Representational image. Photo: Gettyimages
കുടുംബ സ്വത്ത് വീതംവെച്ചപ്പോള്‍ ലഭിച്ച 23 ലക്ഷം രൂപ കൈവശമുണ്ട്. തല്ക്കാലത്തേയ്ക്ക് ഈതുക ആവശ്യമില്ല. ഭാവിയില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ എവിടെയാണ് നിക്ഷേപിക്കേണ്ടത്. സുഹൃത്തുക്കളില്‍ പലരും ഓഹരിയില്‍ മുടക്കാനാണ് പറയുന്നത്.
റിസ്കെടുക്കാന്‍ അത്ര താല്പര്യമില്ല. ഇതുവരെ ഓഹരിയില്‍ നിക്ഷേപിച്ച് പരിചയവുമില്ല. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നത് ഗുണംചെയ്യുമോ? മ്യൂച്വല്‍ ഫണ്ടിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമോ ? പലിശ കുറവായതിനാലാണ് എഫ്ഡിക്ക് ബദല്‍ അന്വേഷിക്കുന്നത്. യോജിച്ച പദ്ധതി നിര്‍ദേശിക്കാമോ?
വിനയന് (ഇ-മെയില്‍)
സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശ ഏറ്റവും കുറഞ്ഞ സമയമാണിത്. അതുപോലെതന്നെ ലഘുസമ്പാദ്യ പദ്ധതികളിലെ ആദായവും ആകര്‍ഷകമല്ല. വിലക്കയറ്റത്തെ മറികടക്കുന്ന ആദായം സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കുകയില്ല. ഭാവിയില്‍ നേരിയതോതില്‍ പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെങ്കിലും മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം തുക ബാങ്ക് എഫ്ഡിയിലും 10ശതമാനം സ്വര്‍ണത്തിലും ബാക്കിയുള്ള 50ശതമാനം ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കാം. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതില്‍ റിസ്ക് ഉള്ളതിനാലാണ് ഹൈബ്രിഡ് ഫണ്ടുകള്‍ നിര്‍ദേശിക്കുന്നത്. അഞ്ചുവര്‍ഷമോ അതില്കൂടുതല് കാലമോ നിക്ഷേപം നിലനിര്‍ത്താനായാല്‍ തരക്കേടില്ലാത്ത ആദായം അതില്‍നിന്ന് പ്രതീക്ഷിക്കാം.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച പദ്ധതി സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ട് ആണ്. 2.5ശതമാനം വാര്‍ഷിക പലിശയും കാലാവധിയെത്തുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ മൂല്യത്തിനനസരിച്ചുള്ളതുകയും ഇതില്‍നിന്ന് ലഭിക്കും.
40ശതമാനംതുക എസ്ഐപിയായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടില്‍ നിക്ഷേപിക്കാം. ദീര്‍ഘകാലയളവില്‍ തരക്കേടില്ലാത്ത ആദായം ഇതില്‍നിന്നുലഭിക്കും. എല്ലാതുകയും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ പണത്തിന് ആവശ്യംവന്നാല്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടും. ദീര്‍ഘകാലയളവില്‍ മികച്ച മൂലധനനേട്ടം ലഭിക്കുമ്പോള്‍ ഹൈബ്രിഡ് ഫണ്ടിലെ നിക്ഷേപം ഉപയോഗിക്കുകയുംചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..