യുർവേദ ചികിത്സാ വിധികളെക്കുറിച്ചും ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും കേന്ദ്ര ‘ആയുഷ്’ മന്ത്രാലയം ഈയിടെ സർക്കുലർ പുറത്തിറക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികൾ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ്‌ (എൻ.എ.ബി.എച്ച്.) അംഗീകരിച്ച ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ചികിത്സിച്ചാൽ ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

സംസ്ഥാന സർക്കാർ അംഗീകരിച്ചതും 15 പേരെ കിടത്തി ചികിത്സിക്കാവുന്നതും ചുരുങ്ങിയത് അഞ്ച് ഡോക്ടർമാരും അതിനനുസൃതമായ യോഗ്യതയുള്ള ചികിത്സ ചെയ്യാനുള്ള ജീവനക്കാരും കൃത്യമായ രോഗവിവര റെക്കോഡുകൾ പാലിക്കുന്നതുമായ ആശുപത്രിയിലും ആനുകൂല്യം ലഭിക്കും.

 ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയായ ഐ.ആർ.ഡി.എ. ആയുർവേദ ഹോസ്പിറ്റലുകളുടെ സംഘടന, ഇൻഷുറൻസ് കമ്പനികൾ എന്നിവ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

ഇൻഷുറൻസ് രംഗത്തെ പൊതുവായ നിയമ പ്രകാരം ചുരുങ്ങിയത് 15 ബെഡ് ഉള്ള ആശുപത്രികളിൽ ചെയ്യുന്ന ചികിത്സകൾക്കാണ്, അലോപ്പതിയിലടക്കം ഇൻഷുറൻസ് ലഭിക്കുക. ഇത്‌ ആയുർവേദ ആശുപത്രികൾക്കും ബാധകമാണ്. 

 20 ഓളം വിവിധ തരത്തിലുള്ള അസുഖങ്ങളും അസുഖങ്ങളുമായി ബന്ധപ്പെട്ട ചികിത്സാവിധികളും ചികിത്സ വേണ്ടിവരുന്ന കാലാവധിയും വ്യക്തമാക്കിയിട്ടുണ്ട്. നടുവേദന, കഴുത്തുവേദന, പക്ഷാഘാതം, കൈ ഉയർത്താനാകാതെ വരുന്ന രോഗം, ശ്വാസതടസ്സം, ഞരമ്പു സംബന്ധമായ അസുഖങ്ങൾ, മുഖം/വായ കോടിപ്പോകുന്ന വാതരോഗം, വാതരക്തം, ആമവാതം, സർവാംഗ വാതം, സന്ധിവാതം, ത്വക്ക്‌രോഗങ്ങൾ, അർശസ്സ്, ഭഗന്തരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, മാംസക്ഷയം, കാഴ്ചത്തകരാറുകൾ, തലവേദന, ഒടിവുചതവുകൾ മുതലായ രോഗങ്ങൾ ഇതിലുൾപ്പെടുന്നു. 

 ഓരോ ചികിത്സാ ക്രമത്തിനും (കിഴി, പിഴിച്ചിൽ മുതലായവ) വേണ്ടിവരുന്ന ചെലവുകൾ (അർശസ് മുതലായവയിൽ ഉപയോഗിക്കുന്ന ക്ഷാരസൂത്ര ചികിത്സ, ക്ഷാരകർമ ചികിത്സ എന്നിവയിൽ മൊത്തം ചികിത്സയുടെ പാക്കേജ് നിരക്ക്) വെവ്വേറെ കൊടുത്തിട്ടുണ്ട്. ഈ ചെലവുകളെ അടിസ്ഥാനപ്പെടുത്തിയാവണം ചികിത്സാ ചെലവുകൾ ഇനിമുതൽ ഇൻഷുറൻസ് കമ്പനികൾ / തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർ നൽകേണ്ടത്.

 ചികിത്സയിൽ റൂം വാടക, ഡോക്ടർ-പാരാ മെഡിക്കൽ-നഴ്‌സിങ് ചാർജുകൾ, രോഗ നിർണയത്തിനുള്ള ചെലവുകൾ, മരുന്ന്, ചികിത്സ ചെയ്യുന്നവർക്കുള്ള ചെലവ് മുതലായവ ഉൾപ്പെടുന്നു. 

ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ ചെയ്യുന്നവർക്ക് മാത്രമേ ചികിത്സാ ചെലവ് ലഭിക്കുകയുള്ളു. ഈ തുകയിൽ മരുന്നുകൾ, ഡോക്ടർ-നഴ്‌സ്-തെറാപ്പിസ്റ്റ് മുതലായവരുടെ വേതനം, ചികിത്സയ്ക്കാവശ്യമായ സാധന സാമഗ്രികളുടെ ചെലവ്, മുറി വാടക, ഉപകരണങ്ങളും മുറിയും വൃത്തിയാക്കുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്നു. രോഗി താമസിക്കുന്ന മുറിയുടെ വാടക ഇൻഷുറൻസ് പോളിസി നിയമത്തിനനുസരിച്ച് പ്രത്യേകമായി വാങ്ങാവുന്നതാണ്.

