സ്റ്റേറ്റ് ബാങ്ക് ലയനം യാഥാർത്ഥ്യമായതോടെ, രാജ്യത്തെ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ സംയോജനത്തിന് കേന്ദ്രം നീക്കം തുടങ്ങി. ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ എന്നീ കമ്പനികളാണ് ലയിപ്പിക്കുന്നത്. പൊതുമേഖലയിലെ തന്നെ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയെ സ്വതന്ത്രമായി നിലനിർത്തും. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.)യ്ക്ക് മുന്നോടിയായാണ് മൂന്നു കമ്പനികളെ സംയോജിപ്പിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ചർച്ചകൾ തുടങ്ങി. 

ലയനം യാഥാർത്ഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനിയായി അതു മാറും. മൂന്നു കമ്പനികളുടെയും കൂടി വിപണിവിഹിതം ഏതാണ്ട് 35 ശതമാനം വരും. മൂന്നിന്റെയും കൂടി വാർഷിക പ്രീമിയം വരുമാനമാകട്ടെ, ഏതാണ്ട് 33,000 കോടി രൂപയാണ്. 22,000 കോടി രൂപ വിപണി വിഹിതമുള്ള ന്യൂ ഇന്ത്യ അഷുറൻസാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനി. 

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഐ.പി.ഒ.യ്ക്കായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ റീ ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജി.ഐ.സി.)യുടെ ഐ.പി.ഒ. നടപടികളും തുടങ്ങി. ജി.ഐ.സി. ഉൾപ്പെടെ അഞ്ചു കമ്പനികളുടെയും ഓഹരി വിറ്റഴിക്കാൻ ഇക്കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഓഹരി വില്പനയിലൂടെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനാണ് നീക്കം. 

എന്നാൽ, ഓറിയന്റൽ, നാഷണൽ ഇൻഷുറൻസ് എന്നിവയ്ക്ക് സോൾവൻസി അനുപാതം റെഗുലേറ്ററി മാനദണ്ഡമായ 1.5 ശതമാനത്തെക്കാൾ താഴെയാണ്. ഈ സാഹചര്യത്തിലാണ് ഇവയെ യുണൈറ്റഡ് ഇന്ത്യയുമായി ലയിപ്പിക്കുന്നത്. 

ഇൻഷുറൻസ് കമ്പനികൾക്ക് മൊത്തം ക്ലെയിം തുക (ബാധ്യത)യുടെ 1.5 മടങ്ങ് ആസ്തിയായി വേണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) നിഷ്‌കർഷിക്കുന്നത്. അതായത്, 100 രൂപയുടെ ക്ലെയിമുണ്ടെങ്കിൽ 150 രൂപ ആസ്തിയായി വേണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ സോൾവൻസി അനുപാതം ഓറിയന്റലിന് 1.1 ശതമാനവും നാഷണൽ ഇൻഷുറൻസിന് 1.26 ശതമാനവുമാണ്.

അതേസമയം, യുണൈറ്റഡ് ഇന്ത്യ 1.56 ശതമാനം സോൾവൻസിയുമായി മാനദണ്ഡത്തിന് തൊട്ടുമുകളിലുണ്ട്. സോൾവൻസി അനുപാതം ഉയർത്താതെ ഓഹരികൾ വിപണിയിലിറക്കിയാൽ വേണ്ടത്ര മൂല്യം ലഭിക്കില്ലെന്ന് ഉറപ്പാണ്. മാത്രമല്ല, സോൾവൻസി ഉയർത്താതെ ഐ.പി.ഒ.യ്ക്ക് ഐ.ആർ.ഡി.എ.ഐ. അനുമതി നൽകിയേക്കില്ല. 

മൂന്നും തമ്മിൽ ലയിപ്പിക്കുന്നതോടെ ശക്തമായ കമ്പനിയായി അതു മാറും. തുടർന്ന്, വിപണിയിലേക്ക് ഇറങ്ങിയാൽ ഉയർന്ന ആസ്തിമൂല്യം കൈവരിക്കാനാകും. 

2004-ൽ തന്നെ ഇത്തരത്തിലൊരു ലയനനീക്കമുണ്ടായതാണെങ്കിലും ഇതുവരെ അത് യാഥാർത്ഥ്യമായില്ല. ഇതിനിടെ, സ്വകാര്യ കമ്പനികൾ വിപണി പിടിക്കാൻ തുടങ്ങിയതോടെ മത്സരം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ദുർബലമായ മൂന്നു കമ്പനികളെ സംയോജിപ്പിച്ച് വലിയൊരു പ്രസ്ഥാനം രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ പരാജയസാധ്യത കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

ലയനം ഏതു തരത്തിലായിരിക്കുമെന്നോ എപ്പോൾ ഉണ്ടാകുമെന്നോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കമ്പനികൾ പരസ്യമായി പ്രതികരിച്ചിട്ടുമില്ല.

ഇ-മെയിൽ: roshan@mpp.co.in