തിരുവനന്തപുരം: കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി ഫ്ളാറ്റ് നൽകാത്ത നിർമാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഫ്ളാറ്റ് നിർമാണ കമ്പനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാർഥാസ് ഉടമ അഭിഷേക് അർജുന് നഷ്ടപരിഹാരം നൽകേണ്ടത്. കവടിയാർ ഗോൾഫ് ലിങ്ക്‌സിന് സമീപം ജി.ഐ.ഇ. ഗ്രാൻഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നൽകിയിരുന്നു. കരാർ ഒപ്പിട്ട് 33 മാസത്തിനകം ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു നിർമാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാർ. അഞ്ച് വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാൽ പണം മടക്കി ചോദിച്ചെങ്കിലും അതുനൽകാനും കമ്പനി തയ്യാറായില്ല.

നൽകിയ തുകയ്ക്കുള്ള പലിശയ്ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടർന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്.