മ്പത്തുണ്ടാക്കാൻ ആകർഷകമായ നിരവധി പദ്ധതികളുണ്ട്. അത്തരം പദ്ധതികളിൽ നിക്ഷേപിച്ച് നിങ്ങൾ കുടുംബത്തെ പൊന്നുപോലെ നോക്കും. പക്ഷേ, നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയെന്താവും? നിങ്ങളുടെ മക്കളുടെ പഠനം എങ്ങനെ മുന്നോട്ടുപോകും? നിങ്ങളില്ലാതായാലും നിങ്ങൾ ഉള്ളപ്പോൾ എന്ന പോലെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും നല്ല മാർഗം ഇൻഷുറൻസ് സംരക്ഷണം നേടുക എന്നതാണ്.

നിങ്ങളുടെ അസാന്നിധ്യം കുടുംബത്തിന് നികത്തിക്കൊടുക്കാൻ ഇൻഷുറൻസ് സംരക്ഷണത്തിന് ആകില്ല എന്നതു ശരി. പക്ഷേ നിങ്ങളുടെ വേർപാട് കുടുംബത്തിൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാൻ ഇൻഷുറൻസിനു കഴിയും. വർഷാവർഷം ചെറിയൊരു തുക മാറ്റിവച്ചാൽ മതി. 
ഏറെക്കുറെ എല്ലാവർക്കും ഇപ്പോൾ പലതരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരിക്കും.

അവയുടെ കവറേജ് തുക എല്ലാം കൂടി കൂട്ടിനോക്കുക; ആ തുക മതിയോ നിങ്ങളുടെ കുടുംബത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ. പെൺകുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാൻ. അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാൻ. ഈ തുക അപര്യാപ്തമാണെന്ന് നിങ്ങൾക്കറിയാം. അപ്പോൾ എന്താണ് പോംവഴി.

tableടേം ഇൻഷുറൻസ് പോളിസികൾ ഇത്തരത്തിൽ കുടുംബത്തെ സ്നേഹിക്കുന്നവർക്കുള്ളതാണ്. നിങ്ങളില്ലാതായാലും നിങ്ങൾ ഉള്ളപ്പോൾ ആഗ്രഹിച്ചതു പോലെ കുടുംബത്തിനു വേണ്ട സാമ്പത്തിക സംരക്ഷണം ടേം ഇൻഷുറൻസ് പോളിസികൾ നൽകും. നിങ്ങളില്ലാതായാൽ കുടുംബത്തിന് 50 ലക്ഷം രൂപ ലഭിക്കാൻ വർഷം നിങ്ങൾ വെറും 6,600 രൂപ മുടക്കിയാൽ മതി. അതായത് മാസം വെറും 550 രൂപ. ദിവസം വെറും 18 രൂപ. ഇനി ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കണമെങ്കിലോ വർഷം വെറും 13,200 രൂപ മുടക്കിയാൽ മതി.

ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം കാലാവധി ഒരു വർഷത്തേക്കാണ്. ഓരോ വർഷവും പ്രീമിയം അടച്ച് പോളിസി പുതുക്കിക്കൊണ്ടിരിക്കണം.  പോളിസി കാലാവധിയിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ കവറേജ് തുക മുഴുവൻ അനന്തര അവകാശിക്ക് ലഭിക്കും. മരണം സംഭവിക്കുന്നില്ല എങ്കിൽ ആനുകൂല്യമൊന്നും ലഭിക്കില്ല. മരണ ആനുകൂല്യമല്ലാതെ മറ്റൊന്നും പോളിസിയിൽ നിന്ന് ലഭിക്കില്ല എന്നതിനാൽ ഇത്തരം ടേം ഇൻഷുറൻസ് പോളിസിയിൽ ചേരാൻ പലർക്കും മടിയാണ്. 

