റിപ്പോ നിരക്കും കരുതല്‍ധനാനുപതവും താഴ്ത്തിയത് പ്രതിമാസ വായ്പ തിരിച്ചടവില്‍ കാര്യമായ കുറവുണ്ടാക്കും. അതോടൊപ്പം നിക്ഷേപ പലിശയും താഴും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയായ റിപ്പോ നിരക്ക് മുക്കാല്‍ ശതമാന(0.75%)മാണ് കുറച്ചത്. കരുതല്‍ധനാനുപാതമാകട്ടെ ഒരുശതമാനവും. റിവേഴ്സ് റിപ്പോ നിരക്ക് 0.90ശതമാനവും താഴ്ത്തി.
റിപ്പോ നിരക്ക് കുറച്ചതിലൂടെ ഒരു ലക്ഷം കോടിരൂപയും കരുതല്‍ധനാനുപാതം ഒരുശതമാനം താഴ്ത്തിയതിലൂടെ 1.37 ലക്ഷംകോടി രൂപയും അധികമായി ധനകാര്യ സ്ഥാപനങ്ങളിലെത്തും. കരുതല്‍ധനാനുപാതത്തില്‍ ഇതിനുമുമ്പ് കുറവുവരുത്തിയത് 2013 ഫെബ്രുവരിയിലാണ്, കാല്‍ശതമാനം.
5.15 ശതമാനത്തില്‍നിന്ന് റിപ്പോ നിരക്ക് 4.4 ശതമാനയാണ് കുറയുക. കുറഞ്ഞനിരക്കില്‍ ബാങ്കുകള്‍ ആര്‍ബിഐയുടെ വായ്പ ലഭിക്കാന്‍ ഇത് സാഹയിക്കും.
റിവേഴ്സ് റിപ്പോ നിരക്ക് 90 ശതമാനം കുറച്ചതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക കൈവശംവെയ്ക്കാനുള്ള അവസരംലഭിക്കും. വാണിജ്യ ബാങ്കുകള്‍ ഹ്രസ്വകാലത്തേയ്ക്ക് ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ അനുപാതത്തിലാണ് 90 ശതമാനം കുറവുവരുത്തിയിരിക്കുന്നത്.
ആര്‍ബിഐയുടെ വെള്ളിയാഴ്ചയിലെ പ്രഖ്യാപനത്തോടെ വിപണിയിലെത്തുക 3.74 ലക്ഷംകോടി രൂപയാണ്. നിര്‍ണായകമായ ഈ പ്രഖ്യാപനങ്ങളോടെ വായ്പ പലിശയില്‍ കുറവുവരാന്‍ സാഹചര്യമൊരുങ്ങും. ഈനേട്ടം ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയ്യാറായാല്‍ വായ്പയെടുത്തവരുടെ പ്രതിമാസ (ഇഎംഐ)തിരിച്ചടവില്‍ കാര്യമായ കുറവുണ്ടാകും. പലിശകുറയ്ക്കാന്‍ ബാങ്കുകള്‍ക്കുമേല്‍ ആര്‍ബിഐയുടെ കടുത്ത സമ്മര്‍ദവുമുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല.
നിരക്കുകുറച്ച സാഹചര്യത്തില്‍ ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവില്‍(റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശയില്‍) എത്രതുകയുടെ കുറവുവരുമെന്ന് പരിശോധിക്കാം.
നേട്ടത്തിന്റെ കണക്ക് | ||||
വായ്പ തുക | 30 ലക്ഷം | |||
കാലാവധി | 20 വര്‍ഷം | |||
നിലവിലെ പലിശ | 7.95(%) | |||
നിലവിലെ ഇഎംഐ | 24,999.92 | |||
പുതുക്കിയ പലിശ | 7.20% | |||
പുതിയ ഇഎംഐ | 23,620.47 | |||
ഇഎംഐയിലെ കുറവ് | 1379.45 | |||
എസ്ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പ പലിശ പ്രകാരം തയ്യാറാക്കിയത്.
|
പലിശ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പടെയുള്ളവരെ നിരക്കുകുറയ്ക്കല്‍ കാര്യമായി ബാധിക്കും.
2019 ഡിസംബറിലാണ് അവസാനമായി ആര്‍ബിഐ നിരക്കില്‍ കുറവുവരുത്തിയത്. അതിനുശേഷവും പ്രമുഖ ബാങ്കുകള്‍ നിക്ഷേപ പലിശ കുറയ്ക്കല്‍ തുടര്‍ന്നു. രാജ്യത്തെതന്നെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഫെബ്രുവരിയിലും മാര്‍ച്ചിലും സ്ഥിര നിക്ഷേപ പലിശകുറച്ചു. 2004നുശേഷം ഇതാദ്യമായാണ് എസ്ബിഐയുടെ നിക്ഷേപ പലിശ ആറുശതമാനത്തിന് താഴെയെത്തുന്നത്.
ഈ സാഹചര്യത്തില്‍ ചെറുനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിയുന്നതാകും നിക്ഷേപകര്‍ക്ക് നല്ലത്. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം എന്നിവയ്ക്ക് ബാങ്ക് നിക്ഷേപത്തേക്കാള്‍ പലിശ നിലവിലുണ്ട്.
ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ മാര്‍ച്ച് 31നാണ് ഇനി പരിഷ്കരിക്കുക. നിലവിലെ സാഹചര്യമനുസരിച്ച് ഇവയുടെ പലിശയും കുറയാന്‍ സാധ്യതയുണ്ട്.
ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നതോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുള്‍പ്പെടുയള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപനത്തിനുപിന്നാലായാണ് ധനകാര്യമന്ത്രി പ്രത്യേക പാക്കേജ് രാജ്യത്തിന് നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..