വിവേകപൂര്‍ണമായ സാമ്പത്തിക ആസൂത്രണത്തിലൂടെ നമുക്കും കോടീശ്വരന്മാരും കോടീശ്വരികളുമാവാം. ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ മുന്നില്‍കണ്ടുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് വേണ്ടത്. അത് തന്നെയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് അഥവാ സാമ്പത്തിക ആസൂത്രണം. മികച്ച നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതോടെ അവസാനിക്കുന്നതല്ല ഇത്. യഥാസമയത്ത് നിക്ഷേപം നടത്തുന്നതു പോലെ പ്രധാനമാണ് അത് പിന്‍വലിക്കുന്നത്. ഓരോ ചുവടും ബുദ്ധിപൂര്‍വമായാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ നമുക്ക് കഴിയും.

ഫിനാന്‍ഷ്യല്‍ പ്ലാനിങ് (സാമ്പത്തിക ആസൂത്രണം), ആ പേരിലല്ലെങ്കിലും മലയാളികള്‍ പണ്ടു മുതലേ നടത്തിയിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം വീട് പണിയ്‌ക്കോ കിണര്‍ കുഴിക്കുന്നതിനോ ഭൂമി കുഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും കിട്ടുന്ന 'നിധി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുടങ്ങള്‍/ അതിലെ നാണയങ്ങള്‍, പിതൃസ്വത്തായോ, മാതൃസ്വത്തായോ ലഭിക്കുന്ന ഭൂമിയുടെ അവകാശം. ഇവയൊക്കെ പഴയ തലമുറ ബോധപൂര്‍വ്വമല്ലാതെ നടത്തിയ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ബാക്കിപത്രങ്ങള്‍ തന്നെ.

എന്നാല്‍ ഇന്ന് കാലം ഒട്ടേറെ മാറിയിരിക്കുന്നു. ആരോഗ്യ രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ പുരോഗതി മനുഷ്യന്റെ ജീവിതദൈര്‍ഘ്യം കൂട്ടി. ടെക്‌നോളജിയിലുണ്ടായ വളര്‍ച്ച നിക്ഷേപാവസരങ്ങള്‍ വൈവിധ്യവത്ക്കരിച്ചു. ആഗോളീകരണത്തിലൂടെ ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള നിക്ഷേപ അവസരങ്ങള്‍ നമുക്ക് സ്വന്തമായി. പഴയ കാലത്ത് നിലനിന്നിരുന്ന ചില ഗവണ്‍മെന്റ് പ്രൊട്ടക്ഷനുകള്‍ കൂടി ഇല്ലാതായതു നിക്ഷേപകന്റെ ഉത്തരവാദിത്വം വീണ്ടും വര്‍ധിപ്പിച്ചു. അതേ, വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതിനു സമാനമായി ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തുവാനും സ്വന്തമായി അതിന് കഴിയില്ലെങ്കില്‍ കഴിവും വൈദഗ്ദ്യവുമുള്ള ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം തേടാനും മലയാളി ആരംഭിച്ചിരിക്കുന്നു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം നമ്മുടെ ഇടത്തരക്കാരും സാമ്പത്തികമായി വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ലഭിക്കുന്ന ജോലികള്‍, ചെറുപ്പകാലത്ത് തന്നെ സ്വന്തമാക്കുന്ന കാറ്, വീട് ഇവയൊക്കെ ഒരുവന്റെ സ്വത്തും ബാധ്യതയും ഒരു പോലെ കൂട്ടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇടത്തരക്കാരനായ ഒരു മലയാളിയുടെ ബാലന്‍സ് ഷീറ്റിന്റെ വലിപ്പം എത്ര മടങ്ങ് വര്‍ധിച്ചിരിക്കുന്നു.

