നിക്ഷേപ തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ്, പ്രത്യേകിച്ച് സാധാരണക്കാർക്കാണ് നിരന്തരം പണം നഷ്ടമാകുന്നത്. ഇത്തരത്തിൽ രണ്ടു സംഭവങ്ങൾക്ക് കേരളം ഇപ്പോൾ സാക്ഷ്യംവഹിക്കുകയാണ്.

ഇതിനു മുമ്പും പലതവണ കേരളത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകളും നടന്നിട്ടുണ്ട്. ഒരു അറസ്റ്റും കേസും ആയാൽ എല്ലാമായി എന്ന നിലയ്ക്കാണ് പൊതുവെ ഈ സംഭവങ്ങളെ നാം സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ‘ആട്, തേക്ക്‌, മാഞ്ചിയം’, ‘ആപ്പിൾ എ ഡേ’ എന്നിവ പോലെ ഇവയും കുറെ നാളുകൾകഴിയുമ്പോൾ ജനം മറക്കും. പുതിയ ഏതെങ്കിലും തട്ടിപ്പുസംരംഭങ്ങളിൽ നിക്ഷേപിച്ച് ധനം നഷ്ടപ്പെടുന്നത് തുടരും.

എന്താണ് ‘ബഡ്സ്’?
സാമ്പത്തിക ക്രമക്കേടുകൾ തടയാൻ വേണ്ടിയുള്ള ഒരു നിയമം കഴിഞ്ഞവർഷംതന്നെ പാർലമെൻറ് പാസാക്കുകയുണ്ടായി. ‘ബാനിങ്‌ ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ്‌ സ്കീം’ (ബഡ്‌സ്) എന്ന നാമധേയത്തിൽ നിലവിൽവന്ന ഈ നിയമപ്രകാരം ഏതെങ്കിലും നിയമാനുസൃതമായ മാർഗത്തിൽ കൂടിയല്ലാതെ ഒരു കമ്പനിക്കോ വ്യക്തിക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ നിക്ഷേപ സമാഹരണം നടത്താൻ സാധ്യമല്ല.

കഴിഞ്ഞ വർഷം പാസാക്കിയ ഈ ആക്ടിന്റെ റൂൾസ് ഈ വർഷം ഫെബ്രുവരിയിൽത്തന്നെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി പോലെയുള്ള സംവിധാനങ്ങളുടെ അനുമതി കൂടാതെ നിക്ഷേപം സമാഹരിക്കുന്ന ‌പ്രക്രിയതന്നെ ക്രിമിനൽക്കുറ്റം ആക്കുന്ന നിയമമാണിത്. അല്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ ആയ കോ-ഓപ്പറേറ്റീവ്സ് ആക്ടിന്റെയോ ചിറ്റ് ഫണ്ട്സ് ആക്ടിന്റെയോ സമാനമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നിക്ഷേപ സമാഹരണം. അങ്ങനെയല്ലാത്ത നിക്ഷേപ സമാഹരണം ജാമ്യമില്ലാ കുറ്റങ്ങളുടെ വകുപ്പിൽ പെടും.

അതായത്, അനധികൃത നിക്ഷേപ സമാഹരണങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ഒരു ശ്രമം. അനിയന്ത്രിത നിക്ഷേപങ്ങൾ നിരോധിക്കുന്ന ഈ പദ്ധതിയുടെ കീഴിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പ്രധാനമായും സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിനും ചില ഉത്തരവാദിത്വം ഈ നിയമം അനുശാസിക്കുന്നു.

സംസ്ഥാന സർക്കാർ ഈ നിയമം പ്രാവർത്തികമാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചാൽ ഇനിയെങ്കിലും പണത്തട്ടിപ്പുകളുടെ കേസുകൾ കുറയും എന്ന് തീർച്ച.

