മിച്ചം വയ്ക്കുന്ന തുക നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് ചെറിയൊരു കാര്യത്തെപ്പറ്റി മനസിലാക്കുന്നത് നല്ലതാണ്. മറ്റൊന്നിനെക്കുറിച്ചുമല്ല, സമ്പത്തിനെക്കുറിച്ചാണ്. എന്താണ് സമ്പത്ത്? സമ്പത്തും വരുമാനവും തമ്മിലുളള വ്യത്യാസം മനസ്സിലാക്കാതെയാണ് മിക്കവരും ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. സമ്പത്തിനെ വരുമാനമായും വരുമാനത്തെ സമ്പത്തായും നല്ലൊരു പങ്ക് ആളുകള്‍ ഉപയോഗിക്കുന്നു.

എന്നാല്‍ ഇവ രണ്ടും വ്യത്യസ്തമാണ്. വരുമാനം സമ്പത്ത് അല്ല. സമ്പത്തിലേയ്ക്കുളള വഴി മാത്രമാണ്. ജോലി ചെയ്യുന്നതു വഴിയോ നിക്ഷേപം നടത്തിയതോ വഴിയോ സേവനം നല്‍കിയതോ വഴിയോ സമയം നല്‍കിയതു വഴിയോ ലഭിക്കുന്ന നഷ്ടപരിഹാരമാണ് (പ്രതിഫലം) വരുമാനം. ഈ വരുമാനം ഉപയോഗിച്ചാണ് ചെലവുകള്‍ നടത്തുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍നിന്ന് ചെലവുകള്‍ നിര്‍വഹിച്ചശേഷം മിച്ചം വരുന്ന തുകയാണ് സമ്പാദ്യം. ഈ സമ്പാദ്യമുപയോഗിച്ച് നാം ആസ്തികള്‍ വാങ്ങുന്നു. വരുമാനം ചെലവിനേക്കാള്‍ കൂടി നില്‍ക്കുമ്പോള്‍ മിച്ചമുണ്ടാകുന്നു ( സമ്പാദ്യം). കുറഞ്ഞ നില്‍ക്കുമ്പോള്‍ കടം (ബാധ്യത) ഉണ്ടാകുന്നു.
മിച്ചം ഉപയോഗിച്ച് സ്വന്തമായി ആര്‍ജിക്കുന്ന എന്തും (ആസ്തി) അയാളുടെ സ്വത്താണ്. മിച്ചമുപയോഗിച്ച് പലതരം ആസ്തികള്‍ വാങ്ങാം. ഭൂമി വാങ്ങാം. കെട്ടിടം വാങ്ങാം. ഓഹരി വാങ്ങാം. പോസ്റ്റോഫീസില്‍ സ്ഥിരനിക്ഷേപം നടത്താം. നല്ല കലാവസ്തുക്കള്‍ വാങ്ങാം. സ്വര്‍ണം വാങ്ങാം. ചുരുക്കത്തില്‍ അയാളെ സംബന്ധിച്ചിടത്തോളം മൂല്യമുണ്ടെന്നു തോന്നതെന്തും ആസ്തിയായി വാങ്ങാം. ചിലപ്പോള്‍ ആസ്തികള്‍ ആര്‍ജിക്കുവാന്‍ മിച്ചം മതിയാകുകയില്ല. അതിനാല്‍ കടമെടുക്കുന്നു. ഉദാഹരണത്തിന് വീടും പറമ്പും വാങ്ങുവാന്‍ ഭവന വായ്പ എടുക്കുന്നു. അല്ലെങ്കില്‍ കാര്‍ വായ്പ എടുക്കുന്നു.

ഇത്തരത്തില്‍ വാങ്ങുന്ന ആസ്തികളെ പ്രധാനമായി രണ്ടായി തിരിക്കാം. നിക്ഷേപം വഴി സമ്പത്ത് വര്‍ധിപ്പിക്കുന്ന ആസ്തികളും അല്ലാത്തവയും. സമ്പത്ത് വര്‍ധിപ്പിക്കുന്ന ആസ്തികള്‍ കാലം കഴിയുന്നതോടെ അവയുടെ മൂല്യം വര്‍ധിപ്പിക്കുകയോ റിട്ടേണ്‍ നല്‍കുകയോ ചെയ്യുന്നു. ഉദാഹരണത്തിന് ബാങ്ക് സ്ഥിരനിക്ഷേപം.

റിട്ടേണ്‍ ലഭിക്കുകയില്ലാത്ത ആസ്തികളുണ്ട്. അതായത് അതില്‍നിന്ന് സമ്പത്ത് സൃഷ്ടിക്കപ്പെടുന്നില്ല. ഉദാഹരണത്തിന് കാര്‍. ഇവ ചെലവ് വര്‍ധിപ്പിക്കുകയേയുള്ളു. കാലം കഴിയുംതോറും ഇവയുടെ മൂല്യവും കുറഞ്ഞു വരുന്നു.
ചുരുക്കത്തില്‍ സമ്പത്ത് എന്നത് ആസ്തിയും ബാധ്യതകളും തമ്മിലുളള വ്യത്യാസമാണ്.

