Photo: Gettyimages
നിശ്ചിത കാലയളവില്‍ പലിശമാത്രം അടയ്ക്കാവുന്ന ഭവനവായ്പയുമായി ബാങ്കുകള്‍. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കാണ് പുതിയ ഭവനവായ്പാ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള ഇടപാടുകാര്‍ക്കും പുതിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മറ്റൊരു ബാങ്കില്‍ നിലവില്‍ വായ്പയുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിലേയ്ക്ക് മാറാനും സൗകര്യമുണ്ട്. ഭാവിയില്‍ മറ്റുബാങ്കുകളും പദ്ധതിയുമായി വന്നേക്കും.
പലിശമാത്രം എത്രകാലം?
പൂര്‍ത്തിയാക്കിയ വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനാണ് ഇതുപ്രകാരം വായ്പ ലഭിക്കുക. 'പലിശമാത്രമുള്ള കാലയളവ്' കഴിഞ്ഞാല്‍ മുതലിനൊപ്പം പലിശയും ചേര്‍ത്തുള്ള ഇഎംഐ ആണ് അടയ്‌ക്കേണ്ടിവരിക. ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയാണ് പലിശ മാത്രം അടയ്ക്കാനുള്ള സൗകര്യമുള്ളത്. ഈ കാലയളവ് അവസാനിച്ചാല്‍ സാധാരണ വായ്പ അക്കൗണ്ടായി മാറുമെന്ന് ചുരുക്കം.
എത്രതുകവരെ ലഭിക്കും?
35ലക്ഷം മുതല്‍ 3.5കോടി രൂപവരെയാണ് വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കുക. ശമ്പളവരുമാനക്കാര്‍ക്ക് 30 വര്‍ഷവും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് 25 വര്‍ഷവുമാണ് വായ്പയുടെ പരമാവധി കാലാവധി.
എന്താണ് മെച്ചം?
വായ്പയുടെ പ്രാരംഭ കാലയളവില്‍ കുറച്ചുപണം പ്രതിമാസം അടച്ച് വീട് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. തുടക്കത്തില്‍ ഉയര്‍ന്ന പ്രതിമാസ തവണ നല്‍കാതെ ആഢംബര അപ്പാര്‍ട്ടുമെന്റുകളോ വില്ലകളോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ ഓഫര്‍ അനുയോജ്യമാണ്. തുടക്കത്തില്‍ കൂടുതല്‍ തുക ഇഎംഐ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
കണക്കുകള്‍ ഇങ്ങനെ
20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വായ്പയെടുത്തെന്നിരിക്കട്ടെ. മൂന്നുവര്‍ഷം പലിശയനത്തില്‍മാത്രം മൊത്തം അടയ്‌ക്കേണ്ടിവരിക ഏകദേശം 10.50 ലക്ഷം രൂപയാണ്. ഇതുപ്രകാരം പ്രതിമാസം അടയ്‌ക്കേണ്ടിവരിക ശരാശരി 29,000 രൂപയാണ്. മുതലിനൊപ്പം പലിശയും അടയ്ക്കുകയാണെങ്കില്‍ 39,000 രൂപയെങ്കിലുമാകും. അതായത് മൂന്നുവര്‍ഷം പ്രതിമാസം 10,000 രൂപ ലാഭിക്കാം.
മൊത്തം ചെലവ് വിലയിരുത്താം
തുടക്കകാലയളവില്‍ പലിശമാത്രവും പിന്നെ മുതലും ചേര്‍ത്ത് അടയ്‌ക്കേണ്ടിവരുന്ന ചെലവും തുടക്കംമുതലെ മുഴുവന്‍ ഇഎംഐ അടയ്ക്കുമ്പോഴുള്ള തുകയും താരതമ്യംചെയ്തശേഷംമാത്രം ഇത്തരം വായ്പകളെടുക്കുക. തുടക്കത്തില്‍ കുറച്ചുതുക അടച്ചാല്‍ മതിയെന്നുകരുതി കടക്കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഇഎംഐയിലുണ്ടാകുന്ന വര്‍ധന താങ്ങാനകുമോയെന്നും മുന്‍കൂട്ടി കണക്കുകൂട്ടുക.
വാടകയ്ക്കുതാമസിക്കുന്നവര്‍
നിലവില്‍ ഉയര്‍ന്ന വാടക നല്‍കി താമസിക്കുന്നവര്‍ക്ക് പൂര്‍ത്തിയായ വീട്ടിലേയ്ക്കുമാറാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാടകയിനത്തില്‍ ചെലവാക്കുന്നതുകമാത്രം നല്‍കി മൂന്നുവര്‍ഷവരെ മുന്നോട്ടുപോകാനാകൂം. പൂര്‍ത്തിയായ ഭവനമായതിനാല്‍ ഉടനെതന്നെ താമസം മാറ്റാനുമാകും. നിലവില്‍ 20,000-25,000 രൂപ പ്രതിമാസം വാടക നല്‍കുന്നവര്‍ക്ക് പ്രയോജനകരമാണ്.
Content Highlights: Interest Only Home Loan, What does it offer?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..