റിയല്‍ എസ്റ്റേറ്റ് എന്ന പദം മലയാളി ശ്രദ്ധിച്ചുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകളായിട്ടില്ല. അതിനു മുന്‍പും അവന് സ്ഥലത്തിനോട് കമ്പമില്ലായിരുന്നു എന്നല്ല അതിനര്‍ഥം. പഴയകാലംമുതല്‍തന്നെ നമ്മുടെ നാട്ടില്‍ സഹോദരങ്ങള്‍ കടിപിടി കൂടിയിരുന്നത് തനിക്കു ലഭിക്കേണ്ടത് എന്നോരോരുത്തരും അവകാശപ്പെടുന്ന ഒരു തുണ്ട് ഭൂമിക്കു വേണ്ടിയായിരുന്നില്ലേ?

നിക്ഷേപത്തിന്റെ ഭാഗമായി മലയാളി ഭൂമി വാങ്ങിത്തുടങ്ങിയിട്ട് കാലം അധികമായില്ല. പ്രോപ്പര്‍ട്ടിയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ്, ഓഹരിയിലോ ബാങ്കിലോ ഉള്ള നിക്ഷേപംപോലെ ആള്‍ക്കാര്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പ്രധാനമായും വീടിനനുയോജ്യമായവ (Residential), കൊമേഴ്‌സ്യല്‍, ടൂറിസത്തിനു(Commercial, Tourism) സാധ്യതയുള്ളവ, കാര്‍ഷികാവശ്യത്തിനുപയോഗിക്കാവുന്നവ (Agricultural) എന്നിങ്ങനെയാണ് മലയാളികള്‍ വാങ്ങുന്ന വസ്തുക്കളുടെ തരംതിരിവ്. ഇതര സംസ്ഥാനങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ എന്ന വിഭാഗം നമ്മുടെ നാട്ടില്‍ പോപ്പുലര്‍ ആകാത്തതിന് കാരണം വ്യക്തമാണല്ലോ?

ഒരു നല്ല വീട് സ്വന്തം നാട്ടില്‍ എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. ആ വികാരം മുതലാക്കുവാനായി 'നാളികേരത്തിന്റെ നാട്ടില്‍ ഒരു നാഴിയിടങ്ങഴി മണ്ണ്' എന്ന പരസ്യവാചകം ഓര്‍ക്കുക. അതെന്തുതന്നെയായാലും ഒരു ശരാശരി മലയാളി ആദ്യം ഉന്നം വയ്ക്കുന്നത് നല്ലൊരു വീടുതന്നെ. ഇതറിയാവുന്നൊരാള്‍ നിക്ഷേപമാര്‍ഗമെന്നു കരുതി വീണ്ടുമൊരു വീട് വയ്ക്കുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും. കടകള്‍ക്കോ, ഓഫീസ് സമുച്ഛയങ്ങള്‍ക്കോ സ്ഥാനം പിടിക്കാവുന്ന സ്ഥലമോ കെട്ടിടമോ ആണ് കൊമേഴ്‌സ്യല്‍കൊണ്ട് വിവക്ഷിക്കപ്പെടുക. ടൂറിസത്തിന് സാധ്യതയുള്ളിടങ്ങളില്‍ റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടല്‍ മുതലായവയില്‍ നിക്ഷേപമിറക്കുന്ന മലയാളികളും കുറവല്ല. കൃഷി ഒരു ലാഭമുള്ള ഏര്‍പ്പാടാണെന്ന് പല അനുഭവകഥകളില്‍ക്കൂടി തെളിഞ്ഞു വന്നപ്പോഴേക്കും കൃഷിസ്ഥലങ്ങളുടെ വിലയുമേറി. പക്ഷേ, ഈ സ്ഥലത്തു നിക്ഷേപിച്ചവര്‍ക്കും നിക്ഷേപിക്കുന്നവര്‍ക്കും നേട്ടമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരേറെ.

