റൻസി ഇടപാടുകൾ നിരുത്സാഹപ്പെടുത്താനായി കേന്ദ്ര സർക്കാർ എടുത്ത നിരവധി നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2019-ലെ കേന്ദ്ര ബജറ്റ് പ്രകാരം ആദായനികുതി നിയമത്തിൽ പുതിയതായി കൂട്ടിച്ചേർത്ത 194 എൻ എന്ന വകുപ്പ്. പ്രസ്തുത വകുപ്പ് പ്രകാരമാണ് 2019 സെപ്റ്റംബർ ഒന്നു മുതൽ സഹകരണ ബാങ്കുകൾ അടക്കമുള്ള എല്ലാത്തരം ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും ഒരു കോടി രൂപയിലധികം കറൻസി നോട്ടായി ഒരു സാമ്പത്തിക വർഷം പിൻവലിക്കുകയാണെങ്കിൽ രണ്ട് ശതമാനം ഉറവിട നികുതിപിടിത്തം (ടി.ഡി.എസ്.) ആദ്യമായി ഏർപ്പെടുത്തിയത്.

പണം നൽകുന്ന ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആണ് നികുതി പിടിക്കേണ്ടത്. ഇത് ആ സമയം മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നതാണെങ്കിലും പലരും ശ്രദ്ധിച്ചില്ല. ഇപ്പോൾ ടി.ഡി.എസ്. പിടിച്ചതായി അക്കൗണ്ടിൽ കാണുമ്പോഴാണ് എല്ലാവരും സംശയങ്ങളുമായി ബാങ്കിനെ സമീപിക്കുന്നത്.

പരിധിയിൽ മാറ്റം
2020-ലെ ബജറ്റിൽ, ഈ നിബന്ധനയ്ക്ക് ഇക്കഴിഞ്ഞ ജൂലായ് ഒന്നുമുതൽ പ്രാബല്യത്തോടെ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷക്കാലം തുടർച്ചയായി കൃത്യ സമയത്തിനകം ആദായനികുതി റിട്ടേൺ നൽകാത്തവർ ഒരു സാമ്പത്തിക വർഷം ഒന്നിച്ചോ പല തവണയായിട്ടോ 20 ലക്ഷം രൂപയിൽ അധികം പണമായി പിൻവലിച്ചാൽ, 20 ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്ക് രണ്ട് ശതമാനം നികുതി കിഴിക്കണം.

മൂന്നു വർഷവും അവസാന തീയതിക്കകം റിട്ടേൺ ഫയൽ ചെയ്തവർക്ക് ഒരു കോടി രൂപയിൽ അധികരിച്ചാലേ അധിക തുകയ്ക്ക് അതേ രണ്ടു ശതമാനം നിരക്കിൽ ടി.ഡി.എസ്. പിടിക്കേണ്ടതുള്ളൂ. എന്നാൽ റിട്ടേൺ ഫയൽ ചെയ്യാത്തയാൾ ഒരു കോടിയിലധികം രൂപ പണമായി എടുത്താൽ ടി.ഡി.എസ്. നിരക്ക് അഞ്ചു ശതമാനമാവും. പണമെടുക്കുന്നയാൾക്ക് പാൻ ഇല്ലെങ്കിൽ ടി.ഡി.എസ്. നിരക്ക് 20 ശതമാനം ആവുകയും ചെയ്യും. ആദായനികുതി റിട്ടേൺ കൃത്യമായി ഫയൽ ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം റിട്ടേൺ നൽകിയതിന്റെ അക്നോളജ്‌മെന്റ് കോപ്പികൾ സഹിതം ഒരു നിശ്ചിത ഫോറത്തിലുള്ള പ്രസ്താവന മുഖേന ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അതാണ്, ഇപ്പോൾ ബാങ്കുകൾ അക്കൗണ്ട് തുടങ്ങുമ്പോൾത്തന്നെ അക്നോളജ്‌മെന്റ് കോപ്പികൾ ചോദിക്കുന്നത്. ഇവ രണ്ടും നൽകിയില്ലെങ്കിൽ റിട്ടേൺ കൃത്യമായി ഫയൽ ചെയ്യാത്ത ആളായി കണക്കാക്കി അതനുസരിച്ചുള്ള ടി.ഡി.എസ്. പിടിക്കണം.

എന്നാൽ, നികുതി നൽകാൻ മാത്രം വരുമാനമില്ലാത്തവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽപ്പുണ്ട്. അതിനാൽ അവരിൽ നിന്ന് ടി.ഡി.എസ്. പിടിക്കുകയും അത് അവർ റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ട് വാങ്ങുകയുമേ നിവൃത്തിയുള്ളൂ. അത്തരക്കാർ ടി.ഡി.എസ്. പിടിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം, അക്കൗണ്ടിൽനിന്ന് പണമായി എടുത്ത തുക വരുമാനമായി കണക്കാക്കേണ്ടതില്ല എന്നാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 198 വ്യാഖ്യാനിച്ചാൽ മനസ്സിലാവുക.

