ബിസിനസ് ഡെസ്‌ക്
മുംബൈ: കുതിച്ചുകയറ്റം നേട്ടമാക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിപണിയിലേയ്ക്ക് മാറിയതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല മാന്ദ്യത്തിലേയ്ക്ക്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മെയ് 26ന് ശേഷം 12 ശതമാനത്തിലധികം നേട്ടമാണ് ഓഹരി വിപണിയിലുണ്ടായത്.

ഇതേതുടര്‍ന്ന് രാജ്യത്തെ പല മുന്‍നിര നഗരങ്ങളിലും വസ്തുവില നിശ്ചലമാകുകയോ താഴെ പോകുകകയോ ചെയ്തുതുടങ്ങി. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപം നടത്തിയിരുന്ന വന്‍കിടക്കാര്‍ പലരും കൂടുതലുള്ള പണം ഓഹരി വിപണിയിലാണ് ഇപ്പോള്‍ നിക്ഷേപിക്കുന്നതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ഭൈരതി പറയുന്നു.

ഡല്‍ഹിയില്‍ പല ഭവന പദ്ധതികളുടെയും വിലയില്‍ 10 ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണിത്. പുണെയിലാണെങ്കില്‍ ഇത് 25 ശതമാനത്തോളമാണെന്നാണ് കണക്ക്. ബാംഗ്ലൂരില്‍ വിപണിയില്‍ കാര്യമായ മാറ്റമില്ല. അതേസമയം, മുംബൈയിലും ചെന്നൈയിലും മാത്രമാണ് വിലകൂടിയത്. പുതിയ പ്രൊജക്ടുകള്‍ക്ക് ഇവിടെ യഥാക്രമം 17, 24 ശതമാനംവരെ വിലകൂടിയതായി പ്രോപ്പര്‍ട്ടി റിസര്‍ച്ച് സ്ഥാപനമായ ലെയ്‌സസ് ഫോറസ് പറയുന്നു.

വിറ്റൊഴിയാതെ കിടക്കുന്ന ഭവന പദ്ധതികളുടെ എണ്ണവും കൂടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂരിലും ചെന്നൈയിലും ഇത് നാല് ശതമാനമാണ്. ഹൈദ്രബാദ്(10%), മുംബൈ (1%) എന്നിങ്ങനെയാണ് കണക്ക്.

ഡല്‍ഹിയില്‍ ഭവന പദ്ധതികള്‍ ലോഞ്ച് ചെയ്യുന്നതുതന്നെ 31 ശതമാനത്തോളം കുറഞ്ഞതായി ലെയ്‌സ് ഫോറസ് പറയുന്നു. ഹൈദ്രബാദില്‍ 17 ശതമാനവും പുണെയില്‍ 14 ശതമാനവും കുറവുണ്ടായി. 2014 ജൂണിലെ കണക്കുപ്രകാരം 7.6 ലക്ഷം അപ്പാര്‍ട്ടുമെന്റു(മൊത്തം 756 മില്യണ്‍ ചതുരശ്ര അടി)കളാണ് വിറ്റുപോകാതെ കിടക്കുന്നത്.

ഓഹരി വിപണിയിലെ റാലിയാണ് നിക്ഷേപകരെ മറിച്ച് ചിന്തിക്കാന്‍ ഇടയാക്കിയത്. മുംബൈ സൂചികയായ സെന്‍സെക്‌സില്‍ ഈവര്‍ഷമുണ്ടായ നേട്ടം 28 ശതമാനമാണ്. മിഡ്ക്യാപ് സൂചിക 46 ശതമാനവും സ്‌മോള്‍ ക്യാപ് 67 ശതമാനവും ഉയര്‍ന്നു. പണപ്പെരുപ്പം കുറയുമെന്നും അതോടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നുമുള്ള വിശ്വാസത്തില്‍ പലരും ഓഹരി വിപണിയിലേയ്ക്ക് തിരിയുകയാണെന്ന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിന്റെ ഇന്ത്യയിലെ ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍ രാജേഷ് ചെറുവു പറയുന്നു.