വിവാഹത്തോടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് മെച്ചപ്പെടുത്താംപല കാര്യങ്ങളിലും പാശ്ചാത്യരെ അനുകരിയ്ക്കുന്ന പ്രവണതയിലേക്ക് മലയാളി വഴുതി വീണിട്ടുണ്ട്. എങ്കിലും പഴയ ചില മാമൂലുകള്‍ മാറ്റിമറിക്കരുത് എന്ന് ഇപ്പോഴും അവന്‍ ആഗ്രഹിക്കുന്നു. അഥവാ, ഇത്തരം ചില പാരമ്പര്യങ്ങളില്‍ ഇന്നും അഭിമാനിക്കുന്നു.
എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും, ഒരിക്കലും വേര്‍പിരിയാനാഗ്രഹിക്കാത്ത പുരുഷനും സ്ത്രീയും, അവരുടെ കുട്ടികളും അടങ്ങുന്ന യൂണിറ്റിന് തന്നെയാണ് ഇന്നും നാം കുടുംബം എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബം എന്ന യൂണിറ്റിന് ഇത്രകണ്ട് സുസ്ഥിരത ഇല്ല എന്ന് അന്നാട്ടുകാര്‍ പോലും തെല്ലും മടിയില്ലാതെ സമ്മതിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഈ യൂണിറ്റില്‍ ഇന്നും പലപ്പോഴും അംഗങ്ങളാണെങ്കിലും ബന്ധുക്കള്‍ കൂടി അംഗങ്ങളായി കടന്നുവരുന്ന കൂട്ടുകുടുംബം എന്ന പ്രസ്ഥാനം ഇവിടെയും പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

സ്വതന്ത്രമായി വിഹരിക്കുന്ന ഒരാളുടെ ജീവിതത്തിലേയ്ക്ക് (അത് പുരുഷനോ സ്ത്രീയോ ആകാം) മറ്റൊരാള്‍ നിയമപരമായി, സമൂഹത്തിന്റെ അംഗീകാരത്തോടെ കടന്നു വരുന്ന അവസ്ഥാവിശേഷമായി വിവാഹത്തെ വിവക്ഷിക്കാം. ഈയൊരു സംഭവത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അവരുടെ ജീവിതത്തിന്റെ രണ്ടാംഘട്ടം (സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള) ആരംഭിക്കയായി. ഇന്നത്തെ കാലത്ത് ഒരാളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് പഴയ കാലത്തേതില്‍ നിന്നും അല്പം വിഭിന്നമായാണ്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വിവാഹപ്രായം പഴയ കാലത്തിനെ അപേക്ഷിച്ച് ഇന്ന് കൂടി. എന്താവാം ഇതിന് കാരണം? ജീവിതത്തിന്റെ ആദ്യഘട്ടം സ്വതന്ത്രമായി, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരല്പം 'അടിപൊളി'യായി ഒരല്പം കൂടി ദീര്‍ഘിപ്പിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ഇത്തരം ദീര്‍ഘിപ്പിക്കലില്‍ അവര്‍ അറിയാതെ മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ട്. നാളിതുവരെ, ആണിന്റേയോ പെണ്ണിന്റേയോ മാത്രം സ്വന്തമായിരുന്ന ചില ജോലികള്‍, അറിയാതെ തന്നെ എതിര്‍ലിംഗത്തില്‍പെട്ടവരും സ്വായത്തമാക്കുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ തലമുറയില്‍പെട്ട പുരുഷന്‍മാര്‍ക്ക് 'പാചകം' അപ്രാപ്യമായ ഒരു സംഗതി തന്നെ ആയിരുന്നു. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാരില്‍ പലരും ജീവിച്ചുപോകാന്‍ വേണ്ടുന്ന പാചകം അറിയുന്നവര്‍ തന്നെയാണ്. അതുപോലെ തന്നെ മാര്‍ക്കറ്റില്‍ പോകാനോ ആവശ്യം വേണ്ടുന്ന വീട്ടുസാധനങ്ങള്‍ വാങ്ങാനോ ഉള്ള ധൈര്യമോ പരിചയമോ പഴയ തലമുറയില്‍പെട്ട സ്ത്രീകളില്‍ അധികം പേര്‍ക്കുമുണ്ടായിരുന്നില്ല. എന്നാലിന്നോ? സ്വയം വാഹനം ഓടിച്ചുപോയി വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങുന്നവരാണ് ഇന്നത്തെ സ്ത്രീകളില്‍ അധികം പേരും. വിവാഹപ്രായം ദീര്‍ഘിപ്പിച്ചതിന്റെ അനന്തര ഫലങ്ങളില്‍ ഒന്നു മാത്രമാണിത്. പുരുഷനെ മാത്രം സാമ്പത്തികമായി ആശ്രയിച്ചവളാണ് പഴയ തലമുറയില്‍പെട്ട സ്ത്രീ എങ്കില്‍, ഇന്നത്തെ സ്ത്രീ അങ്ങനെയല്ല. വിദ്യാഭ്യാസപരമായും വൈജ്ഞാനികമായും പുരുഷന്റെ ഒപ്പമോ ഒരുപടി മുന്നിലോ നില്‍ക്കുന്ന ഇന്നത്തെ സ്ത്രീ, എല്ലാ അര്‍ത്ഥത്തിലും അവനോട് സമത്വം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു, അതിനായി യത്‌നിക്കുന്നു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ബയോളജിക്കലായുള്ള വ്യത്യാസം സ്ത്രീയെ പുരുഷനില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ ഒരൊറ്റ കാരണത്താല്‍ സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ പുരുഷനില്‍ നിന്നും വേറിട്ടൊരു മാനദണ്ഡം തന്നെ സ്ത്രീയ്ക്ക് വേണ്ടിവരുന്നു. അതിനെക്കുറിച്ച് പിന്നാലെ പറയാം.