മലയാളിയുടെ ജീവിത ഘട്ടങ്ങളിലും വന്‍മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് മനസ്സിലാക്ക ാന്‍ ഒട്ടേറെയൊന്നും പിന്നോട്ട് പോകേണ്ടതില്ല. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെയൊക്കെ അവസ്ഥ ഏതാണ്ട് ഇതായിരുന്നു. 15 വയസ്സ് കഴിയുന്നതോടെ പത്താം ക്ലാസ് വിജയിക്കുന്നൊരാള്‍ (ഇതിന് രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ ഏറ്റക്കുറച്ചിലുകളും സ്വാഭാവികം) നല്ല മാര്‍ക്കുണ്ടെങ്കില്‍ കോളേജ് പഠനത്തിനായി പോകുന്നു. പ്രീഡിഗ്രി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷന്‍ എന്നീ കടമ്പകള്‍ സമര്‍ത്ഥനായ ഒരു വിദ്യാര്‍ഥി ഏതാണ്ട് 22-23 വയസ്സാകുമ്പോഴേക്കും പിന്നിട്ടിരിക്കും. പിന്നീട് ജോലിക്കായുള്ള നെട്ടോട്ടമാരംഭിക്കുകയായി. പി.എസ്.സി, ബാങ്ക്, സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലികള്‍ തന്നെയാവും ഒരു ശരാശരി മലയാളിയുടെ മുന്‍ഗണന. സമര്‍ത്ഥന്‍ ഏതാണ്ട് 30 വയസ്സിനുള്ളില്‍ തന്നെ ഇവയിലേതെങ്കിലുമൊന്ന് നേടിയെടുക്കുന്നു. അതിന് കഴിയാത്തവര്‍ സര്‍ക്കാരിതര, വിദേശ ജോലിയ്ക്കായി പോകുന്നു.

ഇനി ഇതിനാകാത്ത മറു വിഭാഗം, പത്താം ക്ലാസ് എന്ന കടമ്പ കടക്കാനാവാത്തതിനാല്‍ മറ്റേതെങ്കിലും ജോലിയ്‌ക്കോ ബിസിനസ്സിനോ അന്ന് തന്നെ ശ്രമിക്കുന്നു. ചിലര്‍ വിജയിക്കുന്നു; ചിലര്‍ പരാജയപ്പെടുന്നു.

എന്തായാലും ഈയൊരു ഘട്ടം വരെ ഇരുകൂട്ടരുടേയും സ്വത്തു/ബാധ്യതകള്‍ ഏതാണ്ടൊരുപോലെ തന്നെ ആയിരിക്കും (പിതൃസ്വത്തുന്റേയോ, മാതൃസ്വത്തിന്റേയോ അവകാശം ഇവിടെ കണക്കാക്കുന്നില്ല). കാരണം നാമമാത്രമായ ഫീസിലോ സൗജന്യമായോ ഉള്ള പഠനമായിരുന്നു നാളിത്‌വരെ.

എന്നാല്‍ കാലംമാറി. പ്രൊഫഷണല്‍ കോഴ്‌സുകളുടെ ആധിക്യം, അവയ്ക്ക് നല്‍കേണ്ടിവരുന്ന ഉയര്‍ന്ന ഫീസ് അതിനായി ആശ്രയിക്കേണ്ടിവരുന്ന വിദ്യാഭ്യാസ ലോണുകള്‍, അത് കഴിഞ്ഞു ലഭ്യമാകുന്ന ഉയര്‍ന്ന ജോലിസാധ്യതകള്‍, ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വീട്, കാറ് ഇവയൊക്കെ ഒരുവന് ഫിനാന്‍ഷ്യല്‍ പ്ലാനിങ് ഒഴിച്ചുകൂടാനാകാത്ത ഒന്നാക്കിമാറ്റി. പണ്ടൊക്കെ വിവാഹവും അതിന്‌ശേഷം വരുന്ന സാമ്പത്തിക ആവശ്യങ്ങളും ഏതാണ്ടെല്ലാവര്‍ക്കും ഒരേപോലെ ആയിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്‌ണേഴ്‌സ് രണ്ടുപേരും ജോലിക്കു പോകുന്നു. കാരണം രണ്ടുപേരും അത്തരത്തില്‍ വിദ്യാഭ്യാസം നേടിയവര്‍. എന്നാല്‍ കറങ്ങിവരുന്ന ജീവിത ചക്രത്തില്‍ എല്ലായ്‌പ്പോഴും ഇരുകൂട്ടര്‍ക്കും ജോലിയ്ക്ക് പോകാന്‍ കഴിയും എന്നു വരില്ല.

