എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ 2019ലെ പൂര്‍ണ ബജറ്റിലാണ് എല്ലാവരുടെയും ശ്രദ്ധ. ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുമോ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നെല്ലാമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ജുലായ് അഞ്ചിന് നടക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന പ്രഖ്യാപനങ്ങള്‍ പരിശോധിക്കാം.

നികുതി സ്ലാബിലെ പരിഷ്‌കരണം
2014ലെ ബജറ്റില്‍ പ്രഖ്യാപിച്ച 2.5 ലക്ഷമെന്ന അടിസ്ഥാന ഒഴിവുതന്നെയാണ് ഇപ്പോഴുമുള്ളത്. ഇടക്കാല ബജറ്റില്‍ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് സര്‍ക്കാര്‍ റിബേറ്റ് പ്രഖ്യാപിച്ചുഎന്നുള്ളതാണ് ഇടക്കാല ബജറ്റിലുണ്ടായത്. റിബേറ്റിനുപകരം അടിസ്ഥാന നികുതിയൊഴിവ് പരിധി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ്
80സിപ്രകാരം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി 2014ല്‍തന്നെയാണ് 1.5 ലക്ഷമാക്കിയത്. ഇത് രണ്ടുലക്ഷമെങ്കിലുമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരെ നിക്ഷേപത്തിന് പ്രേരിപ്പിച്ച് രാജ്യത്തെ സമ്പദ്ഘടനയുട വളര്‍ച്ച ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വീട്ടുവാടക അലവന്‍സ്
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് വീട്ടുവാടക അലവന്‍സ് കൂടുതലുള്ളത്. ഈ സ്ഥലങ്ങള്‍ക്കുപുറമെ, ഹൈദരാബാദ്, ബെംഗളുരു, പുണെ, അഹമ്മദാബാദ്, നോയിഡ, ഗുഡ്ഗാവ് എന്നീ നഗരങ്ങളിലും വീട്ടുവാടക ഉയര്‍ന്നതാണ്. ഈ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉയര്‍ന്ന എച്ച്ആര്‍എ അലവന്‍സിന് നികുതിയിളവ് നല്‍കിയേക്കാം.

ഭവനവായ്പ പലിശ
2014ലിലാണ് ഭവന വായ്പ പലിശയ്ക്കുള്ള ഇളവ് പരിധി 2 ലക്ഷമാക്കി ഉയര്‍ത്തിയത്. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ ലക്ഷ്യംകൂടി മുന്‍നിര്‍ത്തി പലിശയ്ക്ക് നല്‍കുന്ന ആദായ നികുതി ഇളവ് പരിധി 2.5 ലക്ഷമെങ്കിലും ആക്കിയേക്കും.

നിക്ഷേപ പലിശ
സേവിങ്‌സ് അക്കൗണ്ടിലുള്ള 10,000 രൂപവരെയുള്ള പലിശയ്ക്ക് നിലവില്‍ ആദായ നികുതി നല്‍കേണ്ടതില്ല. 

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡി, സേവിങ്‌സ് അക്കൗണ്ട് എന്നിവയുടെ പലിശയ്ക്കുള്ള ഇളവ് 50,000 രൂപവരെയാണ്. ചെറുകിട നിക്ഷേപകരെ പരിഗണിച്ച് 10,000 രൂപയില്‍നിന്ന് 25,000 രൂപയിലേയ്ക്ക് ഇളവ് വര്‍ധിപ്പിച്ചേക്കാം.