കൊച്ചി: പ്രമുഖ ബില്‍ഡേഴ്‌സായ അസറ്റ് ഹോംസ് മുതിര്‍ന്ന പൗരന്മാര്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേക ഭവനനിര്‍മാണ പദ്ധതികളുള്‍പ്പെടെ നാല് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചു. 

ഇന്ത്യന്‍ ഭവനനിര്‍മ്മാണ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന പദ്ധതികളാണ് ഇതിലൂടെ അസറ്റ് ഹോംസ് അവതരിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ കൊച്ചിയില്‍ പറഞ്ഞു. 

മുതിര്‍ന്ന പൗരന്മാര്‍ക്കായി വിഭാവനം ചെയ്യുന്ന 'അസിസ്റ്റഡ് ലിവിംഗിന്റെ' ലോകോത്തര മാതൃകകള്‍, ആദ്യജോലി നേടുമ്പോള്‍ തന്നെ സ്വന്തമായൊരു ഭവനം എന്ന യുവാക്കളുടെ സങ്കല്‍പ്പം സാക്ഷാത്കരിക്കുവാനായി നൂറ് ചതുരശ്ര അടിയില്‍ ഒതുങ്ങുന്ന സെല്‍ഫ് കണ്ടെയിന്‍ഡ് സെല്‍ഫീ അപ്പാര്‍ട്‌മെന്റുകള്‍, ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോജക്ടുകള്‍ എന്നിവയാണ് അവതരിപ്പിച്ചത്.

ഔറ, ലക്ഷൂറിയ, എക്‌സോട്ടിക, അസറ്റ് പ്ലസ്സ് എന്നിങ്ങനെ നാല് വിഭിന്ന ശ്രേണികളില്‍ കേരളത്തിലെ 14 സുപ്രധാന നഗരങ്ങളിലായി ഇരുപതോളം ഭവനപദ്ധതികള്‍ എന്നിവയാണ് വരും സാമ്പത്തിക വര്‍ഷത്തിലേക്കായി അസറ്റ് ഹോംസ് ആസൂത്രണം ചെയ്യുന്നത്.

യുവതലമുറയ്ക്കായി 96 ച.അടിയുള്ള 10 ലക്ഷത്തില്‍ താഴെവിലവരുന്ന സെല്‍ഫി അപ്പാര്‍ട്‌മെന്റുകള്‍ കൊച്ചി, ബെംഗളുരു, പുണെ എന്നീ നഗരങ്ങളിലാണ് ആസൂത്രണം ചെയ്യുന്നത്. സീനിയര്‍ ലിവിങ്ങിന്റെ മാതൃകകള്‍ തിരുവല്ല, വൈക്കം, വടക്കാഞ്ചേരി, മൈസൂര്‍ എന്നീ നഗരങ്ങളിലാണ് വരുന്നത്. തിരുവല്ലയിലാണ് അസിസ്റ്റഡ് ലിവിങ്ങിന്റെ ആദ്യ പദ്ധതി. 

സീനിയര്‍ ലിവിംഗ് വീടുകള്‍ നിര്‍മിക്കുന്നതിന് അന്താരാഷ്ട്ര ആര്‍ക്കിടെക്ച്ചര്‍ കമ്പനിയായ പെര്‍കിന്‍സ് ഈസ്റ്റ്മാനുമായി അസറ്റ് ഹോംസ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കനേഡിയന്‍ കമ്പനിയായ ബെയ്‌ക്രെസ്റ്റ് സെന്ററിനാണ് ഈ പ്രോജക്ടുകളുടെ മെയിന്റനന്‍സ് ചുമതല. 

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളിലാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോജക്ടുകള്‍ നിര്‍മിക്കുക. കോയമ്പത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, ട്രിച്ചി, വിജയവാഡ, വിശാഖപട്ടണം, ഹോസൂര്‍, ഹൂഗ്ലി, ബെല്‍ഗാം, മംഗലാപുരം എന്നിവിടങ്ങളിലാണ് യൂണിറ്റിന് 25 ലക്ഷം രൂപ വില വരുന്ന അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതികള്‍ ആരംഭിക്കുന്നത്.  

കേരള റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ് എന്ന നിലയില്‍ നിന്ന് ഒരു ദേശീയ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് എന്ന വളര്‍ച്ചയിലേക്കുള്ള കുതിപ്പിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത അസറ്റിന്റെ പുതിയ ലോഗോയും സുനില്‍കുമാര്‍ അവതരിപ്പിച്ചു.