Photo:Gettyimages
തുടര്‍ച്ചയായി ആറാം മാസവും രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ അടുത്ത പണവായ്പാ അവലോകന യോഗത്തിലും നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറി.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ 7.04ശതമാനവുമായി താരതമ്യംചെയ്യുമ്പോള്‍ കാര്യമായ വ്യത്യാസമില്ല.
ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രണം, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടും നേരിയതോതില്‍ മാത്രമാണ് നിരക്കില്‍ കുറവുണ്ടായത്.
വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഉത്പന്ന വിലകളിലെ വര്‍ധന, റഷ്യ-യുക്രൈന് സംഘര്‍ഷം എന്നിവമൂലമുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പോരാട്ടത്തിലാണ്.
നടപ്പ് കലണ്ടര്‍വര്‍ഷത്തിന്റെ തുടക്കംമുതല്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ മെയ്, ജൂണ്‍ മാസങ്ങളിലായി 0.90ശതമാനാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധനവരുത്തിയത്. നിരക്ക് വര്‍ധനവിനെതുടര്‍ന്നുള്ള ബാങ്കുകളുടെ വായ്പാ പലിശ ഉയര്‍ത്തല്‍ തുടരുകയാണ്. വായ്പയെടുത്തവരുടെ ഇഎംഐയിലോ പ്രതിമാസ തവണകളിലോ വര്‍ധനവ് ഉറപ്പായി.
അതേസമയം, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വില കുറയുന്ന പ്രവണതയുള്ളതിനാല്‍ ജൂലായിലെ പണപ്പെരുപ്പം ഏഴുശതമാനത്തിന് താഴെയാകുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ മുതല്‍ വിലക്കയറ്റം സാധാരണ നിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അതുകൊണ്ടുതന്നെ കര്‍ശനമായ പണനയവുമായി ആര്‍ബിഐ മുന്നോട്ടുപോയേക്കില്ല. അതിനുമുന്നോടിയായി ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന എംപിസി യോഗത്തില്‍ റിപ്പോ നിരക്കില്‍ 0.35ശതമാനമെങ്കിലും വര്‍ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..