എ.ടി.എമ്മിൽ നിന്ന് എടുത്താലും
ബാങ്കിൽ ചെന്ന് നേരിട്ട് പിൻവലിച്ചതും അതേ ബാങ്കിന്റെ പല ശാഖകളിൽ പോയി എടുത്തതും എ.ടി.എം. മുഖേന എടുത്തതും ചെക്ക് മുഖേന മറ്റുള്ളവരെക്കൊണ്ട് പണമായി പിൻവലിപ്പിച്ചതും എല്ലാം ചേർത്താണ് പരിധിലംഘനം കണക്കാക്കുന്നത്.

ഒരേ ബാങ്കിന്റെ ഒരേ ശാഖയിലോ പല ശാഖകളിലോ ഉള്ള വിവിധ അക്കൗണ്ടുകളിൽനിന്ന് ഒരേയാൾ എടുത്തതും പരിധിക്കകത്ത് വരും. എന്നാൽ വ്യത്യസ്ത ബാങ്കുകളിൽ നിന്ന് എടുക്കുന്നത് വേറെ വേറെയാണ് കണക്കാക്കുക. പരിധിക്കു പുറത്ത് വരുന്ന തുകയ്ക്കാണ് ടി.ഡി.എസ്. പിടിക്കുന്നത്. ഉദാഹരണത്തിന്, നികുതി റിട്ടേൺ നൽകാത്തയാൾ എ.ബി.സി. ബാങ്കിൽനിന്ന് 24 ലക്ഷം രൂപയും എക്സ്.വൈ.സെഡ്. ബാങ്കിൽനിന്ന് 19.90 ലക്ഷം രൂപയും ഒരു സാമ്പത്തിക വർഷക്കാലത്ത് പണമായി പിൻവലിച്ചിട്ടുണ്ടെങ്കിൽ എ.ബി.സി. ബാങ്ക് 8,000 രൂപ (24 ലക്ഷം - 20 ലക്ഷം = 4 ലക്ഷം X 2%) ഉറവിടനികുതി പിടിക്കണം. എക്സ്.വൈ.സെഡ്. ബാങ്കിൽനിന്ന് എടുത്ത തുക 20 ലക്ഷത്തിൽ താഴെയായതിനാൽ ആ ബാങ്ക് നികുതി പിടിക്കേണ്ടതില്ല.

കഴിഞ്ഞ വർഷം ഈ വകുപ്പ് പ്രാബല്യത്തിൽ വന്ന തീയതിക്കു ശേഷം ഏഴ് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നതിനാലും തുക പരിധി ഒരു കോടി രൂപ വരെയുണ്ടായിരുന്നതിനാലും അധികം പേരെ ബാധിച്ചിട്ടില്ല. എന്നാൽ ഈ വർഷം ഒൻപത് മാസം വരുന്നുണ്ടെന്നതിനാലും പരിധി ഇരുപത് ലക്ഷമായി കുറച്ചതിനാലും നിരവധി പേർക്ക് 194എൻ ടി.ഡി.എസ്. ബാധകമാവുന്നുണ്ട്. പരിധിക്കു മുകളിലുള്ള തുക പിൻവലിക്കുന്ന ദിവസം തന്നെ ടി.ഡി.എസ്. പിടിക്കുന്നുവെന്നതിനാൽ ഇപ്പോൾ താമസം കൂടാതെ വിവരവും അറിയുന്നുണ്ട്. അതാണ് റീഫണ്ട് കിട്ടുമോയെന്നു തുടങ്ങി നിരവധി അന്വേഷണങ്ങൾ വരുന്നത്.

അതത് വർഷത്തെ നികുതി റിട്ടേണിൽ
ടി.ഡി.എസ്. മുൻകൂർ നികുതിയാണ്. അത് മൊത്തം നികുതി ബാധ്യതയിൽനിന്ന് തട്ടിക്കിഴിക്കാവുന്നതുമാണ്. എന്നാൽ 194എൻ വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ്. അതേ വർഷത്തെ റിട്ടേണിൽ മാത്രമേ ഉൾപ്പെടുത്തി അധിക നികുതി നൽകിയിട്ടുണ്ടെങ്കിൽ റീഫണ്ട് വാങ്ങാനാവൂ. അടുത്ത വർഷത്തിലേക്ക് ക്യാരി ഫോർവേഡ് ചെയ്യാനോ, മറ്റൊരാളുടെ നികുതിബാധ്യതയിൽ തട്ടിക്കിഴിക്കാനോ ആവില്ല. ആരാണോ പണമെടുത്തത് അയാൾക്കാണ് ടി.ഡി.എസ്. വന്നത്; അയാൾക്ക് മാത്രമേ റിട്ടേണിൽ അത് കാണിക്കാനുമാവൂ.

ജോയിന്റ് അക്കൗണ്ട് ഉള്ളവർക്ക് ആ അക്കൗണ്ടിലെ പലിശ വരുമാനത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ, 194എൻ ടി.ഡി.എസ്. തമ്മിൽ തമ്മിൽ സൗകര്യം പോലെ അലോക്കേറ്റ് ചെയ്യാനാവില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

(ഗുരുഗ്രാമിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി മെമ്പറാണ് ലേഖകൻ. വിശകലനവും അഭിപ്രായങ്ങളും വ്യക്തിപരം)