നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവര്‍ഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താല്‍ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവള്‍ അറിഞ്ഞത്. 

നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമിലാണ് നീനു നിക്ഷേപിച്ചത്. 

ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കില്‍ സംശയിക്കേണ്ട ടാക്‌സ് സേവിങ് ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.  

ദീര്‍ഘകാലയളവില്‍ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാന്‍ ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്.

ചുരുങ്ങിയത് 500 രൂപ വീതം എസ്‌ഐപിയായി നിക്ഷേപിക്കാന്‍ അവസരമുണ്ട്. സാമ്പത്തിക വര്‍ഷം അവസാനത്തേയ്ക്ക് കാത്തുനില്‍ക്കാതെ ദീര്‍ഘകാല ലക്ഷ്യത്തോടെ എസ്‌ഐപിയായി ഇപ്പോള്‍തന്നെ നിക്ഷേപിച്ചുതുടങ്ങാം. 

നികുതിയിളവ് നല്‍കുന്ന നിക്ഷേപ പദ്ധതികളില്‍ ചുരുങ്ങിയ ലോക്ക് ഇന്‍ പിരിയഡ് ഉള്ളതും ടാക്‌സ് സേവിങ് ഫണ്ടുകള്‍ക്കാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വര്‍ഷവും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്(എന്‍എസ് സി)അഞ്ചുവര്‍ഷവുമാണ് ലോക്ക് ഇന്‍ പിരിഡ്. 

മൂന്നുവര്‍ഷംമാത്രം ലോക്ക് ഇന്‍ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം പിന്‍വലിക്കാമെന്ന് കരുതരുത്. ദീര്‍ഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതല്‍ പത്തുവര്‍ഷംവരെ എസ്‌ഐപി രീതിയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം നല്‍കാന്‍ ടാക്‌സ് സേവിങ് ഫണ്ടുകള്‍ക്ക് കഴിയും. 

മൂന്നുവര്‍ഷ കാലയളവില്‍ ശരാശരി 11.05ശതമാനവും അഞ്ചുവര്‍ഷ കാലയളവില്‍ 19.57 ശതമാനവും പത്തുവര്‍ഷ കാലയളവില്‍ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ നല്‍കിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തില്‍ നിലവിലുള്ളത്. 

നിക്ഷേപത്തിന് നിര്‍ദേശിക്കുന്ന ഫണ്ടുകള്‍

1. ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
2. എല്‍ആന്റ്ടി ടാക്‌സ് അഡ്വാന്റേജ് ഫണ്ട്
3. ആദിത്യ ബിര്‍ള എസ്എല്‍ ടാക്‌സ് റിലീഫ് 96

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയില്‍ കാണുക. അഞ്ചുവര്‍ഷ കാലാവധിയില്‍ ആറു ലക്ഷവും പത്തുവര്‍ഷ കാലാവധിയില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. 

Fund Return
Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr %
Axis Long Term Equity 9.98 19.96 25.26 20.30*
L&T Tax Advantage 9.28 17.05 28.70 16.43
Aditya Birla SL tax Relief 96 9.79 19.18 30.63 17.62

പ്രതിമാസ എസ്‌ഐപി തുക 10,000 രൂപ. അഞ്ചുവര്‍ഷ കാലാവധി(1 ജൂലായ് 2013 മുതല്‍ 1 ജൂണ്‍ 2018വരെ).പത്തുവര്‍ഷ കാലാവധി(1 ജൂലായ് 2008 മുതല്‍ 1 ജൂണ്‍ 2018വരെ).Return as on July 20, 2018. *ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിലെ എസ്‌ഐപി തുടങ്ങിയത് 2010 ജനുവരി ഒന്നിനാണ് അവസാനിപ്പിച്ചത് 2018 ജൂണ്‍ ഒന്നിനും. 2009 ഡിസംബര്‍ 29നാണ് ഫണ്ട് തുടങ്ങിയത്.

feedbacks to: antonycdavis@gmail.com