നിക്ഷേപമെന്ന നിലയില്‍

ഒരു നിക്ഷേപമാര്‍ഗമെന്ന രീതിയില്‍ റിയല്‍ എസ്റ്റേറ്റ് തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഈ നിക്ഷേപത്തിന്റെ സ്വഭാവമറിഞ്ഞതിനുശേഷം മാത്രമാവണം ഇവിടെ നിക്ഷേപിക്കേണ്ടത്. ഒരു പ്രോപ്പര്‍ട്ടി വാങ്ങുവാന്‍ വലിയൊരു തുക വേണ്ടിവരുന്നു എന്നതാണ് ഈയൊരു നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനമായ വസ്തുത. വസ്തുവിന്റെ വിലയ്ക്കു പുറമേ, ബ്രോക്കര്‍ക്കു നല്‌കേണ്ടുന്ന കമ്മീഷന്‍, സ്റ്റാംപ് ഡ്യൂട്ടി, എഴുത്തു കൂലി, രജിസ്‌ട്രേഷന്‍ ചാര്‍ജ്, വക്കീലിനും മറ്റും നല്‌കേണ്ടി വരുന്ന ഫീസ് എന്നിവയ്ക്കു പുറമേ ഈ പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ലോണ്‍ എടുത്തതാണെങ്കില്‍ ലോണിന് നല്‌കേണ്ടി വരുന്ന പ്രോസസിങ്, ഇതര ചാര്‍ജുകള്‍ കൂടി ചെലവിനത്തില്‍ പരിഗണിക്കണം. പ്രോപ്പര്‍ട്ടി വാങ്ങുന്നൊരാളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 15% മുതല്‍ 20% വരെയും ചെലവുണ്ടാകുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്ഥലങ്ങളുടെ കിടപ്പ്, റോഡ്, ആസ്പത്രി, സ്‌കൂള്‍ സൗകര്യങ്ങള്‍, ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന വികസന സാധ്യത ഇവയെ അടിസ്ഥാനമാക്കിയാവും മൂലധനവര്‍ധനവിനുള്ള സാധ്യത. പണപ്പെരുപ്പനിരക്കിനാല്‍ ഉണ്ടാകുന്ന മൂല്യശോഷണത്തിനെതിരെ പിടിച്ചുനില്ക്കാന്‍ പറ്റിയ ഒരുപാധിയായി പലരും ഇതിനെ കാണുന്നു. വാടകയിനത്തിലാണ് പലപ്പോഴും ഇതില്‍നിന്ന് വരുമാനം ലഭ്യമാകുന്നത്. കാര്‍ഷികസ്ഥലമാണെങ്കില്‍ കൃഷിയില്‍ നിന്നോ, പാട്ടത്തിനു കൊടുക്കുമ്പോഴോ വരുമാനം ലഭിക്കുന്നു. ലിക്വിഡിറ്റി കുറഞ്ഞ നിക്ഷേപമെന്നതാണ് ഇതിന്റെ എടുത്തുപറയാവുന്നൊരു ന്യൂനത. മാര്‍ക്കറ്റിന്റെ തിരിച്ചുപോക്കില്‍ കുറച്ചധികം നാള്‍ നിങ്ങള്‍ക്ക് നിങ്ങളുദ്ദേശിച്ച വിലയില്‍ ഈ പ്രോപ്പര്‍ട്ടി വില്ക്കാനായെന്നു വരില്ല. ആരുടെയെങ്കിലും മൂലധനവളര്‍ച്ചയുടെ കഥകള്‍ കേട്ട് തനിക്കും അല്പം റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാകാം എന്നു കരുതുന്നവര്‍ ഇതോര്‍ക്കുന്നത് നന്ന്. നേരിട്ടല്ലാതെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സാധ്യമാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങുക വഴിയാണിത് സാധിക്കുന്നത്.

റിസ്‌കിനെ മാറ്റിനിര്‍ത്താനാവില്ലെങ്കിലും, നിക്ഷേപിക്കുവാന്‍ നല്ലൊരു തുക കൈവശമുണ്ടായിരിക്കുന്നവര്‍ക്ക്, ഉടനടി, നിക്ഷേപിച്ച പണം തിരികെ വേണ്ടാത്തവര്‍ക്ക്, പണപ്പെരുപ്പനിരക്കിനോട് പൊരുതാന്‍ ഒരു ആസ്തി തനിക്കുണ്ടാകണമെന്ന് ശഠിക്കുന്നവര്‍ക്ക്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം തങ്ങളുടെ നിക്ഷേപശേഖരത്തില്‍ ഉണ്ടായിരിക്കുകതന്നെ വേണം.