വിവാഹത്തോടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നു


വിവാഹത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ഒരൊറ്റ യൂണിറ്റായി മാറുന്നതോടെയാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. ഈയവസരത്തില്‍ ഈ 'യൂണിറ്റിന്' ലഭ്യമായ വരവും, വേണ്ടിവന്നേക്കുന്ന ചിലവും ഒന്നു പരിശോധിയ്ക്കാം. ഈയൊരു ഘട്ടത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇരു കൂട്ടരും ജോലിക്കാരാണെന്നത് കൊണ്ട് തന്നെ വരുമാനം താരതമ്യേന ഉയര്‍ന്നിരിക്കും. ശമ്പളം മുഖേന ലഭിക്കുന്ന വരുമാനം മാത്രമാണ് ഇവിടെ വിവരിക്കുന്നത്.


ഇനി ചിലവിന്റെ കാര്യം


ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ഈ ഘട്ടത്തില്‍ ചിലവ് വളരെ കുറയുന്നു എന്നു കാണാം. എന്താവാം ഇതിനു കാരണം? ഒരുമിച്ച് ജീവിക്കുന്നു എന്ന കാരണത്താല്‍ തന്നെ, വീടിനോ ഫ്ലാറ്റിനോ നല്‌കേണ്ടി വരുന്ന വാടക, വീട്ട് ചിലവിന് ആവശ്യമായിവരുന്ന തുക എന്നിവയൊക്കെ ഏതാണ്ട് പകുതികണ്ട് കുറയുന്നതിനാലാണ് ഇങ്ങനെ.

ഈ ഘട്ടത്തില്‍ സമ്പാദിക്കാനുള്ള കഴിവും ആഗ്രഹവും എങ്ങനെ ആയിരിക്കും എന്നു നോക്കാം. ഉയര്‍ന്ന വരുമാനം ലഭിക്കുന്നു എന്ന കാരണത്താല്‍ തന്നെ ഈയൊരു ഘട്ടത്തില്‍ സമ്പാദിക്കാനുള്ള ഇവരുടെ കഴിവ് വളരെ ഉയര്‍ന്നതായിരിക്കും. എന്നാല്‍ 'രണ്ടാംഘട്ടത്തിലുള്ള' പലര്‍ക്കും അതിനാകാതെ വരുന്നതിന് കാരണമെന്താണ്?