മെട്രോപോളിറ്റൻ നഗരങ്ങളിലുള്ള എൻ.എ.ബി.എച്ച്. അംഗീകാരമുള്ള ആശുപത്രികളിൽ ചികിത്സ ചെയ്യുമ്പോൾ സർക്കാർ പ്രസിദ്ധീകരിച്ച അടിസ്ഥാന നിരക്കിനെക്കാൾ 25 ശതമാനം തുക അധികമായി ലഭിക്കുന്നതിനും വ്യവസ്ഥ ചെയ്തിരിക്കുന്നു.

നിലവിലുള്ള ഇൻഷുറൻസ് കമ്പനികളിൽ വളരെ കുറച്ചു മാത്രമേ ആയുർവേദ ചികിത്സ കവർ ചെയ്യുന്ന പോളിസികൾ നൽകുന്നുള്ളു. അതിനും പരിധികളും പരിമിതികളും ഉണ്ട്. എന്നാൽ, ആയുർവേദത്തിനുള്ള പരിധികൾ എടുത്തുമാറ്റി പുതിയ പോളിസികൾ വിപണിയിൽ ഇനിയും വരേണ്ടതുണ്ട്. ഇതിനായി ഇൻഷുറൻസ് കമ്പനികൾ മുൻകൈ എടുത്താൽ കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം വർധിക്കുകയും ചെയ്യും. 

 ഇതു കൂടാതെ, ഗ്രൂപ്പുകളായി ഇൻഷുർ ചെയ്യുമ്പോൾ ആയുർവേദ കവറേജ് കൂടി ഉൾപ്പെടുത്തുന്നതും കൂടുതൽ ആളുകളെ ഇത്തരം പോളിസികൾ എടുക്കാൻ താത്പര്യം വർധിപ്പിക്കും.

ആയുർവേദ ചികിത്സ കൂടുതൽ പ്രചാരം നേടുമ്പോൾ സ്വാഭാവികമായും കൂടുതൽ ചികിത്സാ ചെലവുകൾ തീർപ്പാക്കാൻ തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാർക്ക് കഴിയണം. ഇതിനായി ‘ആയുഷ്’ നിഷ്കർഷിക്കുന്ന ചികിത്സകൾ, അതിന് വേണ്ടിവരുന്ന ചെലവുകൾ എന്നിവയെക്കുറിച്ച് ശരിയായ അറിവും ഉണ്ടായിരിക്കണം. പ്രത്യേകിച്ചും ആയുർവേദ ഡോക്ടർമാർ ഉള്ള ടി.പി.എ. കമ്പനികൾക്ക് ക്ലെയിം തീർപ്പാക്കൽ കൂടുതൽ എളുപ്പമായിരിക്കും. ആയുർവേദ ആശുപത്രികളെ അംഗീകൃത പാനലിൽ ഉൾപ്പെടുത്തുക എന്ന കടമ്പ കൂടി ഇക്കൂട്ടർ ചെയ്തുതീർക്കേണ്ടതുണ്ട്.

 കേരളത്തെ സംബന്ധിച്ചിടത്തോളം ആയുർവേദ ചികിത്സയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിത്. മാത്രമല്ല, വളരെ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികൾക്ക് വരുംവർഷങ്ങളിൽ കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കാനും തന്മൂലം ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

ആയുഷ് നിഷ്കർഷിക്കുന്നതു പോലെ ഒന്നുകിൽ എൻ.എ.ബി.എച്ച്. അംഗീകാരം നേടുകയോ, അതല്ലെങ്കിൽ, ആശുപത്രിയെ ഇൻഷുറൻസ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കുകയോ ചെയ്യണം. 

 ആശുപത്രിയിൽ ഇൻഷുറൻസ് ക്ലെയിമിനായി വരുന്നവർക്ക് ശരിയായ സേവനം നൽകാൻ പരിചയ സമ്പരായ ആളുകളും വേണം. അതായത്, പോളിസികളെക്കുറിച്ചും കവർ ചെയ്യുന്നതും ചെയ്യാത്തതുമായ അസുഖങ്ങളെക്കുറിച്ചുമുള്ള അറിവും ക്ലെയിം നടപടിക്രമങ്ങൾക്ക് വേണ്ട രേഖകൾ എന്നിവ ചിട്ടപ്പെടുത്താൻ പ്രാപ്തരായിരിക്കണം ഇക്കൂട്ടർ. ആയുർവേദ ചികിത്സ ചെയ്യുന്നതുമൂലം അസുഖം ഭേദമാകുന്നതിന് പുറമെ, ശരീരത്തിന് മൊത്തത്തിൽ ആരോഗ്യം വീണ്ടെടുക്കാവുന്ന അവസ്ഥകൂടി ഉള്ളതിനാൽ ഈ രംഗത്ത് വൻ മുറ്റേമാണ് ഉണ്ടാവുക. 

(പ്രമുഖ ഇൻഷുറൻസ് വിദഗ്ധനും തൃശ്ശൂർ ആസ്ഥാനമായ എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ)

ഇ-മെയിൽ: odatt@aimsinsurance.in