന്ത്രണച്ചുമതലകള്‍ ലീല വെഞ്ച്വര്‍ ഗ്രൂപ്പിനുതന്നെയായിരിക്കും.


 
പ്രവര്‍ത്തനം മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടല്‍ ഏറ്റെടുക്കുന്നതെന്ന് മെറ്റ്ഡിസ്റ്റ് ഗ്രൂപ്പ് വക്താവ് പറഞ്ഞു. അനുമതികള്‍ക്കു വിധേയമായി വര്‍ഷാവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്.


1991-ലാണ് ഗോവ മൊബോര്‍ ബീച്ചില്‍ ലീല ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 50 ഏക്കറിലായി പടര്‍ന്നുകിടക്കുന്ന ഈ ഹോട്ടല്‍സമുച്ചയം രാജ്യത്തുതന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഹോട്ടലുകളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 119 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. ലീല വെഞ്ച്വര്‍ ഗ്രൂപ്പിന്റെ മൊത്തവരുമാനത്തിന്റെ 15ശതമാനംവരുമിത്.


1987-ല്‍ മലയാളിയായ ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍നായരാണ് രാജ്യത്തെ ആഡംബരഹോട്ടല്‍ വ്യവസായരംഗത്ത് കൊടിക്കൂറപാറിച്ച ഹോട്ടല്‍ ലീല ഗ്രൂപ്പ് സ്ഥാപിച്ചത്. നിലവില്‍ ഗ്രൂപ്പിനു കീഴില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി എട്ടു ഹോട്ടല്‍ സമുച്ചയങ്ങളാണുള്ളത്. വിവേക് നായരാണ് ഇപ്പോഴത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും.


 
ഗോവയിലെ 250 മുറികളുള്ള പാര്‍ക് ഹയാത്ത് ഈ വര്‍ഷമാദ്യം 515 കോടി രൂപയ്ക്ക് ഐ.ടി.സി. ഹോട്ടല്‍സ് ഏറ്റെടുത്തിരുന്നു. അതിനുപിന്നാലെയാണ് മറ്റൊരു വന്‍കിട ഏറ്റെടുക്കല്‍ നടക്കുന്നത്. ചെന്നൈയില്‍ 326 മുറികളുള്ള ഹോട്ടലും വില്‍ക്കാന്‍ ലീല വെഞ്ച്വര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. 5000 കോടി രൂപയോളം വരുന്ന കടബാധ്യത പരിഹരിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.