representative image, photo: Reuters
മുംബൈ: കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചുതുടങ്ങിയശേഷം ജൂൺ അവസാനത്തോടെ വായ്പ മൊറട്ടോറിയം സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറയുന്നതായി ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വ്യക്തമാക്കുന്നു.
ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം 30 ശതമാനം വരെയായി കുറഞ്ഞെന്നാണ് ഇവർ സൂചിപ്പിക്കുന്നത്. മാർച്ച്-മേയ് മാസങ്ങളിൽ ഇത് 50 ശതമാനം വരെയായിരുന്നു.
കോവിഡ് ലോക്ഡൗണിനെത്തുടർന്ന് മാർച്ചിലാണ് റിസർവ് ബാങ്ക് മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീണ്ടതോടെ പിന്നീടിത് ഓഗസ്റ്റ് 31 വരെ മൊത്തം ആറുമാസമായി നീട്ടി.
മൊറട്ടോറിയം കാലത്ത് തിരിച്ചടയ്ക്കാത്ത തുകയ്ക്കും പലിശ ബാധകമായിരിക്കും. അതുകൊണ്ടുതന്നെ അത്യാവശ്യമെങ്കിൽമാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താനും കഴിയുമെങ്കിൽ വായ്പ തിരിച്ചടയ്ക്കാനും വായ്പാസ്ഥാപനങ്ങൾ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു.
സ്ഥിതി മനസ്സിലാക്കി കഴിയുന്നവർ വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. ഭാവിയിലെ വായ്പാസാധ്യതകൾക്കുൾപ്പെടെ ഇത് ഗുണകരമാകും.
ഈടുവെച്ചുള്ള വായ്പകളിൽ തിരിച്ചടവു മുടങ്ങിയത് 20 ശതമാനം വായ്പകളാണെന്ന് വിവിധ സ്ഥാപനങ്ങൾ വ്യക്തമാക്കി.
വരുംമാസങ്ങളിൽ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസിൽ ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ നിരക്ക് 20 ശതമാനത്തിലേക്ക് താഴ്ന്നതായി കമ്പനി വ്യക്തമാക്കി. ജൂൺ ആദ്യം 35 ശതമാനംവരെയായിരുന്നു ഇത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..