ഴിഞ്ഞകാലത്തെ മികച്ച നേട്ടക്കണക്കുകള്‍ നിരത്തിയാണ് സുരേഷിനെ മ്യൂച്വല്‍ ഫണ്ട് വിതരണക്കാരന്‍ മിഡ് ക്യാപ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. നിക്ഷേപിച്ചുകഴിഞ്ഞ് ഏറെക്കഴിയുംമുമ്പെ ഫണ്ടുകള്‍ നഷ്ടത്തിലായി. ആറുമാസമായപ്പോഴേയ്ക്കും മിഡ് ക്യാപ് ഫണ്ടുകളുണ്ടാക്കിയ നഷ്ടം 15 ശതമാനമായി.

അതുകണ്ട് അസ്വസ്ഥനായ സുരേഷ് എസ്‌ഐപി നിക്ഷേപം നിര്‍ത്തി. ഫണ്ട് നിക്ഷേപത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. 

ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ റിസ്‌ക് മനസിലാക്കാതെ നിക്ഷേപിച്ചതാണ് നഷ്ടക്കണക്കില്‍ പതറാന്‍ ഇടയാക്കിയത്. ദീര്‍ഘകാലത്തേയ്ക്ക്, അതായത് അഞ്ചുമുതല്‍ ഏഴുവര്‍ഷക്കാലയളവ് മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ മിഡ് ക്യാപ് ഫണ്ടിന് കഴിയും. 

സെബിയുടെ നിര്‍ദേശ പ്രകാരം ഫണ്ടുകളുടെ റീക്ലാസിഫിക്കേഷന്‍ നടത്തിയതാണ് അടുത്തയിടെ മിഡ് ക്യാപ് ഫണ്ടുകള്‍ക്ക് വിനയായത്. 

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ വലിയ 100 കമ്പനികള്‍ കഴിഞ്ഞ് 101 മുതല്‍ 250 വരെയുള്ള കമ്പനികളില്‍ നിക്ഷേപിക്കേണ്ടവയാണ് മിഡ് ക്യാപ് ഫണ്ടുകളെന്ന് സെബി വിശദമാക്കിയിട്ടുണ്ട്.

ഇതുപ്രകാരം പല ഓഹരികളും ഫണ്ട് ഹൗസുകള്‍ക്ക് വിറ്റൊഴിയേണ്ടിവന്നു. അപ്പോഴുണ്ടായ ലിക്വിഡിറ്റി പ്രശ്‌നമാണ് മിഡ് ക്യാപ് ഫണ്ടുകളെയാകെ ബാധിച്ചത്. 

ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ കുറഞ്ഞത് 65ശതമാനം തുകയും മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കണം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250വരെ സ്ഥാനമുള്ള ഓഹരികളിലാണ് ഫണ്ടിന്റെ ശ്രദ്ധ. 

ലാര്‍ജ് ക്യാപ്  ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന റിസ്‌ക് ഉള്ളവയായിരിക്കും മിഡ് ക്യാപ് ഫണ്ടുകളെങ്കിലും ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാം. 

മൂന്നുവര്‍ഷ കാലയളവില്‍ ശരാശരി 9.93 ശതമാനവും അഞ്ചുവര്‍ഷ കാലയളവില്‍ 27.57 ശതമാനവും പത്തുവര്‍ഷ കാലയളവില്‍ 15.86 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ നല്‍കിയിട്ടുള്ളത്. 30 ഫണ്ടുകളാണ് നിലവില്‍ മിഡ് ക്യാപ് കാറ്റഗറിയിലുള്ളത്. 

നിക്ഷേപത്തിന് നിര്‍ദേശിക്കുന്ന ഫണ്ടുകള്‍

1. ഡിഎസ്പി ബ്ലാക്ക്‌റോക്ക് മിഡ് ക്യാപ്
2. എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ്
3. എല്‍ആന്റ്ടി മിഡ് ക്യാപ്​

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയില്‍ കാണുക. അഞ്ചുവര്‍ഷ കാലാവധിയില്‍ ആറു ലക്ഷവും പത്തുവര്‍ഷ കാലാവധിയില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. 

Fund Return
Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr %
DSP BlackRock Midcap 10.26 20.81 35.98 20.46
L&T Midcap 10.92 23.30 38.36 21.62
HDFC Midcap Opportunities 10.24 20.73 39.32 22.07

പ്രതിമാസ എസ്‌ഐപി തുക 10,000 രൂപ. അഞ്ചുവര്‍ഷ കാലാവധി(1 ജൂലായ് 2013 മുതല്‍ 1 ജൂണ്‍ 2018വരെ).പത്തുവര്‍ഷ കാലാവധി(1 ജൂലായ് 2008 മുതല്‍ 1 ജൂണ്‍ 2018വരെ).Return as on August 08, 2018. 

feedbacks to: antonycdavis@gmail.com