ഹരിയില്‍ നിക്ഷേപിക്കുന്നവ മാത്രമല്ല മ്യൂച്വല്‍ ഫണ്ടുകള്‍. കടപ്പത്രങ്ങളിലും മറ്റ് മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന നഷ്ടസാധ്യത കുറഞ്ഞ ഡെറ്റ് ഫണ്ടുകളുമുണ്ട്. 

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പകരമായാണ് ഡെറ്റ് ഫണ്ടുകളെ പരിഗണിക്കുന്നത്. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ബാങ്ക് നിക്ഷേപത്തേക്കാള്‍ ഒന്നോ രണ്ടോ ശതമാനം അധികം നേട്ടം ഇവ നല്‍കിവരുന്നതായി കാണുന്നു. 

പകരത്തിനുപകരം

എസ്ബി അക്കൗണ്ട്
ലിക്വിഡ് ഫണ്ട്

ബാങ്ക് എഫ്ഡി
ഷോട്ട് ടേം ഫണ്ട്‌

ഡെറ്റ് ഫണ്ടുകളില്‍തന്നെ ബാങ്ക് എസ്ബി അക്കൗണ്ടുകള്‍ക്ക് ബദലായുള്ള ലിക്വിഡ് ഫണ്ടുകള്‍ മുതല്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിക്കുന്ന ഫണ്ടുകള്‍വരെയുണ്ട്. 

ഡെറ്റ് ഫണ്ടുകളെ നിക്ഷേപ കാലാവധിയ്ക്കനുസരിച്ച് 16 കാറ്റഗറികളായാണ് സെബി തരംതിരിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് അറിയുന്നതിനുമാത്രമാണ് എല്ലാ ഡെറ്റ് ഫണ്ടുകളും ഇവിടെ പരിചയപ്പെടുത്തുന്നത്. ആശയക്കുഴപ്പമൊഴിവാക്കാന്‍ രണ്ടു ഫണ്ടുകള്‍മാത്രം നിക്ഷേപത്തിനായി നിര്‍ദേശിക്കുന്നു.

16 ഫണ്ടുകള്‍ ഏതൊക്കെയാണെന്നുനോക്കാം
ഓവര്‍നൈറ്റ് ഫണ്ട്: ഒരുദിവസം കാലാവധിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്.

ലിക്വിഡ് ഫണ്ട്: 91 ദിവസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിലും മണിമാര്‍ക്കറ്റ് സെക്യൂരിറ്റികളിലുമാണ് ഇവ നിക്ഷേപിക്കുന്നത്.

അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്: മൂന്നുമാസം മുതല്‍ ആറുമാസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്നു.

ലോ ഡ്യൂറേഷന്‍ ഫണ്ട്: ആറുമാസം മുതല്‍ 12 മാസംവരെയുള്ള മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപം.

ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്: ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്.

മീഡിയം ഡ്യൂറേഷന്‍ ഫണ്ട്: മൂന്നുവര്‍ഷം മുതല്‍ നാലുവര്‍ഷംവരെ കാലാവധിയുള്ള ഡെറ്റ് പദ്ധതികളിലാണ് നിക്ഷേപം.

മീഡിയം ടു ലോങ് ഡ്യൂറേഷന്‍ ഫണ്ട്: നാലുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്നു.

ലോങ് ഡ്യൂറേഷന്‍ ഫണ്ട്: ഏഴുവര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള കടപ്പത്രങ്ങളിലും മറ്റുമാണ് നിക്ഷേപം.

ഡൈനാമിക് ബോണ്ട് ഫണ്ട്: എല്ലാ കാലാവധിയിലുള്ളമുള്ള കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്ന ഫണ്ടാണിത്.

കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട്: ഉയര്‍ന്ന റേറ്റിങ് ഉള്ള കോര്‍പ്പറേറ്റ് കടപ്പത്രങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. 80 ശതമാനം നിക്ഷേപവും കോര്‍പ്പറേറ്റ് ബോണ്ടുകളിലും ഉയര്‍ന്ന റേറ്റിങ് ഉള്ള ഡെറ്റ് പദ്ധതികളിലുമാണ്.  

ക്രഡിറ്റ് റിസ്‌ക് ഫണ്ട്: താരതമ്യേന റേറ്റിങ് താഴ്ന്ന കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്നു. 65 ശതമാനം നിക്ഷേപവും കോര്‍പ്പറേറ്റ് ബോണ്ടുകളിലാണ്. 

