അവിവാഹിതരുടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്സാമ്പത്തിക ആസൂത്രണത്തെ ആസ്പദമാക്കി ഒരു മനുഷ്യന്റെ ജീവിതത്തെ ആറ് ഘട്ടങ്ങളായി തിരിക്കാമെന്ന് പറഞ്ഞല്ലോ. ഈ ഘട്ടങ്ങളില്‍ ലഭ്യമായേക്കാവുന്ന വരവും ഉണ്ടായേക്കാവുന്ന ചിലവും അതിനായി നടത്തേണ്ടുന്ന സാമ്പത്തിക ആസൂത്രണവുമാണ് ഇനി അറിയേണ്ടത്.

മാതാപിതാക്കളില്‍ നിന്ന് സ്വതന്ത്രമായി, സ്വയം വരുമാനം നേടിത്തുടങ്ങുന്ന ഒന്നാംഘട്ടമാണ് ഇവയില്‍ ആദ്യത്തേത്. ഇപ്പോഴത്തെ അവസ്ഥയില്‍ തുടക്കക്കാര്‍ക്ക് തന്നെ കൂടിയ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഈ ഘട്ടത്തില്‍ മിച്ചം വയ്ക്കാനായി ഒന്നും കാണാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒന്നാംഘട്ടത്തിലുള്ള ഒരാളുടെ വരവും ചിലവും പലപ്പോഴും ഒരേപോലെയാവാന്‍ കാരണങ്ങള്‍ പലതാണ്.

ചെറുപ്പത്തിന്റെ ആവേശത്തിമിര്‍പ്പില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ആവശ്യം ഇക്കൂട്ടരില്‍ പലര്‍ക്കും തോന്നാറില്ല എന്നതാണ് ഒന്നാമത്തെ കാരണം.

മാതാപിതാക്കളില്‍ നിന്ന് സ്വതന്ത്രമാകുന്നു എന്നതിനാല്‍ തന്നെ വേണ്ടിവരുന്ന ചില ഭാരിച്ച ചിലവുകളാണ് മറ്റൊരു കാരണം. നാട്ടില്‍ നിന്ന് അകലെ എന്ന കാരണത്താല്‍ തന്നെ, താമസിക്കുന്നതിന് വേണ്ടിവരുന്ന വീടോ ഫ്ലാറ്റോ - അതിന് പ്രതിമാസം നല്‍കേണ്ടുന്ന വാടകയ്ക്കു പുറമേ വേണ്ടിവരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് - ഇവയൊക്കെ ഒന്നാംഘട്ടക്കാരുടെ വരവിന്റെ നല്ലൊരു ഭാഗം കൊണ്ടുപോകുന്നു.

വിവാഹം കഴിക്കുന്നതിനു മുമ്പുള്ള ഈ കാലഘട്ടത്തില്‍ മറ്റു ചില ചിലവുകള്‍ കൂടി സ്വഭാവികം. മാര്‍ക്കറ്റിങ്ങിന്റെ ഒരു കാലഘട്ടമാണ് ഇത്. എന്തിനും ഏതിനും നടത്തപ്പെടുന്ന മാര്‍ക്കറ്റിങ് ഇന്നിന്റെ പ്രത്യേകത തന്നെ. വിവാഹത്തിന് മുമ്പ് ഇത്തരത്തില്‍ ഒരു സ്വയം മാര്‍ക്കറ്റിംഗ് പലരും നടത്താറുണ്ട്് - ബോധപൂര്‍വ്വമായോ അല്ലാതെയോ. വിലകൂടിയ വസ്ത്രങ്ങള്‍, കോസ്്‌മെറ്റിക്‌സ്, ടൂ-വീലര്‍, അല്പം കൂടി കടന്നാല്‍ ഒരു കാര്‍ ഇവയൊക്കെ. ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഉണ്ടായേക്കാവുന്ന ചിലവുകളും ലഭ്യമായ വരവും കണക്കിലെടുത്തുവേണം സാമ്പത്തിക ആസൂത്രണത്തിന് മുതിരാന്‍.

ഇനി കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാം. ഈയൊരു ഘട്ടത്തില്‍ പണം സ്വരൂപിക്കാനോ, സമ്പാദിക്കാനോ ഉള്ള ത്വര ഇക്കൂട്ടരില്‍ തുലോം കുറവായിരിക്കും. സ്വയം നില്‍ക്കുന്നതിന് ആദ്യഘട്ടത്തില്‍ നിര്‍ബന്ധിതമായി നടത്തേണ്ടിവരുന്ന മൂലധനം നിക്ഷേപം (രമുശമേഹ ശി്‌ലേൊലി േ- വീടിന് നല്‍കേണ്ടി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, ടൂവീലര്‍, കാര്‍ ഇവയ്ക്ക് മുടക്കേണ്ടി വരുന്ന പണം ഇവയൊക്കെയാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്) വലുതായിരിക്കും.

