മിനിമം പെൻഷൻ വർധന, 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് നിശ്ചയിക്കൽ, നിക്ഷേപ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഉന്നതാധികാര സമതി നവംബർ 20ന് യോഗംചേരും. 

ഏഴ് മാസത്തിനുശേഷം നടക്കുന്ന യോഗത്തിൽ മിനിമം പെൻഷൻ വർധനവാണ് പ്രധാന അജണ്ട. 1000 രൂപയിൽനിന്ന് 6,000 രൂപയായി ഉയർത്തണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. അതേസമയം, 3000 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. 1000 രൂപയിൽനിന്ന് 3000 രൂപയായി ഉയർത്താൻ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി നേരത്തെ ശുപാർശചെയ്തിരുന്നു. 

പലിശ വർധന
2021 സാമ്പത്തിക വർഷത്തെ പലിശനിരക്കുതന്നെ നിശ്ചിയിക്കാനാണ് സാധ്യത. 2020 സാമ്പത്തിക വർഷത്തെ പലിശയായ 8.65ശതമാനത്തിൽനിന്ന് കഴിഞ്ഞവർഷം 8.5ശതമാനമായി കുറച്ചിരുന്നു. നിലവിൽ ഏഴുവർഷത്തെ താഴ്ന്ന നിരക്കാണ് നൽകുന്നത്. ലഘുസമ്പാദ്യ പദ്ധതി ഉൾപ്പടെയുള്ള സ്ഥിര നിക്ഷേ പദ്ധതിയേക്കാൾ പലിശ നിലവിൽ ഇപിഎഫ് നൽകുന്നുണ്ട്.

നിക്ഷേപ പോർട്ട്‌ഫോളിയോ
ഓഹരിയിലെ നിക്ഷേപത്തിനുപുറമെ, മറ്റ് പദ്ധതികളിലേക്കുകൂടി നിക്ഷേപം വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചേക്കും. കോർപറേറ്റ് ബോണ്ടുകൾ, റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റുമെന്റ് ട്രസ്റ്റ്, ഇൻഫ്ര ഇൻവെസ്റ്റുമെന്റ് ട്രസ്റ്റ്, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റുമെന്റ് ഫണ്ട് തുടങ്ങിയവയിൽകൂടി നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാകും ആലോചിക്കുക. 

നിലവിൽ 45-50 ശതമാനംവരെ സർക്കാർ സെക്യൂരിറ്റികളിലും 35-45ശതമാനംവരെ ഡെറ്റ് പദ്ധതികളിലും 5-15ശതമാനംവരെ ഓഹരിയിലുമാണ് ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നത്.