ഐ.ടി. സംരംഭങ്ങൾക്ക്‌ നൽകിവരുന്ന നിക്ഷേപ സബ്‌സിഡിയാണ്‌ ‘സ്റ്റാൻഡേർഡ്‌ ഇൻവെസ്റ്റ്‌മെന്റ്‌ സബ്‌സിഡി’ (എസ്‌.ഐ.എസ്‌.). കേരള ഐ.ടി. മിഷനാണ്‌ ഇതുപ്രകാരമുള്ള സബ്‌സിഡികൾ അനുവദിക്കുന്നത്‌. സ്ഥാപനത്തിലെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇത്‌ അനുവദിക്കുക.

പദ്ധതി ആനുകൂല്യങ്ങൾ

 • സ്ഥിരമൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ്‌ സബ്‌സിഡി അനുവദിക്കുന്നത്‌.
 • എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഐ.ടി. സ്ഥാപനങ്ങൾക്ക്‌ സ്ഥിരനിക്ഷേപത്തിന്റെ 30 ശതമാനം, പരമാവധി 15 ലക്ഷം വരെയാണ്‌ എസ്‌.ഐ. എസ്‌. അനുവദിക്കുക.
 • ഇടുക്കി, വയനാട്‌ ജില്ലകളിലെ ഐ.ടി. സ്ഥാപനങ്ങൾക്ക്‌ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം, പരമാവധി 25 ലക്ഷം രൂപ വരെ സബ്‌സിഡിയായി നൽകുന്നു.
 • മറ്റ്‌ ജില്ലകളിലെ ഐ.ടി. സംരംഭങ്ങൾക്ക്‌ സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം, പരമാവധി 25 ലക്ഷം രൂപ വരെ എസ്‌.ഐ.എസ്‌. ലഭിക്കുന്നതാണ്‌.

അർഹത

1.ഐ.ടി., ഐ.ടി. അധിഷ്ഠിത സംരംഭങ്ങൾ കേരള സംസ്ഥാനത്ത്‌ പ്രവർത്തിച്ചുവരുന്നതാകണം.
2.പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്തുള്ള സംരംഭങ്ങൾക്ക്‌ ആനുകൂല്യം ലഭിക്കില്ല.
3.ഇനി പറയുന്ന പ്രവൃത്തികൾ ചെയ്തുവരുന്ന സംരംഭങ്ങൾക്കാണ്‌ അർഹത

 • സോഫ്റ്റ് വെയർ ഡെവലപ്മെന്റ്‌.
 • ഐ.ടി. സേവന സ്ഥാപനങ്ങൾ.
 • ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ (പരിശീലനം ഒഴികെ).
 • ഹാർഡ്‌വേർ നിർമാണം.

4.അവസാന ആറു വർഷത്തിനുള്ളിൽ ആനുകൂല്യം വാങ്ങിയവർ ആകരുത്‌. എന്നാൽ, ഇതിൽ പറയുന്ന മുഴുവൻ തുകയും ലഭിക്കാത്ത സംരംഭങ്ങൾക്ക്‌ ബാക്കി അർഹതയുള്ള തുകയ്ക്ക്‌ അപേക്ഷിക്കാം.
5.വിപുലീകരണം, വൈവിധ്യവത്‌കരണം, ആധുനികവത്‌കരണം എന്നിവയിലെ നിക്ഷേപവും പരിഗണിക്കും.
6.ഖാദി സംരംഭങ്ങൾക്ക്‌ അർഹതയില്ല.
7.പങ്കാളിത്ത സ്ഥാപനങ്ങളിൽ 60 ശതമാനവും കമ്പനികളിൽ 50 ശതമാനവും മറ്റ്‌ സ്ഥാപനങ്ങളിൽ ഷെയർ ഉള്ളവർ ആകരുത്‌.
8.അഞ്ചു വർഷം തുടർച്ചയായി പ്രവർത്തിച്ചുകൊള്ളാമെന്ന്‌ എഗ്രിമെന്റ്‌ ചെയ്യേണ്ടതാണ്‌.
9.പുതിയ ആസ്തികൾ സമ്പാദിക്കുന്നതിനാണ്‌ എസ്‌.ഐ.എസ്‌. ലഭിക്കുക.
10.മേയ്‌-ജൂൺ, നവംബർ-ഡിസംബർ മാസങ്ങളിലോ, കമ്മിഷൻ നിർദേശിക്കുന്ന സമയത്തോ അപേക്ഷിക്കാവുന്നതാണ്‌.

പരിഗണിക്കുന്ന നിക്ഷേപങ്ങൾ:

 1. കെട്ടിടത്തിന്റെ ഫർണിഷിങ്‌, ഇന്റീരിയർ വർക്കുകൾ.
 2. വൈദ്യുതീകരണം.
 3. ഹാർഡ്‌വേയർ, സോഫ്‌റ്റ്‌വേർ, പ്ലാന്റ്‌ ആൻഡ്‌ മെഷീനറികൾ.

ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങൾ

പദ്ധതി ഏകോപിപ്പിക്കുന്നതും അപേക്ഷകളിൽ ശുപാർശ സമർപ്പിക്കുന്നതും പ്രത്യേക ധനകാര്യ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുമാണ്‌.

 1. കെ.എസ്‌.ഐ.ഡി.സി.
 2. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.
 3. കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ.
 4. കേരള ഐ.ടി. പാർക്ക്‌.
 5. കേരള ഇൻഫോപാർക്ക്‌.
 6. കേരള ടെക്‌നോപാർക്ക്‌.
 7. കേരള സൈബർ പാർക്ക്‌.


ഓൺലൈൻ അപേക്ഷ

ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കേണ്ടത്‌. അതിനു മുൻപ് ഒരു പ്രൊവിഷണൽ രജിസ്‌ട്രേഷൻ നടത്തി രജിസ്‌ട്രേഷൻ നമ്പർ എടുക്കണം. ഐ.ടി. മിഷനിലെ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് മാനേജ്‌മെന്റ് സെൽ (ഐ.പി.എം.സി.) മുമ്പാകെയാണ് പ്രൊവിഷണൽ രജിസ്‌ട്രേഷൻ എടക്കേണ്ടത്.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ ഹാർഡ് കോപ്പി ഐ.ടി. മിഷന് നൽകണം. സ്ഥാപനത്തിന്റെ സ്ഥിരനിക്ഷേപം, സ്ഥാപനത്തിന്റെ സ്റ്റാറ്റസ്, രജിസ്‌ട്രേഷൻ, ഉദ്യം, തിരിച്ചറിയൽ രേഖകൾ, ഓഡിറ്റഡ് ബാലൻസ് ഷീറ്റ്, അനുബന്ധ പട്ടികകൾ, കവറിങ് ലെറ്റർ എന്നിവയാണ് സമർപ്പിേക്കണ്ടതാണ്.

ഐ.ടി. രംഗത്ത് സർക്കാർ സബ്‌സിഡി നൽകുന്ന പദ്ധതികൾ തീരെ കുറവാണ്. കേരളത്തിലെ മിക്കവാറും സ്റ്റാർട്ട് അപ്പുകളെല്ലാം ഐ.ടി. സംരംഭങ്ങളാണ്. അത്തരം സംരംഭങ്ങൾക്ക് നന്നായി പ്രയോജനപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് എസ്.ഐ.എസ്.

വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും: itmission.kerala.gov.in

ഫോൺ: 0471 -2525444

(സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)