ഭവനവായ്പ എന്നത് ഈ ഘട്ടക്കാര്‍ക്ക് പലപ്പോഴും ബാധകമാവില്ല. സ്വയം ഒരു വീട് നിര്‍മ്മിക്കുന്നതിനേക്കുറിച്ചുള്ള ചിന്തപോലും ഇക്കാലയളവില്‍ ഇവരിലേക്ക് കടന്നുവരാറില്ല. ഏതെങ്കിലും ഒരുസ്ഥലത്ത് 'സെറ്റില്‍' ചെയ്യുക എന്ന ആശയം അപ്പോഴൊന്നും ഇവരുടെ മനസ്സില്‍ രൂപപ്പെടില്ല. അതുകൊണ്ട് തന്നെ പ്രതിമാസം നല്‍കേണ്ടിവരുന്ന വാടക ആയിരിക്കും ഈയിനത്തില്‍ ഇവര്‍ക്കുണ്ടാകുന്ന റെക്കറിങ് എക്‌സ്‌പെന്‍സ്്. വാടകയെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ടിവരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈ ഇനത്തില്‍ ഇക്കൂട്ടര്‍ക്ക് വേണ്ടിവരുന്ന കാപ്പിറ്റല്‍ എക്‌സ്‌പെന്‍സ് വിഭാഗത്തില്‍ പെടുത്താം.

മറ്റു ഘട്ടക്കാരെ അപേക്ഷിച്ച് ബാങ്ക് വായ്പകള്‍ ഇക്കൂട്ടര്‍ക്ക് കുറവാണെന്നു കാണാം. ഏറിയാല്‍ ഒരു ടൂ-വീലര്‍ ലോണോ, ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പിന്‍വിക്കുന്ന പണമോ ആവും ഇവരുടെ ബാധ്യത. സമീപകാലത്ത്, വിദ്യാഭ്യാസ ലോണുകള്‍ക്ക് ലഭിച്ച വര്‍ധിച്ച പ്രചാരം, ഇക്കൂട്ടരുടെ ബാലന്‍സ് ഷീറ്റില്‍ ആ ലോണിനും സാന്നിധ്യം നല്‍കുന്നുണ്ട്. ലോണ്‍ എടുക്കാനുള്ള ഇവരുടെ 'കഴിവും' മറ്റ് ഘട്ടക്കാരെ അപേക്ഷിച്ച് കുറവാണെന്നു കാണാം. ലോണുകള്‍ക്കായി നല്‍കേണ്ടിവരുന്ന ആസ്തിയോ, തിരിച്ചടവിന് പര്യാപ്തമായ പ്രതിമാസ തുകയോ വളരെ കുറവാണ് എന്നത് തന്നെ ഇതിന് കാരണം.

അടുത്തത് ലൈഫ് ഇന്‍ഷുറന്‍സ് ആണ്. സാധാരണഗതിയില്‍ ഇക്കൂട്ടരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഇല്ല എന്ന കാരണത്താല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് ഇവര്‍ ചിന്തിക്കാറില്ല. അപൂര്‍വ്വം ചിലര്‍ക്ക്, മാതാപിതാക്കള്‍ അവരുടെ ആശ്രിതരാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും ഈ ഘട്ടത്തിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം മൂലമുള്ള ചിലവ് വളരെ കുറവായിരിക്കും. പ്രായം താരതമ്യേന കുറവാണ് എന്ന കാരണത്താല്‍, നല്‍കേണ്ടിവരുന്ന പ്രീമിയവും കുറവായിരിക്കും.

ഒന്നാംഘട്ടത്തിലുള്ളവരുടെ മറ്റൊരു പ്രത്യേകത ഇവര്‍ക്ക് ലിക്വിഡിറ്റി അധികം വേണ്ടിവരും എന്നതാണ്. ജീവിതത്തില്‍ സാമ്പത്തികമായി സ്വതന്ത്രമായ ആദ്യഘട്ടമാണ് എന്നതിനാല്‍ ഏതെങ്കിലും സ്ഥിരനിക്ഷേപത്തില്‍ നിന്ന് പലിശയിനത്തില്‍ ലഭ്യമാകുന്ന വരുമാനമോ ഓഹരികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടില്‍ നിന്നോ ലഭിച്ചേക്കാവുന്ന ഡിവിഡന്റോ ഇവര്‍ക്ക് ഇക്കാലഘട്ടത്തില്‍ തുണയാകാറില്ല. അതുകൊണ്ട് തന്നെ വരുമാനത്തിന്റെ സിംഹഭാഗം, അത്യാവശ്യം വേണ്ടിവരുന്ന പക്ഷം, ഉടനടി പണമാക്കി മാറ്റാനുതകുന്ന തരത്തിലാവണം ഇവര്‍ നിക്ഷേപിക്കേണ്ടത്. ലിക്വിഡിറ്റി കുറഞ്ഞ ഓഹരികളിലോ ഭൂമിയിലോ നിക്ഷേപം ഈ ഘട്ടത്തില്‍ അഭികാമ്യമല്ല എന്നു സാരം. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. പലപ്പോഴും കമ്പനികളില്‍ തുടക്കക്കാരായിരിക്കും ഇവര്‍. അവസാനം നിയമിക്കപ്പെട്ടു എന്ന കാരണത്താല്‍ തന്നെ, ജോലിക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെയൊക്കെ ഭാഗമായി കമ്പനികള്‍ ആദ്യം പിരിച്ചുവിടുന്നതും ഇക്കൂട്ടരെ തന്നെ ആയിരിക്കും. സമീപകാലത്ത് മാന്ദ്യം പിടിമുറുക്കിയപ്പോള്‍ ചിലരെങ്കിലും ഇത് നേരിട്ട് അനുഭവിച്ചിരിക്കും. ഈയൊരു കാരണത്താല്‍ കൂടി ലിക്വിഡിറ്റി കൂടിയ നിക്ഷേപം ഇവര്‍ക്ക് നിര്‍ബന്ധിതമാകുന്നു.
അതാകുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ എളുപ്പം പണം പിന്‍വലിക്കാം.

