രോഗ്യ ഇൻഷുറൻസ് പോളിസികളിൽ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടുന്നില്ല എന്ന പരാതികൾ ധാരാളമാണ്. അർഹമായ ക്ലെയിം തുക കിട്ടാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ഏതൊരു പോളിസിയിലും കവർ ചെയ്യാത്ത റിസ്കുകൾക്ക് ക്ലെയിം ലഭിക്കില്ല. ആദ്യമായി പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങൾക്ക് 24 മുതൽ 48 മാസം വരെ കാത്തിരുന്നാലെ ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ. പോളിസിയിൽ ചേർന്ന് ആദ്യ 30 ദിവസം പിടിപെടുന്ന അസുഖങ്ങൾ, ഒന്നു മുതൽ നാലുവർഷം വരെ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങൾ എന്നിവയും ഇതിൽ പെടുന്നു.

പോളിസിയിൽ പറയുന്ന മുറിവാടകയെക്കാൾ കൂടുതൽ നിരക്കിലുള്ള മുറിയെടുത്ത് ചികിത്സിച്ചാലും നമുക്കു കിട്ടേണ്ട ക്ലെയിം തുക ആനുപാതികമായി കുറയാനിടയുണ്ട്. ചില പോളിസികളിൽ ചില പ്രത്യേക അസുഖങ്ങൾക്ക് ചികിത്സാ ചെലവുകൾ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനെക്കാൾ കൂടിയ നിരക്കിൽ ചികിത്സിച്ചാലും നമുക്ക് നഷ്ടമുണ്ടാകും. ഇതിനെ ‘സബ് ലിമിറ്റ്’ എന്നാണ് പറയുന്നത്. മറ്റു ചില പോളിസിയിലാകട്ടെ, ചികിത്സാ ചെലവിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെ ‘കോ പേയ്‌മെന്റ്’ എന്നാണ് പറയുന്നത്.

പോളിസിയിൽ ചേരുന്ന സന്ദർഭത്തിൽ നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകേണ്ടതുണ്ട്. ഇത് നൽകാതിരുന്നാൽ നിലവിലുള്ള അസുഖങ്ങൾക്ക് ഭാവിയിൽ ചികിത്സിക്കേണ്ടി വരികയാണെങ്കിൽ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്. എല്ലാ പോളിസികളിലും ഒരിക്കലും നൽകാൻ കഴിയാത്ത ആശുപത്രി ചെലവുകൾ നിലവിലുണ്ട്. ഇതിനെ ‘പെർമെനന്റ് എക്സ്ക്ലൂഷൻസ്’ എന്നാണ് പറയുന്നത്.

ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സിക്കണം. അതല്ലാതെ ഔട്ട് പേഷ്യന്റായി ചികിത്സിച്ചാൽ കമ്പനികൾ ക്ലെയിം നൽകില്ല. പക്ഷേ, ഡേ കെയർ ചികിത്സാ വിധികൾക്ക് 24 മണിക്കൂർ ആശുപത്രിവാസം ആവശ്യമില്ല. ആശുപത്രി ബില്ലുകൾ, പരിശോധന റിപ്പോർട്ടുകൾ, ഡിസ്ചാർജ് കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഒറിജിനൽ മാത്രമേ ക്ലെയിം നൽകാനായി കമ്പനികൾ സ്വീകരിക്കുകയുള്ളൂ. കമ്പനികൾ നിഷ്കർഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ക്ലെയിം റിപ്പോർട്ട് ചെയ്ത് രേഖകളെല്ലാം സമർപ്പിച്ചിരിക്കണം.

ആശുപത്രികളിൽ ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് വൈദഗ്ധ്യം ഇല്ലെങ്കിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. ക്ലെയിം തീർപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക കുറച്ചു മാത്രം നൽകുന്ന പ്രവണതയും അങ്ങിങ്ങായി കാണുന്നുണ്ട്. ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരുടെ സ്റ്റാഫിന്റെ പിഴവുകൾ പലപ്പോഴും പോളിസി ഉടമയ്ക്ക് വിനയായി വരാറുണ്ട്. അവസാനമായി പോളിസി വിപണനം ചെയ്യുന്നവരും ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകി വിപണനം ചെയ്യുന്നതുമൂലം നഷ്ടങ്ങൾ സംഭവിക്കുന്നത് പോളിസി ഉടമകൾക്കാണ്. അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്പോൾ മുതൽ അതിനെ സസൂക്ഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം.

അർഹമായ തുക കിട്ടാത്ത സാഹചര്യത്തിൽ അതത് ഇൻഷുറൻസ് കമ്പനികളുടെ പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാം. എന്നിട്ടും, നീതി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ഓഫീസിലേക്കോ അതല്ലെങ്കിൽ കൺസ്യൂമർ കോടതിയിലോ പരാതി നൽകാവുന്നതാണ്.

(എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)