സമാധാനപരമായ റിട്ടയേഡ് ജീവിതം നയിക്കുവാന്‍ അതിനാല്‍ തന്നെ സമ്പത്ത് സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും റിട്ടേണ്‍ നല്‍കുന്ന സമ്പത്ത്. നല്ല സമ്പത്ത് റിട്ടയേഡ് സമയത്ത് ഉണ്ടെങ്കില്‍ ഓരോ പൈസയും ചെലവഴിക്കുന്നത് ഓഡിറ്ററുടെ കണ്ണോടെ നോക്കാതെ അല്‍പം കൈയയച്ച് സമാധാനത്തോടെ ചെലവഴിക്കാം. അതിനര്‍ത്ഥം ധൂര്‍ത്തിലേയ്ക്ക് നീങ്ങണമെന്നല്ല.

ചുരുക്കത്തില്‍ റിട്ടയര്‍മെന്റ് കാലമുള്‍പ്പെടെയുള്ളതിനെ സമ്പത്ത് സൃഷ്ടിക്കുളള സമയമായി കണക്കാക്കാം. സ്വയം ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പോലും അനന്തരാവകാശികള്‍ക്ക് ഉപകരിക്കും. ഒരു മരം വച്ചാല്‍ അതിന്റെ ഉപയോഗം സാധാരണഗതിയില്‍ അടുത്ത തലമുറയ്ക്കാണല്ലോ ലഭിക്കുക.

റിട്ടയര്‍മെന്റ് ആസൂത്രണത്തേയും രണ്ടായും തിരിക്കാം. റിട്ടയര്‍മെന്റിന് മുമ്പുളള കാലവും അതിനുശേഷമുളള കാലവും. ഈ രണ്ടു കാലത്തും സമ്പത്ത് സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണ്. ആദ്യം റിട്ടയര്‍മെന്റിന് മുമ്പുള്ള കാലത്തെ സമ്പത്ത് സൃഷ്ടിയെക്കുറിച്ച് ആലോചിക്കാം. റിട്ടയര്‍മെന്റ് എന്നത് ദീര്‍ഘകാല ലക്ഷ്യമാണ്. അപ്പോള്‍ ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന ആസ്തികള്‍ തീര്‍ച്ചയായും നിക്ഷേപത്തിലുണ്ടായിരിക്കണം.

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ചുരുക്കിയാല്‍ ഇങ്ങനെ കിട്ടും.
1. സ്ഥിരമായി, ക്രമമായി വരുമാനത്തിന്റെ ഭാഗം മിച്ചം പിടിക്കുക.
2. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക സ്ഥിരമായി, ക്രമമായി റിട്ടേണ്‍ തരുന്ന, അല്ലെങ്കില്‍ മൂല്യവര്‍ധന ലഭിക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കുക.


അസറ്റ് അലോക്കേഷന്‍
മിച്ചം പിടിച്ച തുക നിക്ഷേപിക്കുന്നതിനെക്കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്. ഇതിനെ അസറ്റ് അലോക്കേഷന്‍ എന്നു വിളിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ വൈവിധ്യമാര്‍ന്ന അസറ്റുകള്‍ നിക്ഷേപത്തിന് ലഭ്യമാണ്. അസറ്റുകളെ മുഖ്യമായി രണ്ടായി തിരിക്കാം. റിയല്‍ അസറ്റും ഫിനാന്‍ഷ്യല്‍ അസറ്റും.
ഭൂമി, വീട്, സ്വര്‍ണം, വെള്ളി, കലാവസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് റിയല്‍ അസറ്റുകള്‍. ഈ ആസ്തികളില്‍ നിന്നുള്ള റിട്ടേണ്‍ എന്നത് ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനയാണ്. ഇവയുടെ പ്രതികൂലമായ ഘടകം നമുക്ക് ആവശ്യമുള്ളപ്പോള്‍ വേഗം പണമാക്കി മാറ്റുവാന്‍ സാധിക്കുകയില്ല എന്നതാണ്.

ധനകാര്യ ഉപകരണങ്ങളാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയെ ധനകാര്യ അസറ്റ് എന്നു വിളിക്കുന്നു. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം, ഗവണ്‍മെന്റ് ബോണ്ടുകള്‍, കമ്പനി ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, മണി മാര്‍ക്ക്റ്റ് ഉപകരണങ്ങള്‍, ഇന്‍ഷുറന്‍സ്, പോസ്റ്റോഫീസ് നിക്ഷേപം തുടങ്ങി വളരെ വൈവിധ്യമാര്‍ന്ന ധനകാര്യ ഉത്പന്നങ്ങള്‍ നിക്ഷേപത്തിനായി ലഭ്യമാണ്. ഇവയുടെ പ്രത്യേകത എളുപ്പം വിറ്റ് പണമാക്കാമെന്നതാണ്. ധനകാര്യ ആസ്തികളില്‍ തന്നെ ഉയര്‍ന്ന റിസ്‌ക് ഉള്ളതും അതേപോലെ റിസ്‌ക് തീരെയില്ലാത്ത ആസ്തികളും നിക്ഷേപത്തിന് ലഭ്യമാണ്. നിക്ഷേപകന്റെ റിസ്‌ക് ആഭിമുഖ്യമനുസരിച്ച് യോജിച്ച ആസ്തി തിരഞ്ഞെടുക്കാം.Also Read:
റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക ഞെരുക്കമില്ലാതെ
റിട്ടയര്‍മെന്റ് നിധിക്ക് എത്ര രൂപ വേണം?