ഇക്കാരണത്താല്‍ വിവിധ ഘട്ടങ്ങളില്‍ ലഭ്യമായ വരവും, ഉണ്ടായേക്കാവുന്ന ചിലവും വ്യത്യസ്തമായിരിക്കുന്നു. മാറിവരുന്ന ജീവിതഘട്ടങ്ങള്‍ക്ക് അനുയോജ്യമായ ഒരു സാമ്പത്തിക ആസൂത്രണമാണ് നടത്തേണ്ടത്.

ഒരു ശരാശരി മലയാളിയുടെ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള ജീവിതത്തെ അഞ്ച് ഘട്ടങ്ങളായി തിരിക്കാം.

ഒന്നാംഘട്ടം: മാതാപിതാക്കളില്‍ നിന്ന് സ്വതന്ത്രമായി, സ്വയം വരുമാനം നേടിത്തുടങ്ങുന്ന ഈ ഘട്ടം ചെറുപ്പത്തിന്റേതാണ്. വിവാഹം കഴിക്കുന്നതിനു മുമ്പുള്ള ഈ ഘട്ടത്തില്‍ ലഭ്യമായ വരവും ഉണ്ടായേക്കാവുന്ന ചെലവും ഒരു പ്രത്യേക പാറ്റേണില്‍ പെടുന്നു. അവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

രണ്ടാംഘട്ടം: ഒന്നാംഘട്ടത്തിന് തിരശ്ശീല വീഴുന്നത് വിവാഹത്തോെടയാണ്. ഇത് രണ്ടാംഘട്ടത്തിന് വഴിയൊരുക്കുന്നു. ഈ ഘട്ടത്തിലെ വരവും ചെലവും ദമ്പതികളുടെ ജോലി / വരുമാനം അനുസരിച്ച് വ്യത്യസ്തമാകുന്നു.

മൂന്നാംഘട്ടം: ആദ്യ കുട്ടിയുടെ ജനനത്തോടെയാണ് മൂന്നാംഘട്ടത്തിന് തുടക്കമാകുന്നത്. അവസാനത്തെ കുട്ടിയും സ്‌കൂളില്‍ പോകുന്നതുവരെ ഈ ഘട്ടം നീണ്ടുനില്‍ക്കുന്നു.

നാലാംഘട്ടം: അവസാനത്തെ കുട്ടിയും സ്‌കൂളില്‍ പോകുന്നതോടെയാണ് നാലാംഘട്ടം ആരംഭിക്കുന്നത്. മൂന്നാംഘട്ടത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് ഈ ഘട്ടത്തിലെ വരവ് ചെലവുകള്‍. അത് പിന്നാലെ വിശദമാക്കാം.

അഞ്ചാംഘട്ടം: ഈ ഘട്ടത്തില്‍ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകുന്നു. പലപ്പോഴും ഭാര്യയും ഭര്‍ത്താവും മാത്രം വീട്ടില്‍ ആയിരിക്കുന്ന ഈ ഘട്ടത്തില്‍ വരവില്‍ കാര്യമായ വ്യതിയാനം ഉണ്ടായേക്കില്ലെങ്കിലും ചെലവിന്റെ കാര്യത്തില്‍ സംഗതി വ്യത്യസ്തമാകുന്നു.

ആറാംഘട്ടം: സാമ്പത്തിക ആസൂത്രണത്തെ അടിസ്ഥാനപ്പെടുത്തി പറയുമ്പോള്‍ ഒരു മനുഷ്യന്റെ അവസാനത്തെ ഘട്ടം ഇതാണ്. ഔദ്യോഗിക പദവിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം ആരംഭിക്കുന്ന ഈ ഘട്ടത്തിലെ വരുമാനം മുന്‍ ഘട്ടത്തിലേതിനെ അപേക്ഷിച്ച് തുലോം കുറവായിരിക്കും. പെന്‍ഷന്‍ മൂലം ലഭ്യമാകുന്ന വരുമാനം ശമ്പളത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50% ലും താഴെ നില്‍ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒന്നു മുതല്‍ ആറ് വരെയുള്ള ഘട്ടങ്ങളില്‍ ഒരാള്‍ക്ക് ലഭ്യമായ വരവും ഉണ്ടായേക്കാവുന്ന ചെലവുകളും അതിനായി നടത്തേണ്ടുന്ന സാമ്പത്തിക ആസൂത്രണവുമാണ് ഇനി വിശദീകരിക്കുന്നത്.