വിവാഹം മൂലം ജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുമ്പോഴും, പലരും ഒന്നാം ഘട്ടത്തിന്റെ 'ഹാങ് ഓവറില്‍' തന്നെ കുറച്ച് കാലം കൂടി തുടരും. തങ്ങളുടെ 'ലൈഫ്‌സ്റ്റൈല്‍' ഒന്നു മാറ്റേണ്ടതിന്റെ ആവശ്യകത ഈ ഘട്ടത്തില്‍ പലപ്പോഴും അവര്‍ക്ക് തോന്നാനിടയില്ല. മുന്‍ ഘട്ടത്തിന്റെ തുടര്‍ച്ചയെന്നോണം വെക്കേഷന്‍സ്, സിനിമ, പുറത്ത് നിന്നുള്ള ഭക്ഷണം - ഇവയ്‌ക്കൊക്കെ നിര്‍ലോഭം ചിലവാക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഈ ഇനത്തിലുള്ള ഇവരുടെ ചിലവ്, വരുമാനത്തിന്റെ വലിയൊരു ഭാഗം ചോര്‍ത്തിക്കളയും. എന്നാല്‍ ആദ്യ കുട്ടിയെ ഗര്‍ഭം ധരിക്കുന്നതോടെ ജീവിതത്തെ അല്പം കൂടി സീരിയസായി കാണാന്‍ ഇവര്‍ ശ്രമിച്ചു തുടങ്ങും. സെറ്റില്‍ ചെയ്യുന്നതിനേക്കുറിച്ച് അതിനായി വീട് വാങ്ങുന്നതിനെക്കുറിച്ച് കുടുംബത്തിന് ഒരുമിച്ച് യാത്ര ചെയ്യാനുതകുന്ന വാഹനം വാങ്ങുന്നതിനേക്കുറിച്ചൊക്കെയുള്ള ചിന്ത ഇവരില്‍ ആരംഭിക്കുന്നത് ഇവിടം മുതലാണ്.

ഇന്നത്തെ അവസ്ഥയില്‍ ഭൂരിഭാഗം പേരും ഒരു വീട് വാങ്ങുന്നതോ, അതിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നതോ ഈയൊരു ഘട്ടത്തില്‍ തന്നെയാണെന്നു കാണാം. വീടിന്റേയും ഫ്ലാറ്റിന്റെയുമൊക്കെ വില സമീപകാലത്ത് കുതിച്ചുയര്‍ന്നത് ചിലര്‍ക്കെങ്കിലും ഇത് അപ്രാപ്യമാക്കിയിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ഭവനവായ്പ ഉദാരമാക്കിയതും, നികുതി ഇനത്തില്‍ ലഭ്യമായ ചില ഇളവുകളും ഈയൊരു ഘട്ടത്തില്‍ തന്നെ സ്വന്തമായൊരു ഭവനം എന്ന ആശയത്തിന് മിഴിവേകുന്നു.

ഈ ഘട്ടത്തില്‍ ഇവര്‍ക്കുണ്ടാകുന്ന വായ്പകള്‍ പരിമിതം ആണെന്നു കാണാം. ക്രെഡിറ്റ് കാര്‍ഡ് മൂലമോ, വാഹന വായ്പ മൂലമോ മാത്രം ആവും ഈ ഘട്ടത്തിലെ ഇവരുടെ ബാധ്യത. ഈ ഘട്ടത്തില്‍ തന്നെ വീട് വാങ്ങുന്നവര്‍ക്ക് ഭവനവായ്പയും ലോണ്‍ എന്ന പേരില്‍ അവരുടെ ബാലന്‍സ്ഷീറ്റില്‍ പ്രതിഫലിക്കുന്നു.

