ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവ് ചെയ്തതുമായി ബന്ധപ്പെട്ട ലോവര്‍ ടിഡിഎസ്, ടിസിഎസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ജൂണ്‍ 30വരെ നീട്ടി.
കഴിഞ്ഞ ദിവസം ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടതിനെതുടര്‍ന്നാണിത്.
ലോവര്‍ ടിഡിഎസ്, ടിസിഎസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമാണ് ഇത് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.
2019-20 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റിന് ജൂണ്‍ 30വരെ കാലാവധിയുണ്ടാകും. ടിഡിഎസ്, ടിസിഎസ് സര്‍ട്ടിഫിക്കറ്റിനായി ആദായ നികുതി വകുപ്പിന്റെ ട്രേസസ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയവര്‍ക്ക് 2019-20ലെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് ചുരുക്കം. നികുതിദായകരായ പ്രവാസികള്‍ക്കും ഉത്തരവ് ബാധകമാണ്.
In view of the hardships faced by taxpayers due to the Covid-19 pandemic, CBDT issues notification easing the process of issue of certificates for lower rate/nil deduction/collection of TDS or TCS wrt FY 2020-21.#IndiaFightsCorona #StayAtHome #StaySafe pic.twitter.com/WxqHIeiy02
— Income Tax India (@IncomeTaxIndia) March 31, 2020
നികുതി ദായകന്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കില്‍ പരിഷ്‌കരിച്ച നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണെന്നും പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
വൈകിയുള്ള ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട തിയതി ഉള്‍പ്പടെയുള്ളവയുടെ കാലാവധിയും ജൂണ്‍ 30വരെ നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.