ബാങ്കിങ് ആന്റ് പിഎസ് യു ഫണ്ട്: ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ കടപ്പത്ര പദ്ധതികളിലാണ് ഈഫണ്ട് നിക്ഷേപം നടത്തുന്നത്. 80 ശതമാനം നിക്ഷേപമെങ്കിലും ഇങ്ങനെ വേണമെന്ന് നിര്‍ബന്ധമാണ്.

ഗില്‍റ്റ് ഫണ്ട്: വിവിധ കാലാവധികളുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നു. 80 ശതമാനംതുകയും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. 

ഗില്‍റ്റ് ഫണ്ട് വിത്ത് 10 ഇയര്‍ കോണ്‍സ്റ്റന്റ് ഡ്യൂറേഷന്‍: പത്തുവര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. 65 ശതമാനം ആസ്തിയും വിവിധ കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നു. 

ശ്രദ്ധിക്കാന്‍:
വ്യത്യസ്ത കാലാവധിയിലുള്ള നിക്ഷേപ സാമഗ്രികളിലാണ് ഡെറ്റ് ഫണ്ടുകള്‍ പണമിടുന്നതെങ്കിലും നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനും കഴിയും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബദലായുള്ളവയാണ് ലിക്വഡ് ഫണ്ടുകള്‍. ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിച്ചാല്‍ അന്നുതന്നെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും.

ലിക്വിഡ്, ഷോട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എക്‌സിറ്റ് ലോഡ് ഇല്ല. അതേസമയം, മീഡിയം ഡ്യൂറേഷന്‍ മുതല്‍ മുകളിലേയ്ക്കുള്ള വിഭാഗങ്ങളിലെ ചില ഫണ്ടുകളില്‍ നിക്ഷേപം നടത്തി ഒരുവര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ ഒരുശതമാനംവരെ എക്‌സിറ്റ് ലോഡ് ഫണ്ട് കമ്പനികള്‍ ഈടാക്കാറുണ്ട്. 

ലിക്വിഡ്, ഷോട്ട് ടേം ഫണ്ടുകള്‍ തിരഞ്ഞെടുക്കാം
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കുന്നതിന് ഒരുകൂട്ടം ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് മുന്നെണ്ണം തിരഞ്ഞെടുത്തതുപോലെ ബാങ്ക് നിക്ഷേപത്തിന് ബദലായി മേല്‍ വിശദീകരിച്ച ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലിക്വിഡ്, ഷോട്ട് ടേം ഫണ്ടുകള്‍ നിര്‍ദേശിക്കുന്നു.

ബാങ്ക് എസ്ബി അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പകരമായി ല്വിക്വിഡ് ഫണ്ടും(എസ്ബി അക്കൗണ്ടില്‍നിന്ന് പരമാവധി നാലുശതമാനം പലിശ ലഭിക്കുമ്പോള്‍ ലിക്വിഡ് ഫണ്ടില്‍നിന്ന് ആറുമുതല്‍ ഏഴുശതമാനംവരെ ആദായം ലഭിക്കുന്നു) ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് പകരമായി ഷോട്ട് ടേം ഫണ്ടുമാണ് അനുയോജ്യം. 

അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ലിക്വിഡ് ഫണ്ടില്‍ സൂക്ഷിക്കാം. ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളുടെ കാലാവധിയെത്തുന്നതിന് ഒന്നോ രണ്ടോ വര്‍ഷമുമ്പ് വിപണി നേട്ടത്തിലുള്ള സമയത്ത് ഷോട്ട് ടേം ഫണ്ടുകളിലേയ്ക്ക് നിക്ഷേപം മാറ്റാം. ബാങ്ക് നിക്ഷേപത്തിന് ശരാശരി ഏഴുശതമാനംമാത്രം പലിശ ലഭിക്കുമ്പോള്‍ എട്ടു മുതല്‍ ഒമ്പതര ശതമാനംവരെ ആദായം ഷോട്ട് ടേം ഫണ്ടുകളില്‍നിന്ന് നേടാം. 

ആദായ നികുതിയുടെ കാര്യത്തിലും ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകള്‍ക്ക്‌ ഇളവുകളുണ്ട്. മൂന്നുവര്‍ഷമോ അതില്‍കൂടുതലോകാലം കൈവശം സൂക്ഷിച്ചശേഷം വിറ്റ് പണമെടുക്കുമ്പോള്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കും. 

feedbacks to: antonycdavis@gmail.com