ഒന്നാം ഘട്ടത്തിന്റെ ആരംഭത്തില്‍ 'ലൈഫ് ഇന്‍ഷുറന്‍സിനെ'ക്കുറിച്ച് ഇക്കൂട്ടര്‍ ചിന്തിക്കുക പലപ്പോഴും ഏജന്റുമാര്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട് മാത്രമാവും. ഈയൊരു അവസരത്തില്‍ പോലും തങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് മാത്രം ജീവിക്കുന്നവരുടെ അഭാവമാണിതിന് കാരണം. എന്നാല്‍ തങ്ങളുടെ വരുമാനത്തിന്റെ പിന്‍ബലത്തില്‍ മാത്രം ഒരു വീട് വാങ്ങുന്നതോടെ/ കുട്ടികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതോടെ ഇതിന് മാറ്റം വരികയായി. തങ്ങളുടെ അഭാവത്തിലും ഈ വീട്ടില്‍ കുടുംബം തുടരേണ്ടതിന്റെ ആവശ്യകത, ആ അവസരത്തില്‍ അവര്‍ക്കു വേണ്ടി വരുന്ന ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് - ഇവയൊക്കെയാണ് ലൈഫ് ഇന്‍ഷുറന്‍സിനേക്കുറിച്ച് സീരിയസ് ആയി ചിന്തിക്കാന്‍ ഈ ഘട്ടത്തിലുള്ളവരെ പ്രേരിപ്പിക്കുന്നത്.

ഒന്നാം ഘട്ടക്കാരെ അപേക്ഷിച്ച്, തങ്ങളുടെ നിക്ഷേപത്തില്‍ ലിക്വിഡിറ്റിയുടെ ആവശ്യം ഇവര്‍ക്കു കുറവാണെന്നു കാണാം. മിക്കപ്പോഴും രണ്ടുപേരും ജോലിക്കാരാണെന്ന കാരണത്താല്‍ ഒരാള്‍ക്ക് ജോലി നഷ്ടമായാല്‍ പോലും പിടിച്ചു നില്‍ക്കാന്‍ മറ്റേയാളുടെ വരുമാനം തുണയാകും.

റിസ്‌ക് എടുക്കാനുള്ള ശേഷി ഏതാണ്ട് ഒന്നാം ഘട്ടക്കാരുടേതിനോട് തുല്യമായിരിക്കും ഇവര്‍ക്ക്. ആശ്രയിച്ചു ജീവിക്കുന്നവരുടെ അഭാവം, നഷ്ടമുണ്ടായാല്‍ പോലും നികത്താന്‍ ലഭ്യമായ നീണ്ട വര്‍ഷങ്ങള്‍ എന്നത് തന്നെ കാരണം. നികുതി ഇനത്തിലെ ബാധ്യത ഈ ഘട്ടക്കാര്‍ക്ക് താരതമ്യേന കൂടുതലായിരിക്കും. ഉയര്‍ന്ന വരുമാനം, ലഭ്യമായ കിഴിവുകളില്‍ കൂടി ടാക്‌സ് കുറയ്ക്കാന്‍ കാട്ടുന്ന വൈമുഖ്യം എന്നിവയൊക്കെ തന്നെ കാരണം. ഈ ഘട്ടത്തിലെടുക്കുന്ന ഭവന വായ്പ പലപ്പോഴും നികുതി ബാധ്യത കുറയ്ക്കാന്‍ സഹായകമാകാറുണ്ട്.

റിട്ടയര്‍മെന്റ് /എസ്റ്റേറ്റ് പ്‌ളാനിങ്ങില്‍ തീര്‍ത്തും തത്പരരല്ലായിരിക്കും ഈ ഘട്ടക്കാര്‍. റിട്ടയര്‍മെന്റ് എന്നത് വളരെ വിദൂരത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നതും, കാലശേഷം നല്‌കേണ്ടുന്ന സ്വത്തിന്റെ അഭാവവുമാണ് ഇങ്ങനെയൊരു പ്‌ളാനിങ് നടത്തുന്നതില്‍ നിന്ന് ഇവരെ പിന്‍തിരപ്പിക്കുന്നത്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ കാലം മാറുന്നതിനുസരിച്ച് പലപ്പോഴും മാറി മറിയാറില്ലേ. അതുപോലെ തന്നെ സാമ്പത്തിക ആസൂത്രണവും. കാലഘട്ടത്തിനനുസരിച്ച് ഇവയില്‍ വ്യത്യാസം വരുത്തിയേ തീരൂ. അവയെക്കുറിച്ച് അടുത്തതില്‍.