രോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ രോഗങ്ങളിൽനിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, നമുക്ക് ഏതുതരം പോളിസി എത്രത്തോളം തുകയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. ഇതിനു പുറമെ വ്യക്തികൾക്ക് വ്യക്തിഗത പോളിസിയും ഗ്രൂപ്പിലെ മെമ്പർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും എടുക്കാവുന്നതാണ്.

തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

• കവർ ചെയ്യുന്ന അസുഖങ്ങൾ

• കവർ ചെയ്യാത്ത അസുഖങ്ങൾ (പോളിസിയുടെ ആദ്യത്തെ നാലു വർഷങ്ങളിൽ)

• കോ-പേയ്‌മെന്റ് (പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവ്)

• സബ് ലിമിറ്റ് (ചില അസുഖങ്ങൾക്ക് ചികിത്സാ ചെലവിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക)

• ആശുപത്രി മുറിവാടകയുടെ പരിധി (പോളിസിയിൽ ഉള്ള പരിധിയെക്കാൾ കൂടിയ തുക വന്നാൽ മൊത്തം ചികിത്സാ ചെലവ് ആനുപാതികമായി വെട്ടിച്ചുരുക്കുന്ന രീതി)

• മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി

• ആയുഷ് കവർ

• നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി

• സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ

പ്രീമിയം ലാഭിക്കാൻ ടോപ് അപ്പ്‌

അടയ്ക്കേണ്ട പ്രീമിയം നിരക്ക് പഠിച്ച ശേഷം മാത്രമേ പോളിസി എടുക്കാവൂ. ഇൻഷുർ ചെയ്യേണ്ട തുക നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എടുക്കാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചെലവിന്റെ കാര്യം മറക്കരുത്. മാത്രമല്ല അടിസ്ഥാനപരമായി ഒരു ഫാമിലി ഫ്ളോട്ടർ എടുക്കുന്ന ആൾക്ക് ഇൻഷുർ ചെയ്ത തുക കൂട്ടാനായി ഒരു ടോപ് അപ്പ്‌ പോളിസി എടുക്കുന്നതാണ് പ്രീമിയം ലാഭിക്കാൻ ഏറ്റവും നല്ല മാർഗം. അതായത് മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിക്ക് അടയ്ക്കേണ്ട പ്രീമിയത്തെക്കാൾ കുറഞ്ഞ നിരക്കിൽ 10 ലക്ഷം രൂപയ്ക്കുള്ള ഒരു ടോപ് അപ്പ്‌ പോളിസി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, 10 ലക്ഷത്തിന്റെ ടോപ് അപ്പ്‌ പോളിസിയിൽ ആദ്യത്തെ മൂന്നു ലക്ഷം രൂപയ്ക്കുള്ള ആശുപത്രി ചെലവ് അടിസ്ഥാന പോളിസിയിൽ നിന്നായിരിക്കും ലഭ്യമാവുക.

ഇന്ന് പലരും ഓരോ തരം അസുഖങ്ങൾക്കും വെവ്വേറെ പോളിസി എടുക്കുന്നതായി കണ്ടുവരുന്നു (ഉദാ: കാൻസർ കെയർ പോളിസി, കൊറോണ പോളിസി മുതലായവ).

എന്നാൽ, ആയിരക്കണക്കിന് അസുഖങ്ങളുള്ള നമ്മുടെ ലോകത്ത് ഒന്നോ, രണ്ടോ അസുഖങ്ങൾ കവർ ചെയ്യുന്ന പോളിസിക്ക് നൽകുന്ന തുക ആനുപാതികമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മറ്റ് ഏത് അസുഖം പിടിപെട്ടാലും കുറച്ച് കൂടിയ പ്രീമിയം തുക അടച്ച് എല്ലാ റിസ്കുകളും കവർ ചെയ്യുന്ന പോളിസി എടുക്കാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവാനിടയുണ്ട്.

പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ അവരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കും. പക്ഷേ, റിട്ടയർ ചെയ്ത ശേഷം പുതുതായി ഒരു പോളിസി എടുക്കുന്നതിനെക്കാൾ ഉചിതം റിട്ടയർമെന്റിന് രണ്ടോ, മൂന്നോ വർഷം മുമ്പുതന്നെ ഒരു പോളിസി എടുത്താൽ റിട്ടയർമെന്റ് കഴിഞ്ഞ ഉടനെ തന്നെ നിലവിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുന്ന പോളിസി സ്വന്തമാക്കാവുന്നതേയുള്ളു.

പോളിസി ഏതു കമ്പനിയിൽ നിന്ന്?

വിവിധ കമ്പനികളുടെ കഴിഞ്ഞ കാലങ്ങളിലെ ക്ലെയിം തീർപ്പാക്കിയതിന്റെ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ 90 ശതമാനത്തിൽ കൂടുതലുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. അതോടൊപ്പംതന്നെ പ്രാദേശികമായി നമുക്ക് പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങൾ സമയബന്ധിതമായി കിട്ടുമെന്ന് ഉറപ്പുവരുത്തണം.

പോളിസിയുടെ വിശദ വിവരങ്ങൾ ശരിയായി മനസ്സിലാക്കണം. അതോടൊപ്പംതന്നെ നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ശരിയായ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകുകയും വേണം. പ്രത്യേകിച്ചും നിലവിലുള്ള അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാൽ അത് ഭാവിയിൽ നമുക്ക് ലഭിക്കേണ്ട ചികിത്സാ ചെലവുകളെ ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് പോളിസികൾ ശരിയായി പഠിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

odatt@aimsinsurance.in