കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആർഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്.

ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി(ഉപഭോക്താവിനെ അറിയുക)സൗകര്യമാണ് ഇതിന് തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ ബാങ്ക് ശാഖകളെയോ മറ്റ് ഏജൻസികളെയോ സമീപിക്കാതെതന്നെ ആർക്കുവേണമെങ്കിലും പദ്ധതിയിൽ അംഗമാകാം. 

സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി(സിആർഎ)യുടെ വെബ്‌സൈറ്റ് വഴിയാണ് ആധാർ എക്‌സ്എംഎൽ സംവിധാനംവഴി പൂർണമായും പേപ്പർ രഹിതമായിതന്നെ അക്കൗണ്ട് തുടങ്ങാൻ കഴിയുക. 

എക്‌സ്എംഎൽ ഫയൽ വഴി ശേഖരിക്കുന്ന ആധാർ വിവരങ്ങൾ ഇ-കെവൈസിയായി പ്രവർത്തിക്കുന്നതോടൊപ്പം ഉപഭോക്താവ് ഓൺലൈനായി നൽകുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നു. സേവിങ്‌സ് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിലൂടെ പങ്കിടുകയും നിശ്ചിതതുക പ്രതിമാസം അടക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. 

ആധാർ വിവരങ്ങൾ റെക്കോഡ് കീപ്പിങ് ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുക. അവരായിരിക്കും പെൻഷൻ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. 

ഒക്ടോബർ 27ന് പുറത്തിറക്കിയ സർക്കുലറിലാണ് ഓൺലൈനായി അടൽ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി പിഎഫ്ആർഡിഎ അറിയിച്ചത്. 

18 വയസ്സുമുതൽ 40 വയസ്സുവരെയുള്ളവർക്കുവേണ്ടിയാണ് 2015 മെയ് മാസത്തിൽ എപിവൈ സർക്കാർ അവതരിപ്പിച്ചത്. പദ്ധതിപ്രകാരം 60വയസ്സ് പൂർത്തിയാകുമ്പോൾ 1000 രൂപ മുതൽ 5000 രൂപവരെ പ്രതിമാസം പെൻഷനായി ലഭിക്കും. 

അപേക്ഷ പൂരിപ്പിച്ചുനൽകി ബാങ്കുകളുടെ ശാഖകൾവഴിയും പെൻഷൻ പദ്ധതിയിൽ ചേരാം. ആധാർ കാർഡിന്റെകോപ്പിയും മൊബൈൽ നമ്പറും നൽകണം.