സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. രാജ്യത്ത് ക്രിപ്‌റ്റോകറൻസിയുടെ ഭാവിയെന്തായിരിക്കുമെന്നൊന്നും ചെറുപ്പക്കാർ ചിന്തിക്കുന്നേയില്ല. 

ഒരുഭാഗത്ത് നിക്ഷേപ സാധ്യതകൾ വിലയിരുത്തുമ്പോൾ മറുഭാഗത്ത് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ മുന്നോട്ടുപോകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ വാസിർ എക്‌സിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതാണ് പുതിയ സംഭവവികാസം. 

കള്ളപ്പണംവെളുപ്പിക്കൽ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജുമെന്റ് നിയമം(ഫെമ), ഭീകരവാദംത്തിനുള്ള ധനസഹായംതടയൽ എന്നീ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഇടപാടുകൾക്ക് തടസ്സമില്ലെന്നാണ് ആർബിഐ ഈയിടെ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഈനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വാസിർഎക്‌സിനെതിരെ ഇഡിയുടെ നീക്കമെന്നതുംശ്രദ്ധേയമാണ്. 

ആദ്യംനിയന്ത്രണം, പിന്നെ പിൻവലിക്കൽ
ക്രിപ്‌റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് ബാങ്കിങ് സേവനം അനുവദിക്കേണ്ടെന്നായിരുന്നു 2018ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇത്തരം സ്വകാര്യകറൻസികൾ നിക്ഷേപകർക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കേന്ദ്ര ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകുയുംചെയ്തിരുന്നു. 

സർക്കുലർ റദ്ദാക്കിയത് എന്തുകൊണ്ട്?
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ആർബിഐയുടെ 2018ലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയത്. ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നിയമപരമായി നിരോധനമില്ലെങ്കിൽ റിസർവ് ബാങ്കിന് നിയന്ത്രണംഏർപ്പെടുത്താൻ കഴിയില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നിയമാനുസൃതമെന്ന് കരുതുന്ന ഏത് വ്യാപാരവും നടത്താനുള്ള പൗരന്മാരുടെ മൗലീകാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് ആർബിഐയുടെ സർക്കുലറെന്ന് കോടതി വിലയിരുത്തി. തുടർന്നായിരുന്നു റദ്ദാക്കൽ. 

ഇത് ക്രിപ്‌റ്റോ ഇടപാടിനുള്ള പച്ചക്കൊടിയാണോ?
ക്രിപ്‌റ്റോകറൻസി ഇടപാടിന് നിയന്ത്രണമേർപ്പെടുത്താൻ നിയപരമായി അടിസ്ഥാനമില്ലെന്നകാരണത്താലാണ് റിസർവ് ബാങ്കിന്റെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്. ക്രിപ്‌റ്റോകറൻസികളുടെ ഇടപാട് നിരോധിച്ച് പാർലമെന്റിൽ നിയമം പാസാക്കിയാൽ ഭാവിയിൽ കോടതി ഈ നിലപാട് സ്വീകരിക്കില്ലെന്നതിന് വ്യക്തമായ സൂചനയാണ് നൽകിയതെന്നുകൂടി മനസിലാക്കണം. 

ക്രിപ്‌റ്റോകറൻസികൾ കൈകാര്യംചെയ്യുന്നതിന് ചില ബാങ്കുകൾ തടസ്സംനിൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ 2018ലെ സർക്കുലർ ഉദ്ധരിച്ച് ആർബിഐ വ്യക്തതവരുത്തുകമാത്രമാണ് ഈയിടെ ചെയ്തതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സുപ്രീകോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിതുണ്ടായത്.

ക്രിപ്‌റ്റോകറൻസികളുടെ ഭാവി
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ക്രിപ്‌റ്റോകറൻസികൾക്ക് എതിരാണ്. പണത്തിനുമേലുള്ള അധികാരം വിട്ടുകൊടുക്കാൻ ഒരുരാജ്യത്തെ സർക്കാരും തയ്യാറാവില്ലെന്നതാണ് വാസ്തവം. അതേസമയം, ലോകത്താദ്യമായി മധ്യഅമേരിക്കൻ രാജ്യമായ എൽസാൽവഡോർ ബിറ്റ്‌കോയിൻ വിനിമയത്തിന് നിയമസാധുത നൽകിയകാര്യവും ശ്രദ്ധേയമാണ്. 

രാജ്യത്ത് ക്രിപ്‌റ്റോകറൻസികളുടെ ഇടപാട് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ക്രിപ്‌റ്റോകറൻസി ഇടപാട് പൂർണമായും നിരോധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 അവതരിപ്പിക്കാനിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. 

അതുകൊണ്ടുതന്നെ രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നുപറയേണ്ടിവരും. നിക്ഷേപകരുടെ ഇടപാടുകളും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽവന്നേക്കാം. നേട്ടത്തിന്‌ കൃത്യമായ നികുതി അടിച്ചില്ലെങ്കിൽ നടപടിനേരിടേണ്ടിവരുമെന്നകാര്യത്തിൽ സംശയമില്ല.  അനിശ്ചിതത്വംതീരുംവരെ ഇടപാടുകളിൽനിന്ന് മാറിനിൽക്കുന്നതാകും ഉചിതം.