ബ്ജി കളിക്കാൻ അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് മകൻ ഒരുലക്ഷത്തിലേറെ രൂപ പിൻവലിച്ചത് ഈയിടെ വാർത്തയായിരുന്നു. അക്കൗണ്ടിൽനിന്ന് തുടർച്ചയായി പണംനഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സൈബർ പോലീസിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യംവെളിച്ചത്തുവന്നത്.

രാജ്യത്ത് ഏറ്റവുംകൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവെ റിപ്പോർട്ടും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വളർന്നുവരുന്ന പ്രായത്തിൽതന്നെ പണത്തിന്റെമൂല്യത്തെക്കുറിച്ചും ചെലവുചെയ്യലിനെക്കുറിച്ചും അവബോധം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇക്കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള അറിവുകൾ കൈമാറേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.

എപ്പോൾ തുടങ്ങാം
സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ നിശ്ചിതപ്രായമൊന്നും നിർദേശിക്കാൻ കഴിയില്ല. വീട്ടിലെ സാമ്പത്തികകാര്യങ്ങളിൽ അല്പാൽപമായി ഇടപെടുത്തി അതിന് തുടക്കമിടാം. ഷോപ്പിങിന് പോകുമ്പോൾ ഇടക്കൊക്കെ അവരെയുംകൂട്ടാം. സമ്പാദ്യവുമായി ബന്ധപ്പെട്ട സ്‌റ്റോറി ബുക്കുകൾ വായിക്കാൻ കൊടുക്കാം.

അധ്വാനത്തിന്റെഫലം
വീട്ടിലെ ചെറിയ ജോലികൾ ഏൽപ്പിക്കുകയും അതിന് പ്രതിഫലമായി പണംനൽകുകയുംചെയ്യാം. പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ തുടങ്ങിയവ അവരെ ഏൽപിക്കാം. പണത്തിന്റെ മൂല്യം മനസിലാക്കാൻ അധ്വാനം ഉപകരിക്കും.

ലഭിക്കുന്ന പണം കാശുകുടുക്കയിൽ സൂക്ഷിക്കാൻ ശീലിപ്പിക്കണം. രണ്ടോ മൂന്നോ മാസംകഴിയുമ്പോൾ കുടുക്കയിൽനിന്ന് പണമെടുത്ത്, പലപ്പോഴായി അതിൽ നിക്ഷേപിച്ച തുകയിലെ വളർച്ച അവരെ ബോധ്യപ്പെടുത്താം. പോക്കറ്റ് മണിയായ നൽകുന്ന പണത്തിലെ ഒരുഭാഗവും ഇത്തരത്തിൽ നിക്ഷേപിക്കാൻ പരിശീലിപ്പിക്കാം. കുറച്ചുകൂടി വലുതാകുമ്പോൾ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാം. അവരുടെ ആവശ്യങ്ങൾക്കായി ചെറിയതോതിൽ ചെലവഴിക്കുകയുംചെയ്യാം.

18 വയസ്സ് പിന്നിടുംമുമ്പ് സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് അത്യാവശ്യധാരണ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടാകണം. പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരുമ്പോഴേക്കും നിക്ഷേപലോകത്തേക്ക് അവരെ നയിക്കാനാകാണം. മിതത്വം പാലിച്ച് ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പത്ത് സമാഹരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക.  

സാമ്പത്തിക ലക്ഷ്യങ്ങൾ
ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കാൻ അവരെ സഹായിക്കാം. ചെലവാക്കാൻ മാത്രമുള്ളതല്ല സമ്പാദിക്കാനുമുള്ളതാണ് പണമെന്നും ബാധ്യപ്പെടുത്താം. കടംവാങ്ങിയോ ബാങ്ക് വായ്പയെടുത്തോ അല്ല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന് പറഞ്ഞുകൊടുക്കാം. കളിപ്പാട്ടം, കോമിക് പുസ്തകം എന്നിവ വാങ്ങുന്നതായിരിക്കണം തുടക്കത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ. കുറച്ചുകൂടി വലുതായാൽ രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാർഡ് നൽകാം.

എല്ലാറ്റിനുമുപരി
കുട്ടികൾ സമ്പാദ്യശീലമുള്ളവരും ചെലവുചെയ്യലിൽ മിതത്വം സൂക്ഷിക്കുന്നവരുമാകണമൈന്ന് ആഗ്രഹിക്കന്നുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ചമാർഗം അവർക്ക് മാതൃകയാകുകയെന്നതാണ്. ബുദ്ധിപൂർവം ചെലവഴിക്കുന്നതും വരുമാനത്തിൽനിന്ന് ഒരുഭാഗം നിക്ഷേപിക്കുന്നതും അവർ കാണട്ടെ. പഠിപ്പിക്കുന്നതിനേക്കാൾ ചെയ്ത് കാണിക്കുന്നതാണ് എളുപ്പത്തിൽ കുട്ടികളുടെ മനസിൽ പതിയുക. കുട്ടികൾ ബുദ്ധിമുട്ടില്ലാതെതന്നെ ആ പാത പിന്തുരുകയുംചെയ്യും. ആവശ്യഘട്ടങ്ങളിൽ വിദഗ്‌ധോപദേശം നൽകിയാൽ മതിയാകും. 

2021 ഒക്ടോബര്‍ ഒന്നാംലക്കം ഗൃഹലക്ഷ്മിയില്‍ 'മണി ടൂ' കോളത്തില്‍ പ്രസിദ്ധീകരിച്ചത്‌

antonycdavis@gmail.com