നനയ കമ്മിറ്റിയുടെ പ്രഖ്യാപനങ്ങള്‍ മിക്കവാറും പ്രതീക്ഷിച്ചതുതന്നെ. പലിശ നിരക്കുകളില്‍ മാറ്റംവരുത്താതെ ഉദാരനയം തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനെ സഹായിക്കുന്നതിനായി ഉദാരീകരണനയങ്ങള്‍ ഈവര്‍ഷം തുടരുമെന്നും അടുത്തസാമ്പത്തിക വര്‍ഷത്തേക്കത് ദീര്‍ഘിപ്പിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞത്. 

2021 സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചമായിരുന്നെങ്കിലും വളര്‍ച്ചയുടെപാതയില്‍ തിരിച്ചെത്താന്‍ അഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം സങ്കോചിക്കുമെന്നും വരാനിരിക്കുന്ന രണ്ടുപാദങ്ങളില്‍ വളര്‍ച്ചാനിരക്ക് അനുകൂലമായിരിക്കുമെന്നുമാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.  

സ്ഥിതിഗതികള്‍ ഇങ്ങിനെയാണെങ്കിലും വര്‍ധിക്കുന്ന വിലക്കയറ്റത്തിന്റെ കാര്യത്തിലുള്ള ഉല്‍ക്കണ്ഠ ആര്‍ബിഐ ഗവര്‍ണറുടെ പ്രസംഗത്തില്‍ പ്രകടമായിരുന്നു. ശീതകാല മാസങ്ങളിലെ ചെറിയആശ്വാസവുമായി വിലക്കയറ്റനിരക്ക്  ഉയര്‍ന്നനിലയില്‍തന്നെ തുടരുമെന്നാണ് ധനനയ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പട്ടു നിര്‍ണയിക്കുന്ന വിലക്കയറ്റനിരക്ക് ഒക്ടോബറില്‍ 7.6 ശതമാനമായിരുന്നു. 2021 സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ അത് 6.8 ശതമാനവും നാലാം പാദത്തില്‍ 5.8 ശതമാനവും ആയിരിക്കുമെന്നുമാണ് വിലയിരുത്തല്‍. 

പ്രധാനമായും വിതരണരംഗത്തെ പ്രശ്നങ്ങളാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് വര്‍ധിക്കാന്‍കാരണം. സാമ്പത്തികമേഖല സാവധാനം വീണ്ടെടുപ്പു തുടങ്ങിയതോടെ ഡിമാന്റിലെ വര്‍ധനയും ഘടകമായിത്തീരും. ഉദാഹരണത്തിന് ഒക്ടോബറിലെ അടിസ്ഥാന വിലക്കയറ്റനിരക്ക് 5.7 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉദാരവല്‍കൃത സാമ്പത്തിക നയങ്ങള്‍ കാരണം വികസ്വരവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്കില്‍ ഉണ്ടായ വര്‍ധനയും ചില്ലറ വ്യാപാരമേഖലയില്‍ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 

രാഷ്ട്രീയസ്ഥിരതയും യുഎസില്‍ വരാനിരിക്കുന്ന സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷയും പണമിറക്കാനുള്ള ത്വര നിക്ഷേപകരില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളില്‍ മികച്ചലാഭം പ്രതീക്ഷിച്ച് ധാരാളമായി വിദേശ ണം ഒഴുകിയെത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വിദേശ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയേക്കാവുന്ന ചഞ്ചലാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി. അഭ്യന്തര സാമ്പത്തിക വിപണിയില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സാമ്പത്തിക മേഖലയില്‍ വായ്പാവളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ നടപടികള്‍ പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ അടിയന്തിര വായ്പാസഹായം ഉറപ്പുവരുത്തുന്ന ഇസിഎല്‍ജിഎസ് പദ്ധതിയുടെ മാതൃകയില്‍ പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്ന  ദീര്‍ഘകാല റിപ്പോ പ്രക്രിയ നീട്ടിനല്‍കി. അതുപോലെ, പണ വിപണിയിലെ നോട്ടീസ് സൗകര്യത്തോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യം, റിസര്‍വ് ബാങ്കിന്റെ മാര്‍ജിനല്‍ സ്റ്റാന്റിംഗ് സൗകര്യം (എംഎസ്  എഫ്) എന്നിവ  ഉപയോഗിക്കാന്‍ പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും ്അനുമതി നല്‍കും.

നിയന്ത്രിതമായ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സുരക്ഷാനിയന്ത്രണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആര്‍ബിഐക്കു പരിപാടിയുണ്ട്. ഈയിടെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിലാണ് ഈനടപടിയെ കാണേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗില്‍ വൈദ്യുതി തകരാര്‍ കാരണം പുതിയ ക്രെഡിറ്റ് കാര്‍ഡും മറ്റു ഡിജിറ്റല്‍ സൗകര്യങ്ങളും ഇറക്കുന്നതില്‍നിന്ന് എച്ച്ഡിഎഫ്സി ബാങ്കിനെ റിസര്‍വ് ബാങ്ക് തടയുകയുണ്ടായി.  

സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ധനനയത്തിലെ മൃദുസമീപനം തുടരുമെന്നുതന്നെയാണ് കമ്മിറ്റി തീരുമാനത്തിന്റെ അന്തര്‍ധാര. വിലക്കയറ്റനിരക്ക് താങ്ങാവുന്ന നിലയിലേക്കുതാഴുന്നതുവരെ പലിശനിരക്കു കുറയ്ക്കുന്നതിന് ആര്‍ബിഐ തയാറാവുകയില്ലെന്നാണ് കരുതേണ്ടത്. ഉദാരനയങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുകൂടി നീട്ടാനുള്ള തീരുമാനത്തില്‍നിന്നു വിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാള്‍ പ്രധാനം സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുക എന്നതാണെന്ന്  വ്യക്തമാകുന്നുണ്ട്. എന്നാല്‍ വിലക്കയറ്റനിരക്ക് ലക്ഷ്യത്തില്‍ ഒതുക്കിനിര്‍ത്തേണ്ടത് ആര്‍ബിഐയുടെ ഉത്തരവാദിത്തം തന്നെയാണ്.  

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തികകാര്യ വിഗദ്ധയാണ് ലേഖിക)