രോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതേക്കുറിച്ചുള്ള സംശയങ്ങള്‍ തീരാത്തവരുണ്ടാവില്ല. വിവിധ പോളിസികളും അവയിലെ ഉപാധികളും വായിച്ചുമനസിലാക്കി തിരഞ്ഞെടുക്കാന്‍ ആര്‍ക്കും കഴിയില്ല. അത്രയും സങ്കീര്‍ണമാണ് കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍. ക്ലെയിം ചെയ്യുമ്പോള്‍ അറിയാം എന്തൊക്കെയായിരുന്നു ഉപാധികള്‍ എന്ന്!

കുടുംബവുമായി ജീവിക്കുന്നവര്‍ക്ക് ഏറെ പരിചിതമാണ് ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. വ്യക്തിഗത പോളിസികളാണോ ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളാണോ ഇത്തരക്കാര്‍ യോജിച്ചത്?  അതേക്കുറച്ച് പരിശോധിക്കാം. 

ചെലവ്
ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന കുടുംബമാണെങ്കില്‍ ഫാമിലി ഫ്‌ളോട്ടര്‍ എടുക്കുന്നതാകും ലാഭകരം. നാലംഗങ്ങളുള്ള കുടുംബമാണെങ്കില്‍ പങ്കാളിക്ക് 35നും 33നും ഇടയിലാണ് പ്രായമെങ്കില്‍ (കുട്ടികള്‍ക്ക് അഞ്ചും രണ്ടും വയസ് പ്രായമാണെങ്കില്‍) പത്ത് ലക്ഷം രൂപയുടെ കവറേജിന് 21,500 രൂപയോളം മുടക്കിയാല്‍ മതിയാകും. അതേസമയം, വ്യക്തിഗത പോളിസിയാകുമ്പോള്‍ 34,000 രൂപയോളം ചെലവ് വരും. 

പരിരക്ഷ
പരിരക്ഷയുടെ കാര്യത്തിലും ഫാമിലി ഫ്‌ളോട്ടര്‍തന്നെയാണ് മികച്ചത്. വ്യക്തിഗത പോളിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ തുകയ്ക്ക് കുടുംബത്തിന് മൊത്തം പരിരക്ഷ ഉറപ്പാക്കാനാകും. നേരത്തെ വ്യക്തമാക്കിയതുപോലെ 21,500 രൂപയ്ക്ക് പത്ത് ലക്ഷത്തിന്റെ പരിരക്ഷ കുടുംബത്തിന് മൊത്തമായി ലഭിക്കും. 

കവറേജിലെ പരിമിതി
പത്ത് ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയെടുത്താല്‍ ഒരു വര്‍ഷത്തേയ്ക്ക് കുടുംബത്തിന് മൊത്തമായുള്ള പരിരക്ഷാ തുകയായിരിക്കുംഅത്. ആര്‍ക്കെങ്കിലും അസുഖംവന്ന് രണ്ട് ലക്ഷംരൂപ ചെലവായാല്‍ കുടുംബത്തിലെ ബാക്കിയുള്ള അംഗങ്ങള്‍ക്ക് ലഭിക്കുക ബാക്കിയുള്ള എട്ട് ലക്ഷത്തിന്റെ പരിരക്ഷമാത്രമായിരിക്കും. അതേസമയം, വ്യക്തിഗത പോളിസിയില്‍ ഓരോ വ്യക്തിക്കും പ്രത്യേകമായി പരിരക്ഷലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞ വാര്‍ഷിക പരിരക്ഷ(മൂന്ന് ലക്ഷവും മറ്റും)യ്ക്ക് പോളിസിയെടുക്കുന്നവര്‍ക്ക് അത് ഗുണകരമായെന്നുവരില്ല. 

പ്രായ വ്യത്യാസം
ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത പരിരക്ഷാ പ്ലാനുകള്‍ ചെലവേറിയതാണ്. എന്നാല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായത്തില്‍ വലിയ വ്യത്യാസം ഇല്ലെങ്കില്‍ ചെലവ് കുറയും. അതായത് ഭര്‍ത്താവിന് പ്രായംകൂടുതലും ഭാര്യയ്ക്ക് പ്രായം വളരെ കുറവുമായാല്‍ വ്യക്തിഗത പോളിസികളാകും നല്ലത്. മുതിര്‍ന്നയാളുടെ പ്രായം പ്രധാനമായും അടിസ്ഥാനമാക്കിയാണ് ഫാമിലി ഫ്‌ളോട്ടറിലെ പ്രീമിയം നിശ്ചിയിക്കുന്നത്.