ബാങ്ക് നിക്ഷേപം സുരക്ഷിതമാണോ? ആണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപിച്ച പണം മുഴുവന്‍ തിരികെ ലഭിക്കുമോയെന്നകാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. 

ബാങ്ക് നിക്ഷേപത്തിന്മേലുള്ള പരിരക്ഷ 12 ഇരട്ടിയായെങ്കിലും ഉയര്‍ത്തണമെന്ന് നിര്‍ദിഷ്ട ഇന്‍ഷുറന്‍സ് ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 90 ശതമാനം നിക്ഷേപങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നതിനാണിത്. 

നിക്ഷേപത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പ്രകാരം ഒരു ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുക. അതായത് 10 ലക്ഷം നിക്ഷേപിച്ചവര്‍ക്കും 50 ലക്ഷം നിക്ഷേപിച്ചവര്‍ക്കും ആകെ തിരിച്ചുകിട്ടുക ഒരു ലക്ഷം രൂപ മാത്രം. 

1961 ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് ഈതുക നിക്ഷേപകന് തിരിച്ചുകിട്ടുക. 25 വര്‍ഷം മുമ്പ് നിശ്ചയിച്ച നിക്ഷേപ പരിരക്ഷ തുകയാണ് ഇപ്പോഴും തുടരുന്നത്. 

ആര്‍ബിഐയുടെ കണക്കുപ്രകാരം നിക്ഷേപത്തിന്റെ മൂല്യം കണക്കാക്കുമ്പോള്‍ 30 ശതമാനം നിക്ഷേപത്തിനുമാത്രമാണ് ഇതുപ്രകാരം നിലവില്‍ പരിരക്ഷയുള്ളത്. അതായത് 2017 മാര്‍ച്ചിലെ കണക്കുപ്രകാരം 30 ലക്ഷം കോടി തുകയുടെ നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്. 

100 രൂപയുടെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പത്ത് പൈസയാണ് ബാങ്കുകള്‍ക്ക് ചെലവ്. പരിരക്ഷ ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ തുക ഇതിനായി ബാങ്കുകള്‍ക്ക് നീക്കിവെയ്‌ക്കേണ്ടിവരും. 

2016 മാര്‍ച്ചിലെ കണക്കുപ്രകാരം 97 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും 15 ലക്ഷമോ അതില്‍താഴെയോ തുകയാണ് നിക്ഷേപമുള്ളത്. അതായത് ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന്റെ 45 ശതമാനത്തോളംവരുമിത്. ബാക്കിയുള്ള 55 ശതമാനം അക്കൗണ്ടുകളിലും 15 ലക്ഷത്തിന് മുകളിലാണ് നിക്ഷേപമുള്ളത്. അതില്‍തന്നെ 38 ശതമാനം നിക്ഷേപവും ഒരുകോടി രൂപയ്ക്ക് മുകളിലാണ്. 

1993 ലാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സിന്റെ പരിധി ഒരു ലക്ഷമായി നിശ്ചയിച്ചത്. അന്ന് 90 ശതമാനം സ്ഥിര നിക്ഷേപ അക്കൗണ്ടുകളിലും ഒരു ലക്ഷമോ അതില്‍ താഴെയോ ആയിരുന്നു നിക്ഷേപം. നിലവിലുള്ള ഒരു ലക്ഷം രൂപയെന്ന പരിരക്ഷ തുക 15 ലക്ഷമെങ്കിലും ആക്കിയാലെ നിലവില്‍ 90 ശതമാനം പേര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുകയുള്ളൂ.