ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്ത മലയാളികളുണ്ടോ? ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഏജന്റുമാരുടെ രൂപത്തില്‍ അവതരിക്കുമ്പോള്‍ പോളിസി എടുക്കാതിരിക്കുന്നതെങ്ങനെ? ഇങ്ങനെ വ്യത്യസ്ത പ്രേരണകളാല്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തവരാണ് ഏറെപ്പേരും.

പോളിസി സര്‍ട്ടിഫിക്കറ്റുപോലും കൈവശമില്ലാത്തവരും ഇവരിലുണ്ടാകും. ഏതായാലും പോളിസികള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിക്കഴിഞ്ഞു. 

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണമായല്ല ക്ലെയിംതുക അനുവദിക്കുന്നത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് പണം കൈമാറുന്നത്. 50,000 മുകളില്‍ തുക പ്രീമിയം അടയ്ക്കുന്നവര്‍ നിലവില്‍തന്നെ പാന്‍ നല്‍കുന്നുമുണ്ട്. 

ആധാറും പാന്‍നമ്പറും നല്‍കാത്തവര്‍ക്കിനി പോളിസിയുമായി ബന്ധപ്പെട്ട മണിബാക്കോ, ക്ലെയ്‌മോ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പണം കൈമാറരുതെന്നുകാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ രാജ്യത്ത് നിലവില്‍ 54 ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്. എല്‍ഐസിയ്ക്ക് മാത്രമായി 29 കോടി പോളിസി ഉടമകളാണുള്ളത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 2.67 കോടി പോളിസികളില്‍ എല്‍ഐസിക്കുമാത്രം 2.05 കോടി പോളിസികളുണ്ട്. 

എസ്എംഎസ്, ഓണ്‍ലൈന്‍ എന്നിവയ്ക്കുപുറമെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശാഖകളിലെത്തിലും ആധാര്‍ ലിങ്ക് ചെയ്യാം. ആധാര്‍ ലിങ്ക് ചെയ്യാനെത്തുന്നവരുടെ തിരക്കുമൂലം പ്രീമിയം സ്വീകരിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടേക്കാം.