ഇപ്പോൾ നടന്ന രണ്ടു സംഭവങ്ങളിലും നിക്ഷേപങ്ങൾ കുറെ വർഷങ്ങളായി സ്വീകരിച്ചുപോന്നുവെന്നും ചില ചാനലുകൾ അടക്കമുള്ളവയിൽ ഈ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൊടുത്തിരുന്നു എന്നതുമാണ് വിചിത്രം. പുതിയ നിയമം നിലവിൽവന്നാൽ ഇങ്ങനെ പരസ്യം കൊടുക്കുന്ന മാധ്യമങ്ങൾക്കും ഉത്തരവാദിത്വം വരും. അനിയന്ത്രിതമായ നിക്ഷേപങ്ങളുടെ പരസ്യം, അഥവാ കൊടുത്താൽ അതിന്റെ നിരാകരണം അതേ വലിപ്പത്തിലും രൂപത്തിലും കൊടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്ക് വരും.

അപ്പോൾപ്പിന്നെ, പരസ്യം കൊടുക്കുകയും അതിന്റെയടക്കം അടിസ്ഥാനത്തിൽ പാവപ്പെട്ടവർ നിക്ഷേപം നടത്തി, സമ്പാദ്യം നഷ്ടപ്പെടുമ്പോൾ അത് വാർത്തയാക്കി കൊടുക്കാനും കഴിയാതെവരും. മാധ്യമങ്ങൾക്കും ജനത്തിനും നിക്ഷേപ സമാഹരണം നടത്തുന്നവർക്കും അത് ഗുണം ചെയ്യും.

നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ
നാലു കാര്യങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു. ബാക്കി നടപടിക്രമങ്ങൾ അതിന്റെ തുടർച്ചയായി വന്നുകൊള്ളും.

1. ബഡ്‌സ് ആക്ടിൽ അനുശാസിക്കുന്ന ഉദ്യോഗസ്ഥനെ (സർക്കാർ സെക്രട്ടറിക്കു താഴെയല്ലാതെ) ഉടൻ നിയമിക്കുക. ഈ ഉദ്യോഗസ്ഥൻ ഓഫീസ് തുടങ്ങുന്നതടക്കം മറ്റു കാര്യങ്ങൾ നിർവഹിക്കും.

2. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഒന്നോ രണ്ടോ സ്പെഷ്യൽ കോടതികൾ ഈ ആക്ട് പ്രകാരംതന്നെ പെട്ടെന്ന് തുടങ്ങുക. ആക്ട് നിഷ്കർഷിക്കുന്നത് 180 ദിവസങ്ങൾക്കകം കേസുകൾ തീർപ്പാക്കണം എന്നാണ്. നിക്ഷേപകരുടെ സമ്പാദ്യങ്ങൾക്ക്‌ സർക്കാരിന് കൊടുക്കാനുള്ള നികുതി മുതലായവയെക്കാളും പ്രാമാണ്യം ഉള്ളതുകൊണ്ട്, കുറെയെങ്കിലും കാശ്‌ ഈ കോടതികൾവഴി പെട്ടെന്ന് തിരിച്ചുകിട്ടിയേക്കാം.

3. പരസ്യങ്ങളിലൂടെയും മറ്റും ഈ ആക്ടിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. റിസർവ് ബാങ്കിന്റെയോ സമാനമായ സ്ഥാപനങ്ങളുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ തുടങ്ങുന്ന നിക്ഷേപ സമാഹരണംതന്നെ (തിരിച്ചുകൊടുക്കാൻ സാധിച്ചാൽപ്പോലും) നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് എന്ന്.

4. ഇപ്പോൾ ഈ നിയമത്തിന്‌ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ മാതൃകാപരമായ നടപടികൾ സ്വീകരിക്കുക.

കേന്ദ്ര ഇടപെടലും ആവശ്യം
ആക്ടിൽ പറയുന്ന നിക്ഷേപ പദ്ധതികളുടെ ദേശീയ തല രജിസ്ട്രി തുടങ്ങാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. പക്ഷേ, ഇതൊക്കെക്കഴിഞ്ഞാലും ധനകാര്യ ഇടപാടുകൾ ഉള്ളിടത്തോളംകാലം തട്ടിപ്പുകൾ ഉണ്ടാകും. പഴുതടച്ച ഒരു നിയമത്തിനും അതിനെ തടുക്കാൻ സാധിക്കില്ല. നിതാന്ത ജാഗ്രതയും അവധാനതയും തന്നെയാണ് സ്വന്തം സമ്പാദ്യം കാത്തുസൂക്ഷിക്കാനുള്ള ഏക പരിരക്ഷ.