അടുത്തത് ഈ വിഭാഗത്തിന്റെ റിസ്‌ക് എടുക്കാനുള്ള കപ്പാസിറ്റിയാണ്. ആശ്രയിച്ചു കഴിയുന്നവരുടെ അഭാവം, ചെറുപ്പത്തിന്റെ ആവേശം, നഷ്ടമുണ്ടായാല്‍ തന്നെ നികത്താന്‍ ലഭ്യമായ നീണ്ടവര്‍ഷങ്ങള്‍ ഇവയൊക്കെ റിസ്‌ക് എടുക്കാനുള്ള ഇവരുടെ കപ്പാസിറ്റി മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് കൂട്ടുന്നു.

ഇനി വരുന്നത് ടാക്്‌സ് ഇനത്തിലുള്ള ബാധ്യതകള്‍ ആണ്. അടുത്ത ഘട്ടത്തിലുള്ളവരെ അപേക്ഷിച്ച് വരുമാനം താരതമ്യേന കുറവാണെങ്കില്‍ കൂടി ടാക്‌സ് ഇനത്തിലെ ബാധ്യത ഇവര്‍ക്ക് താരതമ്യേന കൂടുതല്‍ ആണെന്നു തന്നെ കാണാം. ഇതിന് ഒരു കാരണമുണ്ട്. നടത്താതെ പോകുന്ന ഫിനാന്‍ഷ്യല്‍ പ്ലാനിങ്. ഇന്‍ഷുറന്‍സ് പോളിസികളിലും മറ്റും ലഭിക്കുന്ന റിബേറ്റിന്റെ അര്‍ഹതനേടിയെടുക്കാനാവാത്തതും ഇവരുടെ നികുതിബാധ്യത വര്‍ധിപ്പിക്കുന്നു. അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറയ്ക്കാമായിരുന്നു എങ്കില്‍ കൂടി.

സാമ്പത്തിക ആസൂത്രണത്തിന്റെ അവസാന ഘട്ടങ്ങളായ റിട്ടയര്‍മെന്റ് പ്ലാനിങ്ങിലും എസ്റ്റേറ്റ് പ്ലാനിങ്ങിലും ഇക്കൂട്ടര്‍ക്ക് തീര്‍ത്തും താത്പര്യം ഉണ്ടാവാറില്ല. റിട്ടയര്‍മെന്റ് എന്നത് സമീപഭാവിയിലൊന്നും സംഭവിക്കുന്ന കാര്യമല്ല എന്നതും, തങ്ങളെ ആശ്രയിച്ചു മാത്രം കഴിയുന്നവരില്ല എന്നതുമാണ് ഇത്തരത്തിലുള്ള പ്ലാനിങ്ങിനോട് ഇവര്‍ക്കു വിമുഖത വരാന്‍ കാരണം.

മാത്രവുമല്ല, താരതമ്യേന ഇക്കാലഘട്ടത്തില്‍ ആസ്തിയും കുറവായിരിക്കും. തങ്ങളുടെ സ്വത്ത് പരിമിതമാണെന്നതാണ് എസ്റ്റേറ്റ് പ്ലാനിങ്ങിനോട് വിമുഖത വരാന്‍ കാരണം. വീടോ സ്ഥലമോ മാത്രമല്ല എസ്‌റ്റേറ്റ് പ്ലാനിങ്ങില്‍ പെടുന്നത്. അടുത്ത തലമുറയ്ക്കായി കൈമാറാന്‍ ഉദ്ദേശിക്കുന്ന സകല ആസ്തികളും ഇതില്‍ പെടുന്നു. ഇതെപ്പറ്റി പിന്നീട് വിശദീകരിക്കാം.