പക്ഷേ, ദിവസം ഒരു ചായയ്ക്കോ മാസത്തിൽ സിനിമയ്ക്കോ മുടക്കുന്ന പണം ഉണ്ടെങ്കിൽ കുടുംബത്തിന് ലഭിക്കുന്ന സാമ്പത്തിക സംരക്ഷണം എത്ര വലുതാണ്. അതിനാൽ സമ്പത്തുണ്ടാക്കാനുള്ള പരിശ്രമത്തിൽ ഇൻഷുറൻസ് സംരക്ഷണവും തേടണം. എത്ര രൂപയുടെ കവറേജ് എടുക്കണം എന്നത് ഓരോരുത്തരും അവരവരുടെ ജീവിത നിലവാരവും ബാധ്യതകളും കണക്കാക്കി നിശ്ചയിക്കണം. നിങ്ങളുടെ കടവും മറ്റ് ബാധ്യതകളും നാളെ കൊടുത്തുതീർക്കേണ്ടി വരികയാണെങ്കിൽ എത്ര രൂപ വേണ്ടിവരുമെന്ന് കണക്കാക്കുക. പ്രതിമാസം നിങ്ങളുടെ കുടുംബത്തിന് ഇപ്പോൾ എത്ര രൂപ ജീവിതച്ചെലവ് വേണ്ടിവരുന്നുണ്ടെന്ന് കണക്കാക്കുക.

നിങ്ങളില്ലാതായാൽ ജീവിതച്ചെലവിനുള്ള ഈ തുക കുടുംബത്തിലെ മറ്റൊരാൾക്ക് ഏറ്റെടുക്കാൻ എത്ര വർഷമാണ് വേണ്ടിവരിക. ഉദാഹരണത്തിന് 15 വർഷം വേണ്ടിവരുമെങ്കിൽ അത്രയും വർഷത്തേക്ക് ജീവിതച്ചെലവിനായി എത്ര തുക വേണമെന്ന് കണക്കാക്കുക. കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി എത്ര തുക വേണ്ടിവരും എന്ന് കണക്കാക്കുക. ഈ തുകയെല്ലാം കൂട്ടുമ്പോൾ കിട്ടുന്ന അത്രയും തുകയ്ക്കുള്ള കവറേജ് ആണ് നിങ്ങൾ എടുക്കേണ്ടത്. 

എൽ.ഐ.സി.യുടെ ടേം ഇൻഷുറൻസ്, ഓൺലൈനായി വാങ്ങാവുന്ന ഇ-ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം നിരക്കാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. കമ്പനി വെബ്‌ സൈറ്റിലെ പ്രീമിയം കാൽക്കുലേറ്റർ പ്രകാരമുള്ള നിരക്കാണ് ഇത്. പോളിസിയിൽ ചേരും മുമ്പ് യഥാർത്ഥ നിരക്ക് ചോദിച്ച് ഉറപ്പാക്കണം. ഇതിനെക്കാൾ ആകർഷകമായ പ്രീമിയം നിരക്ക് മറ്റ് പല ഇൻഷുറൻസ് കമ്പനികൾക്കുമുണ്ട്. പോളിസി ഉടമയുടെ പ്രായമാണ് പ്രീമിയം നിരക്ക് നിശ്ചയിക്കുന്ന നിർണായക ഘടകം. പ്രായം കൂടുംതോറും പ്രീമിയം നിരക്കും കൂടും. 

ഏജന്റുമാർ വഴി വാങ്ങുന്നതിനെക്കാൾ ഓൺലൈനായി വാങ്ങുന്ന ഇ-ടേം ഇൻഷുറൻസിന് പ്രീമിയം നിരക്ക് കുറവായിരിക്കും. എന്നാൽ പോളിസി വിശദാംശങ്ങൾ സ്വന്തം നിലയ്ക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവരും ക്ലെയിം ഉണ്ടായാൽ അത് നേടാൻ പരസഹായം വേണ്ടവരും ഏജന്റുമാർ വഴിതന്നെ പോളിസി എടുക്കുന്നതാണ് നല്ലത്. 

ഇ-മെയിൽ: jayakumarkk@gmail.com