കോവിഡ് കാലത്ത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ ഇടിവുണ്ടായതും പല ധനസ്ഥാപനങ്ങളുടെയും തട്ടിപ്പുകഥകള്‍ പുറത്തുവന്നതും സാധാരണക്കാരന് അവന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈയവസരത്തില്‍ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷയും ഉയര്‍ന്ന മൂല്യവും നല്‍കുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച് അറിയാം.

ട്രഷറി - പലിശ 8.5 ശതമാനം
* സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ട്രഷറിയില്‍ പണം നിക്ഷേപിക്കാം. 
* സ്ഥിരനിക്ഷേപത്തിന് 8.5 ശതമാനം വരെ പലിശ നല്‍കുന്നു. മാസംതോറും പലിശ കിട്ടും.
* പത്തുവര്‍ഷത്തേക്ക് വരെ നിക്ഷേപിക്കാം. 
* ട്രഷറി സേവിങ്സ് ബാങ്കിലെ പണത്തിന് നാലു ശതമാനം പലിശയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള സേവിങ്സ് അക്കൗണ്ടില്‍ ആറ് ശതമാനം പലിശ ലഭിക്കും.
* https://tsbonline.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പലിശ തുക ഓണ്‍ലൈനായി ഏത് ബാങ്ക് അക്കൗണ്ടിലേക്കും മാറ്റാം.
* സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് വായ്പകള്‍ക്ക് ഉള്‍പ്പെടെ ജാമ്യമായി നല്‍കാവുന്നതാണ്. ചെക്ക് ബുക്ക് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഇല്ലെന്നതും പ്രത്യേകതയാണ്. 
* എ.ടി.എം. പോലെയുള്ള സേവനങ്ങള്‍ തുടങ്ങാന്‍ അധികൃതര്‍ പദ്ധതിയിട്ടു വരുന്നുണ്ട്.
ജില്ലാ, സബ് ട്രഷറികളില്‍ സേവനം ലഭ്യമാണ്.
   
കെ.ടി.ഡി.എഫ്.സി. - പലിശ 9.8 ശതമാനം
കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പൊതുജനങ്ങള്‍ക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികള്‍ 9.8 ശതമാനം വരെയാണ് പലിശ നേടിത്തരും.
ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള വിവിധ പദ്ധതികള്‍ - മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8 മുതല്‍ 9.8 ശതമാനം വരെ പലിശ ലഭിക്കും. മറ്റുള്ളവര്‍ക്ക് 7.75 മുതല്‍ 9.43 ശതമാനം വരെ. അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കേണ്ട മണി മള്‍ട്ടിപ്ലയിങ് സ്‌കീമാണ് ഏറ്റവും പലിശ തരുന്നത്. മാസം അല്ലെങ്കില്‍ വര്‍ഷം എന്ന രീതിയില്‍ മറ്റ് പദ്ധതികളില്‍ നിന്ന് പലിശ ലഭിക്കും.
കോട്ടയം ജില്ലയില്‍ ഓഫീസില്ല, തിരുവല്ല കെ.എസ്.ആര്‍.ടി.സി. കോംപ്ലക്സില്‍ ഓഫീസുണ്ട്.

കെ.എസ്.എഫ്.ഇ.
ചിട്ടിമേലുള്ള ബാധ്യതയായി നല്‍കുന്ന തുകയ്ക്ക് 7.45 ശതമാനവും ചിട്ടി പിടിച്ച തുകയില്‍ ബാക്കിക്ക് ഏഴു ശതമാനവും ചേര്‍ത്തുള്ള സ്ഥിരനിക്ഷേപമാണ് കെ.എസ്.എഫ്.ഇ.യുടെ ആകര്‍ഷണം. സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ആറു ശതമാനം പലിശയെന്നതും പ്രത്യേകതയാണ്. സ്ഥിരനിക്ഷേപത്തിന് ഒരു വര്‍ഷത്തേക്ക് 6.5 ശതമാനമാണ് പലിശ. 150 ദിവസത്തേക്ക് 6.15 ശതമാനവും.

കേരള ബാങ്കിന് കീഴിലുള്ള സര്‍വീസ് സഹകരണ സംഘങ്ങളില്‍ സ്ഥിരനിക്ഷേപത്തിനായി നിരവധി പദ്ധതികളാണുള്ളത്. 15 ദിവസം മുതല്‍ ആരംഭിക്കുന്ന വിവിധ കാലയളവിലുള്ള പദ്ധതികളിലായി 5.25 മുതല്‍ 7.25 ശതമാനം വരെ പലിശയാണ് ഇപ്പോള്‍ നല്‍കിവരുന്നത്.

'പൊതുജനങ്ങള്‍ക്കായി മികച്ച സേവനം നല്‍കിവരുന്നു. ട്രഷറിയില്‍ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തില്‍ കൂടിയാണ് പങ്കാളിയാകുന്നത്'.
-  സി.കെ. ബാബുരാജ്,
ജില്ലാ ട്രഷറി ഓഫീസര്‍,
കോട്ടയം