gettyimages
ഭാവിയിലേക്ക് കരുതാതെ നിത്യജീവിതതതിലെ ചെലവുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജ്യത്തെ ഭൂരിഭാഗംപേരും താല്‍പര്യപ്പെടുന്നതെന്ന് പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കാരുടെ റിട്ടയര്‍മെന്റ് തയ്യാറെടുപ്പുകളെക്കുറിച്ച് പഠിക്കാന്‍ പ്രൂഡെന്‍ഷ്യല്‍ ഫിനാന്‍ഷ്യലിന്റെ ആഗോള നിക്ഷേപ മാനേജുമെന്റ് ബിസിനസായ പിജിഐഎമ്മിനുവേണ്ടി നീല്‍സണ്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.
സമ്പാദിക്കുന്നവരുടെ നാടാണ് ഇന്ത്യ എന്നചിന്താഗതി കാലഹരണപ്പെടുകയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഭവന വായ്പകള്‍, സുരക്ഷിതമല്ലാത്ത വായ്പകള്‍, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയ മേഖലകളിലെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലേക്കുള്ള സമ്പാദ്യത്തെ അപേക്ഷിച്ച് നിലവിലെ ചെലവകളിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ശ്രദ്ധേയമായ കണ്ടെത്തലുകള്‍
- സ്ഥിരതയുള്ള ജോലിയും അറുപതു വയസോടെ വിരമിക്കലുമെന്ന പരമ്പരാഗതരീതി കാലഹരണപ്പെട്ടു.
- സന്തോഷകരമായി ജീവിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കായും ജോലിയില്‍നിന്നു വിരമിക്കുന്നതുപോലുള്ള പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങള്‍ക്കായും തയ്യാറെടുപ്പ് നടത്തുന്നു.
- കൂട്ടുകുടുംബങ്ങള്‍ ഇല്ലാതാകുന്നതും ബദല്‍വരുമാന സ്രോതസുകള്‍ക്കുള്ള സാധ്യതകുറയുന്നതും പ്രായമാകുമ്പോള്‍ കുട്ടികളെ ആശ്രയിക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ആശങ്കയുമെല്ലാം ജോലിയില്‍നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയെ സ്വാധീനിക്കുന്നുണ്ട്.
- സുരക്ഷിതത്വം സംരക്ഷണം എന്നിവയ്ക്കായി പണം നീക്കിവെയ്ക്കുന്നതിലപ്പുറം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കുന്നതിനുമാണ് ഭൂരിഭാഗംപേരുടെയും ശ്രമം.
- നഗരങ്ങളിലുള്ളവരുടെ സമ്പാദ്യംകുറവാണ്. അതുപോലെതന്നെയാണ് നിക്ഷേപവും. വരുമാനത്തിന്റെ 59 ശതമാനത്തോളം തുകയും നിത്യചെലവുകള്‍ക്കായാണ് വിനിയോഗിക്കുന്നത്.
- മിക്കവാറുംപേര്‍ക്ക് വിരമിച്ചതിനുശേഷം ജീവിക്കുന്നതിന് ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപമില്ല. ഇതുവരെ അതേക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടാണത്.
- എന്തെങ്കിലും വിധത്തിലുള്ള ബദല്‍ വരുമാനങ്ങള്‍ ഉള്ളവരാണ് മൂന്നിലൊന്നുപേരും.
- വിരമിച്ചതിനുശേഷമുള്ള കാര്യങ്ങളെകുറിച്ച് പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ലാത്ത 51 ശതമാനംപേരും ഏതെങ്കിലും വിധത്തിലുള്ള അധിക വരുമാനം അപ്പോള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
- കുട്ടികളുടേയും ജീവിത പങ്കാളിയുടേയും സുരക്ഷിതത്വവും ആരോഗ്യവും ജീവിതശൈലിയുമെല്ലാം റിട്ടയര്‍മെന്റിനേക്കാള്‍ പ്രാധാന്യത്തോടെ കണക്കിലെടുക്കുന്ന രീതിയാണിപ്പോഴുള്ളത്.
- റിട്ടയര്‍മെന്റ് പദ്ധതികള്‍ തയ്യാറാക്കാനായി തൊഴില്‍ ദാതാക്കള്‍ ഉപദേശിക്കുന്നത് സ്ഥാപനത്തോടുള്ള കൂറു വര്‍ധിപ്പിക്കുമെന്നാണ് 65 ശതമാനംപേരും പറയുന്നത്.
