ലോകത്തെ തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരിയിൽനിന്ന്‌ നാം ഒരുപാട് കാര്യങ്ങൾ ഇതിനകംതന്നെ പഠിച്ചുകഴിഞ്ഞു. സുരക്ഷയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിൽ സുരക്ഷിതരായിരിക്കണമെങ്കിൽ ഇനിയുള്ള കാലം നാം ഒട്ടേറെ മാറ്റങ്ങൾ ഉൾക്കൊള്ളണം. ഇവയെ വിദ്യാലയങ്ങൾക്കുള്ള റിസ്കുകൾ, വിദ്യാർഥികൾക്കുള്ള റിസ്കുകൾ, ജീവനക്കാർക്കുള്ള റിസ്കുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

വിദ്യാലയങ്ങളുടെ റിസ്കുകളിൽ ഏറ്റവും പ്രധാനം കെട്ടിടങ്ങളുടെ കാര്യമാണ്. രണ്ടു വർഷത്തിനടുത്തായി പരിചരണം ഇല്ലാതെ കിടക്കുന്ന പല കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിക്കാൻ ഇടയുണ്ട്. ഇവ കണ്ടെത്തി അറ്റകുറ്റപ്പണികൾ ചെയ്ത് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല, കെട്ടിടങ്ങൾ ഇൻഷുർ ചെയ്ത് സുരക്ഷിതമാക്കാനും അധികൃതർ ശ്രദ്ധിക്കണം. കെട്ടിടത്തിനു പുറമെ ഫർണിച്ചർ, ലൈബ്രറി, ലബോറട്ടറി, ഓഫീസ് മുതലായവയും ഇൻഷുർ ചെയ്ത് സുരക്ഷിതമാക്കാവുന്നതാണ്. വിദ്യാർഥികൾ സഞ്ചരിക്കുന്ന സ്ഥാപനത്തിന്റെ വാഹനങ്ങൾ യഥാവിധി ഇൻഷുർ ചെയ്ത് സംരക്ഷിക്കേണ്ടതും സ്ഥാപനത്തിന്റെ കടമയാണ്.

വിദ്യാർഥികൾക്കുള്ള റിസ്കുകൾക്കാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്. വിദ്യാഭ്യാസത്തിനായി എത്തുന്ന കുട്ടികൾക്ക് അസുഖം, അപകടം എന്നിവ വരുമ്പോൾ ഏറ്റവും അടുത്ത ആശുപത്രിയിൽനിന്ന്‌ ചികിത്സ നൽകേണ്ട ചുമതല വിദ്യാഭ്യാസ സ്ഥാപനത്തിന്റേതാണ്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ഇപ്പോൾ ഇതിനായി പ്രത്യേക ഫണ്ടോ, സംവിധാനമോ ഇല്ലെന്നു പറയാം. എന്നാൽ, വിദ്യാർഥികളെ ഇൻഷുർ ചെയ്യുകയും ഒപ്പംതന്നെ ഏറ്റവുമടുത്തുള്ള നല്ലൊരു ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യാവുന്നതാണ്.

രക്ഷിതാക്കളുടെ ദേഹവിയോഗം മൂലം ഭാവി പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നമുക്കിടയിലുണ്ട്. ഇതിനുള്ള പരിഹാരവും ഇൻഷുറൻസിലുണ്ട്. ഇതിനായി കുട്ടികളിൽനിന്ന്‌ ചെറിയൊരു ഫീസ് ഈടാക്കി, വിദ്യാർഥികളുടെ സുരക്ഷിതത്വവും ഒപ്പംതന്നെ ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിഹാരവും കണ്ടെത്താൻ കഴിയും.

സുരക്ഷിതരായ ജീവനക്കാർ ഏതൊരു സ്ഥാപനത്തിനും മുതൽക്കൂട്ടായിരിക്കും. വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാർക്കും പല തരത്തിലുള്ള അസുഖങ്ങളും പകർച്ചവ്യാധികളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവർക്കായി ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയാൽ, ചുരുങ്ങിയ ചെലവിൽ ഇവ കവർ ചെയ്യാനും ഒപ്പംതന്നെ ഭാവി ചികിത്സാ ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാനും കഴിയും. തൊഴിലുടമ എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയും ഉണ്ട്.

കാലം മാറി. സുരക്ഷയുടെ കാര്യത്തിൽ പഴയ പോലെ നീങ്ങിയാൽ പലവിധ റിസ്കുകളും സ്ഥാപനത്തിന് വലിയ ബാധ്യതകളായി മാറും.

മാത്രമല്ല, ഇത്തരം റിസ്കുകൾക്ക് വലിയ വില നൽകേണ്ടതായും വന്നേക്കാം. ചുരുങ്ങിയ ചെലവിൽ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ ഇതിനായി ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളൂ. ഇതിനായി വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും നാമമാത്രമായ തുക നൽകിയാൽ മികച്ച പോളിസികൾ എടുക്കാനാവും. തന്മൂലം വിദ്യാഭ്യാസ സ്ഥാപനത്തിന് മൊത്തത്തിൽ സുരക്ഷാ കവചം ഒരുക്കാനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്.

ഏതൊരു രക്ഷിതാവിനും അവരുടെ കുട്ടികളെ സുരക്ഷിതമായൊരു സ്ഥാപനത്തിലേക്ക് അയയ്ക്കാൻ താത്പര്യമുണ്ടാവും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രക്ഷാധികാരികളും ഒപ്പംതന്നെ രക്ഷിതാക്കളും മുൻകൈ എടുക്കേണ്ടതുണ്ട്.