Photo:Reuters
വൈകിയാണെങ്കിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായി. വിവിധ നിക്ഷേപ സ്‌കീമുകളുടെ പലിശയില്‍ 20 മുതല്‍ 110(1.10ശതമാനം) ബേസിസ് പോയന്റിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. സീനിയര്‍ സിറ്റിസണ്‍ സ്‌കീം, പ്രതിമാസ വരുമാന പദ്ധതി, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, ടേം ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശയാണ് ഉയര്‍ത്തിയത്. അതേസമയം, ജനപ്രിയ നിക്ഷേപ പദ്ധതികളായ സുകന്യ സമൃദ്ധിയുടെയും പിപിഎഫിന്റെയും പലിശ കൂട്ടിയതുമില്ല. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 7.6 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി ഉയര്‍ത്തിയത് സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശാസമേകും. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷംവരെയുള്ള ടേം ഡെപ്പോസിറ്റിന് 1.10 ശതമാനം പലിശയാണ് കൂട്ടിയത്(പട്ടിക കാണുക).
സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് ഓരോ പാദത്തിലും(മൂന്നു മാസം കൂടുമ്പോള്‍) ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്. സമാന കാലാവധിയുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായത്തേക്കാള്‍ കാല്‍ ശതമാനം മുതല്‍ ഒരു ശതമാനംവരെ കൂടുതല്‍ പലിശയാണ് നിശ്ചിത മാനദണ്ഡ പ്രകാരം നല്‍കിവരുന്നത്.
ആറു മാസക്കാലത്തിലേറെയായി സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നു. ബാങ്കുകള്‍ പോലും പലിശ രണ്ടു ശതമനത്തോളം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ പദ്ധതികളുടെ പലിശയില്‍ കാര്യമായ വര്‍ധനവരുത്തിയിരുന്നില്ല.
ഏറെ കാലത്തിനുശേഷം കഴിഞ്ഞ പാദത്തില്‍(ഒക്ടോബര്‍-ഡിസംബര്‍) നാമമാത്ര പലിശ വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ പദ്ധതികള്‍ക്ക് 10 മുതല്‍ 30 ബേസിസ് പോയന്റുവരെ വര്‍ധനവാണ് അന്ന് നല്‍കിയത്.
താരതമ്യേന കുറവ്
വിപണിയിലെ പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്ക് ഇപ്പോഴും കുറവാണെന്ന് പറയേണ്ടിവരും. രണ്ടു വര്‍ഷം മുമ്പുവരെ ബാങ്ക് പലിശയേക്കാള്‍ ആദായം സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് ലഭിച്ചിരുന്നു. ഉദാഹരണത്തിന്, സുകന്യ സമൃദ്ധി പദ്ധതിക്ക് 2019ല്‍ 8.50ശതമാനമായിരുന്നു പലിശ. പിപിഎഫിനാകട്ടെ എട്ട് ശതമാനവും.
Also Read
ഭാവിയിലും വര്‍ധന പ്രതീക്ഷിക്കാമോ?
പണപ്പെരുപ്പം താഴുന്ന പ്രവണതയുള്ളതിനാല്‍ ഭാവിയില്‍ നിരക്കുവര്‍ധന പ്രതീക്ഷിക്കാന്‍ കഴിയില്ല. അതേസമയം, പണപ്പെരുപ്പ സൂചിക നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ വര്‍ധനവിന് സാധ്യതയുണ്ടുതാനും. അങ്ങനെയെങ്കില്‍ 2023 മാര്‍ച്ചിലും പലിശ ഉയരും.
Content Highlights: Interest rate hike on small savings schemes: No increase for PPF and Sukanya Samriddhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..