കോളേജ് അധ്യാപികയായ സുനിതയുടെ ഭര്‍ത്താവ് എട്ടുവര്‍ഷംമുമ്പ് ഒരു അപകടത്തില്‍ മരിച്ചു. കൂടെയുള്ളത് ഭിന്നശേഷിക്കാരിയായ മകള്‍ അനന്യമാത്രം.

സുനിത(42)

42കാരിയായ സുനിതയ്ക്ക് ഇനി 18വര്‍ഷമുണ്ട് വിരമിക്കാന്‍. റിട്ടയര്‍മെന്റുകാല ജീവിതത്തിനുള്ള നിക്ഷേപവും കാലശേഷം അനന്യയ്ക്കുജീവിക്കാനുള്ള വരുമാനവും കരുതിവെയ്ക്കുകയുമാണ് സുനിതയുടെ ലക്ഷ്യം. 

സുനിതയുടെ നിലവിലുള്ള ആസ്തി:

സ്ഥിര നിക്ഷേപം
4 ലക്ഷം രൂപ
പിഎഫ് 6 ലക്ഷം

പ്രതിമാസ വരുമാനം
60,000രൂപ
പ്രതിമാസ ചെലവ്
40,000 രൂപ

സാമ്പത്തിക ലക്ഷ്യങ്ങള്‍:
►റിട്ടയര്‍മെന്റ് കാലത്തേയ്ക്കുള്ള കരുതല്‍
►ഭിന്നശേഷിക്കാരിയായ മകള്‍ക്കുവേണ്ടി നിക്ഷേപം

എന്തുചെയ്യണം?
എമര്‍ജന്‍സി ഫണ്ട്
അടിയന്തര സാഹചര്യം നേരിടുന്നതിന് ആറ് മാസത്തെ ശമ്പളമായ 2.40 ലക്ഷം രൂപ കരുതിവെയ്ക്കാം. നിലവില്‍ നാലുലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ളതിനാല്‍ വേറെ ഫണ്ട് കരുതേണ്ടതില്ല.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
ഇരുവര്‍ക്കും മൂന്നുലക്ഷം രൂപയുടെയെങ്കിലും ആരോഗ്യ പരിരക്ഷ ഏര്‍പ്പെടുത്തുക.

ലൈഫ് ഇന്‍ഷുറന്‍സ്
മകള്‍ സുനിതയുടെ ആശ്രിതയായതിനാല്‍ തീര്‍ച്ചയായും ഒരു കോടി രൂപയുടെയങ്കിലും പരിരക്ഷ ഏര്‍പ്പെടുത്തണം. 18,000 രൂപമുതല്‍ 19,000 രൂപവരെ വാര്‍ഷിക പ്രീമിയം ഇതിനുവേണ്ടിവരും. 

നിക്ഷേപം
മകള്‍ക്കുവേണ്ടിയുള്ള കരുതലാണ് സുനിതയുടെ പ്രധാനലക്ഷ്യം. മികച്ച പരിശീലനംനല്‍കിയാല്‍ അനന്യയെ ജോലിചെയ്യാന്‍ പ്രാപ്തയാക്കാന്‍കഴിയും. 

റിട്ടയര്‍മെന്റ് പ്ലാനിങ്
നിലവിലെ ജീവിതരീതിയുമായി വിശകലനംചെയ്താല്‍(18 വര്‍ഷം കഴിഞ്ഞ്) റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. അതിനായി പ്രതിമാസം 20,000 രൂപവീതം രണ്ടോ മൂന്നോ ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം. ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് ഓരോവര്‍ഷവും നിക്ഷേപ തുകയില്‍ അഞ്ചുശതമാനം വര്‍ധനയും വരുത്തുക. ഇങ്ങനെ നിക്ഷേപിച്ചാല്‍ 18 വര്‍ഷം കഴിയുമ്പോള്‍ രണ്ടുകോടി രൂപ കണ്ടെത്താന്‍ കഴിയും. 

അനന്യയ്ക്കുവേണ്ടി
സാധിക്കുമെങ്കില്‍ പിഎഫിലുള്ള അഞ്ചുലക്ഷം രൂപ പിന്‍വലിച്ച് ഒരുവര്‍ഷകാലയളവെടുത്ത് ഫ്‌ളക്‌സിക്യാപ് ഫണ്ടില്‍ പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിക്കുക. ഒരുവര്‍ഷം കഴിയുമ്പോള്‍ എസ്‌ഐപി നിര്‍ത്തുക. നിക്ഷേപം ഫണ്ടുകളില്‍തന്നെ കിടക്കട്ടെ. 13 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാല്‍ 38 വര്‍ഷം കഴിയുമ്പോള്‍ 5.2 കോടി രൂപയായി അത് വളര്‍ന്നിട്ടുണ്ടാകും. 

പിഎഫില്‍നിന്ന് പണം പിന്‍വലിക്കാന്‍ എളുപ്പമല്ലെങ്കില്‍, ജീവിത ചെലവില്‍നിന്ന് 5000 രൂപ നീക്കിവെയ്‌ക്കേണ്ടിവരും. ഈ തുക ഒരു ഫ്‌ളക്‌സിക്യാപ് ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിക്കുക. ഓരോ വര്‍ഷം കൂടുമ്പോഴും നിക്ഷേപ തുകയില്‍ അഞ്ച് ശതമാനംവര്‍ധനവരുത്തുക. ജോലിയുള്ള 18 വര്‍ഷവും ഈ നിക്ഷേപം തുടരുക. 55 ലക്ഷമാണ് ഇതിലൂടെ സമാഹരിക്കാനാകുക. 

18വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന പിഎഫ് തുകയും ഇതൊടൊപ്പംകൂടി അനന്യയ്ക്കുവേണ്ടി സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാം. 

feedbacks to
antonycdavis@gmail.com

ഓഹരിയുമായി ബന്ധപ്പെട്ട് നിക്ഷേപ പദ്ധതികള്‍ നഷ്ടസാധ്യതകള്‍ക്കുവിധേയമാണ്. റിസ്‌ക് കുറയ്ക്കുന്നതിനും മികച്ച നേട്ടമുണ്ടാക്കുന്നതിനുമാണ് എസ്‌ഐപി നിക്ഷേപമാര്‍ഗം ശുപാര്‍ശ ചെയ്യുന്നത്.