റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങളും തട്ടിപ്പുകളും പരിഹരിച്ച് കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിന് കൊണ്ടുവന്ന റിയല്‍ എസ്‌റ്റേറ്റ് ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ അംഗീകാരംകൂടി ലഭിച്ചാല്‍ ബില്ല് പ്രാബല്യത്തിലാകും.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതോറിറ്റികള്‍ രൂപവത്കരിച്ച് ഈ മേഖലയില്‍ നിയന്ത്രണംകൊണ്ടുവരാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. താമസ, വാണിജ്യ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളെല്ലാം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ഉപഭോക്താക്കളുടെ അനുമതിയില്ലാതെ നേരത്തേ നിശ്ചയിച്ച പ്ലാനുകള്‍ മാറ്റാനാവില്ല. തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കാന്‍ ഫാസ്റ്റ് ട്രാക് തര്‍ക്കപരിഹാരസംവിധാനം എന്നിങ്ങനെ പ്രധാനമായും 20 ഭേദഗതികളാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.  

പ്രധാന നിര്‍ദേശങ്ങള്‍:

  • 500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ഫ് ളാറ്റ് സമുച്ചയം(അല്ലങ്കില്‍ എട്ട് ഫ് ളാറ്റുകള്‍ ഉള്ളവ)റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ, മിനിമം 1000 സ്വകയര്‍ മീറ്ററുള്ളവയായിരുന്നു രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്.
  • ഭൂമിയുടെ വിലമുതല്‍ നിര്‍മാണ ചെലവ് വരെയുള്ള തുകയുടെ 70 ശതമാനമെങ്കിലും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. നേരത്തെ 50 ശതമാനമോ അതില്‍ തഴെയുള്ള തുകയോ മതിയായിരുന്നു.
  • നിര്‍മാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ കേടുപാടുകളുണ്ടായാല്‍ കമ്പനിക്കാണ് ഉത്തരവാദിത്വം. നേരത്തെ ഇത് രണ്ട് വര്‍ഷമായിരുന്നു.
  • പദ്ധതി പൂര്‍ത്തിയാകുന്നത് വൈകുകയോ മറ്റോ ചെയ്താല്‍ പലിശ നല്‍കേണ്ടിവരും.
  • അടുക്കള, കുളിമുറി തുടങ്ങി ഉപയോഗിക്കാവുന്ന സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ളവ കാര്‍പ്പെറ്റ് ഏരിയയില്‍ വ്യക്തമായി കാണിച്ചിരിക്കണം.
  • നിക്ഷേപകര്‍ക്ക് അലോട്ട് ചെയ്തുകഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം റസിഡന്‍സ് അസോസിയേഷനുകള്‍ രൂപവത്ക്കരിക്കണം.
  • ജില്ലാതലങ്ങളിലുള്ള ഉപഭോക്തൃ കോടതികളില്‍ വ്യവഹാരത്തിന് അനുമതി. സംസ്ഥാന തലത്തിലുള്ള റെഗുലേറ്ററി അതോറിറ്റികള്‍ക്കായിരുന്നു ഇതുവരെ ഇതിനുള്ള അധികാരമുണ്ടായിരുന്നത്.