- പ്രതികരിച്ചവരില്‍ 51 ശതമാനവും തങ്ങളുടെ റിട്ടയര്‍മെന്റിനായി സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല.
- റിട്ടയര്‍മെന്റിനായി തയ്യാറെടുത്തിട്ടില്ലെന്നു കരുതുന്ന ഇന്ത്യക്കാരില്‍ 89 ശതമാനത്തിനും മറ്റെന്തെങ്കിലും വരുമാനവും ഇല്ല.
- റിട്ടയര്‍മെന്റിനായി പദ്ധതി തയ്യാറാക്കുന്ന അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ വീതമേ ആസൂത്രണത്തിനിടെ പണപ്പെരുപ്പത്തെ പരിഗണിക്കുന്നുള്ളു.
- പ്രതികരിച്ചവരില്‍ 41 ശതമാനവും റിട്ടയര്‍മെന്റിനായുള്ള നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇന്‍ഷൂറന്‍സിനു പ്രാധാന്യം നല്‍കിയപ്പോള്‍ 37 ശതമാനംപേര്‍ സ്ഥിര നിക്ഷേപങ്ങളോടാണു താല്‍പര്യം കാണിച്ചത്.
- വിരമിച്ചതിനുശേഷം ആവശ്യമായ തുകയെക്കുറിച്ച് 48 ശതമാനം പേര്‍ക്കും ധാരണയില്ല. ആവശ്യമായ നിക്ഷേപത്തെ കുറിച്ച് 52 ശതമാനംപേര്‍ക്ക് അറിവുണ്ട്.
- നഗരങ്ങളിലുള്ള ഇന്ത്യക്കാര്‍ ശരാശരി 50 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ലക്ഷ്യം വെക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ച ശരാശരി 5.72 ലക്ഷം വാര്‍ഷിക വരുമാനമുള്ള ശരാശരി 44 വയസുള്ളവര്‍ കരുതുന്നത്, റിട്ടയര്‍മെന്റിനായി 50 ലക്ഷം രൂപ അല്ലെങ്കില്‍ നിലവിലെ വാര്‍ഷിക വരുമാനത്തിന്റെ 8.8 മടങ്ങ് സമ്പാദ്യംവേണമെന്നാണ്.

എല്ലാറ്റിനും വായ്പയുണ്ട്; വിരമിച്ചശേഷമുള്ള ജീവിതത്തിനുമാത്രമില്ല
വായ്പ ലഭിക്കാത്ത ഒരേയൊരു സാമ്പത്തിക ലക്ഷ്യം ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള കാര്യങ്ങള്‍ക്കാണെന്ന് പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് സിഇഒ അജിത്ത് മേനോന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം, വീട്, കാര്‍, ബിസിനസ് ആരംഭിക്കല്‍ എന്നിങ്ങനെയുള്ള ഏത് ആവശ്യത്തിനും വായ്പ ലഭിക്കും. മികച്ചരീതിയില്‍ എല്ലാവരും തയ്യാറെടുപ്പു നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതുചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പ്രായമേറിയവരുടെ എണ്ണം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
റിവേഴ്സ് മോര്‍ട്ട്ഗേജ് പോലുള്ള പദ്ധതികള്‍ക്ക് ഇപ്പോഴും സ്വീകാര്യതലഭിച്ചിട്ടില്ലെന്ന് മനസിലാക്കണം. റിട്ടയര്‍മെന്റ് പ്ലാനിങിന് ഇന്ത്യക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ആദ്യ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ആശങ്കയുയര്‍ത്തുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികസുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും കൂടുതല്‍ പ്രസക്തമായിവരികയാണ്.
റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തിയിട്ടുള്ളവര്‍ക്കുപോലും സാമ്പത്തിക ആസൂത്രണം സംബന്ധിച്ച് ധാരണക്കുറവുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇതേസമയംതന്നെ തൊഴില്‍ദാതാക്കളില്‍നിന്നും സാമ്പത്തിക ഉപദേശകരില്‍നിന്നും മെച്ചപ്പെട്ട ഉപദേശങ്ങള്‍തേടുകയും സന്തുലിതവും സാമ്പത്തിക സ്ഥിരതനല്‍കുന്നതുമായ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരുമുണ്ടെന്ന് സര്‍വെ വെളിപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..