ഭിന്നശേഷിക്കാർക്കു വേണ്ടി പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സോഷ്യൽ ജസ്റ്റിസ് മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സ്വാവലംബൻ’.

ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പോളിസി സഹായകരമാണ്. 

ഭിന്നശേഷിയുള്ള ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപയുടെ ആശുപത്രി ചെലവാണ് ഒരു വർഷം ലഭ്യമാവുക. ഒരു കുടുംബത്തിൽ ഒരു ഭിന്നശേഷിയുള്ള ആളിനു പുറമെ അച്ഛൻ, അമ്മ തുടങ്ങി പരമാവധി 3 പേരെക്കൂടി ഈ പോളിസിയിൽ ഉൾപ്പെടുത്താനാവും. ജനിച്ച കുട്ടികൾ മുതൽ 65 വയസ്സ് വരെ പ്രായമുള്ളവരെ പോളിസിയിൽ ഉൾപ്പെടുത്താവുന്നതാണ്. 

മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മെഡിക്കൽ പരിശോധന ഒന്നുംതന്നെ പോളിസിയിൽ ചേരുന്നതിനു മുൻപായി ആവശ്യമില്ല. ആശുപത്രിയിൽ അഡ്മിറ്റ് ആവാതെ കറക്ടീവ് തെറാപ്പി ചെയ്യുന്നതിന് അംഗവൈകല്യമുള്ളവർക്ക് 3,000 രൂപ വരെയും ഈ പോളിസിയിൽ നൽകുന്നുണ്ട്.

നിലവിലുള്ള അസുഖങ്ങൾക്കും ഈ പോളിസിയിൽ പരിരക്ഷ നൽകുന്നുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് മുൻപും ഡിസ്ചാർജ് ആയ ശേഷവും ഉള്ള ചികിത്സാ ചെലവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
 
മൾട്ടിപ്പിൾ ഡിസെബിലിറ്റി, സെറിബ്രൽ പാൾസി, ഓട്ടിസം മുതലായവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭ്യമല്ല. സാധാരണയായി വാർഷിക പ്രീമിയം 3,550 രൂപയാണ്. എന്നാൽ അപേക്ഷകൻ 355 രൂപ (അതായത് 10 ശതമാനം) മാത്രം അടച്ചാൽ മതി.

അപേക്ഷയോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെ രണ്ട് ഫോട്ടോ നൽകേണ്ടതുണ്ട്. ഭിന്നശേഷി തെളിയിക്കുന്നതിന് നിയമാനുസൃതമായ രേഖകൾ നൽകണം. ഫോട്ടോ ഐ.ഡി. കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പിയും നൽകണം. ഇതു കൂടാതെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും നൽകേണ്ടതുണ്ട്.
 
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ അംഗീകൃത നെറ്റ്‌വർക്ക് ആശുപത്രികൾ വഴി സൗജന്യ ചികിത്സ ലഭ്യമാണ്. കേരളത്തിൽ ഈ പോളിസിയുടെ ക്ലെയിം തീർപ്പാക്കുന്നത് വിവിധ ടി.പി.എ. കമ്പനികളാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്ന ശേഷിയുള്ള കുടുംബത്തിന് പ്രതിവർഷം വെറും 355 രൂപ നൽകിയാൽ ലഭിക്കുന്നത് നിലവിലുള്ള അസുഖങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപയ്ക്കുള്ള ചികിത്സ തികച്ചും സൗജന്യമായാണ്. 

(തൃശ്ശൂർ ആസ്ഥാനമായുള്ള എയിംസ് ഇൻഷുറൻസ് ബ്രോക്കിങ്ങിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
ഇ-മെയിൽ: odatt@aimsinsurance.in