കൊച്ചി: ലാഭം ഇൻഷ്വർ ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീപ്പിടുത്തം മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ശ്രീറാം ജനറൽ ഇൻഷുറൻസ് രൂപകൽപന ചെയ്ത പുതിയ പോളിസിക്ക് സാന്റ് ബോക്സ് അംഗീകാരം. 

നിയന്ത്രണ സമിതിയായ ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) യാണ് ശ്രീറാമിന്റെ നവീനമായ ഈ പ്ളാനിന് അംഗീകാരം നൽകിയത്. ഇതോടെ ഫയർ ആന്റ് സ്പെഷ്യൽ പെറിൽ പോളിസി പ്രകാരം കവർ ചെയ്യപ്പെടുന്ന 12 തരം അപകടങ്ങൾക്കും ഫയർ ലോസ് ഓഫ് പ്രോഫിറ്റ് പോളിസിക്കു കീഴിൽ പരിരക്ഷ ലഭിക്കും.

വസ്തുക്കൾക്ക്  തീപ്പിടുത്തത്തിൽ നഷ്ടം സംഭവിച്ചാൽ മാത്രമാണ് ഇന്ത്യയിൽ സാധാരണയായി പോളിസിയുടെ പ്രയോജനം ലഭിക്കുക. എന്നാൽ പുതിയ സ്‌കീമിൽ ലാഭത്തിനും വരുമാനത്തിനുമുണ്ടാകുന്ന നഷ്ട ബാധ്യത കമ്പനി അംഗീകരിക്കുന്നതാണ്. ഐആർഡിഎഐയുടെ പുതിയ സാന്റ്ബോക്സ് നിബന്ധനയനുസരിച്ച് ശ്രീറാം നൽകിയ അപേക്ഷ സ്വീകരിച്ച് പുതിയ പോളിസിക്ക് അനുമതി നൽകുകയായിരുന്നു. 

ഇതുപ്രകാരം 2021 നവംബർ 15 മുതൽ 2022 മെയ് 14 വരെ ആറു മാസമാണ് പോളിസി കാലാവധി. കച്ചവടക്കാർ, ഹോട്ടൽ, റസ്റ്റാറന്റ്  നടത്തിപ്പുകാർ, ചെറുകിട ഉൽപാദന യൂണിറ്റുകൾ, ഓട്ടോമൊബൈൽ വർക്ഷോപ്പുകൾ തുടങ്ങിയവയ്ക്കായി പ്രത്യേകം തയാറാക്കിയ പോളിസിയാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം 10,000 പോളിസികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീറാം ജനറൽ ഇൻഷുറൻസ് കമ്പനി എംഡിയും സിഇഒയുമായ അനിൽ അഗർവാൾ പറഞ്ഞു.