-
2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പണിതുടങ്ങാന്‍ സമയമായി. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപം എന്നിവയില്‍നിന്നുള്ള ആദായം എവിടെയാണ് ചേര്‍ക്കേണ്ടതെന്ന് ശമ്പളവരുമാനക്കാരായ പലര്‍ക്കും അറിയില്ല.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ടോ ഓഹരിയോ വിറ്റിട്ടുണ്ടെങ്കില്മാത്രം റിട്ടേണില്‍ കാണിച്ചാല്‍ മതിയാകും. നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടെങ്കിലും പണം തിരികെയെടുത്താല്മാത്രമെ നികുതി ബാധ്യതയുണ്ടാകൂ എന്ന് ചുരുക്കം.
മൂലധനനേട്ട നികുതി
ഓഹരി അധിഷ്ഠിത പദ്ധതികളിലെ ആദായം മൂലധന നേട്ടമായി നികുതി ചുമത്തുന്നത് പണം തിരികെയെടുക്കുമ്പോള്‍ മാത്രമാണ്. നിലവില്‍ ഫണ്ടുകളില്‍നിന്നോ ഓഹരിയില്‍നിന്നോ ലാഭമെടുത്തിട്ടില്ലെങ്കില് ഐടിആര്‍ 1തന്നെ ഫയല്‍ ചെയ്താല്‍ മതിയാകും.
നിക്ഷേപം ഭാഗികമായോ പൂര്‍ണമായോ തിരികെയെടുത്തിട്ടുണ്ടെങ്കില് ഐടിആര്‍ 2 ആണ് ഫയല്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ ലഭിച്ച ആദായം രേഖപ്പെടുത്തുന്നതിന് പ്രത്യേക വിഭാഗംതന്നെയുണ്ട്. ഇക്വിറ്റി, ഡെറ്റ് ഫണ്ടുകള്‍ വിറ്റിട്ടുണ്ടെങ്കില്‍ ഹ്രസ്വകാല, ദീര്‍ഘകാല മൂലധന നേട്ടനികുതിയാണ് ബാധകമാകുക.
ഇക്വിറ്റി ഫണ്ടുകള്‍ ഒരുവര്ഷക്കാലത്തിനുതാഴെ കൈവശംവെച്ചശേഷം വില്ക്കുകയാണെങ്കില് ഹ്രസ്വകാല നേട്ടത്തിനും ഒരുവര്ഷത്തിനുമുകളില് കൈവശംവെച്ചശേഷമാണ് ആദായമെടുത്തതെങ്കില് ദീര്‍ഘകാല മൂലധനനേട്ട നികുതിയുമാണ് ബാധകമാകുക. ഡെറ്റ് ഫണ്ടുകളുടെ കാര്യത്തിലാണെങ്കില്‍ ഈ പരിധി മൂന്നുവര്‍ഷമാണ്.
.png?$p=91632b6&w=610&q=0.8)
നികുതി എങ്ങനെ കണക്കാക്കും?
നികുതി ബാധ്യത ഉള്‍പ്പടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ക്യാപിറ്റല്‍ ഗെയിന്‍ സ്റ്റേറ്റുമെന്റ് രജിസ്ട്രാര്‍മാരായ കാംസ്, കെഫിന്‍ടെക് എന്നിവരില്‍നിന്ന് ഓണ്‍ലൈനില്‍തന്നെ ലഭിക്കും. രജിസ്റ്റര്‍ചെയ്ത ഇ-മെയില്‍ ഐഡിയാണ് അതിനായി ബന്ധപ്പെട്ട സൈറ്റില്‍ നല്‍കേണ്ടത്. അല്ലെങ്കില്‍ ഓരോ ഫണ്ടുഹൗസുകളില്നിന്നും ഡിജിറ്റലായി ആവശ്യപ്പെട്ടാലും മെയിലില്‍ ലഭിക്കും. ഓഹരിയില്‍ നേരിട്ടാണ് നിക്ഷേപമെങ്കില്‍ ബ്രോക്കിങ് സ്ഥാപനത്തില്‍നിന്നാണ് ക്യാപിറ്റല്‍ ഗെയിന്‍ സ്റ്റേറ്റുമെന്റ് ലഭിക്കുക.
Also Read
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് പഴയതുപോലെ ബുദ്ധിമുട്ടുള്ള കാര്യമല്ല. റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണ്. ലോഗിന്‍ ചെയ്താല്‍തന്നെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതേസമയം, വിട്ടുപോയെന്നുകരുതി വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയുമരുത്. ലഭ്യമായവ വിലയിരുത്തി കൃത്യമായിതന്നെ റിട്ടേണ്‍ നല്കാന് ആദായനികുതി ദായകന് ബാധ്യതയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..